*ദേവിയെ പാടി കുടിയിരുത്തി; ആറ്റുകാലിൽ ഉത്സവം തുടങ്ങി*

തിരുവനന്തപുരം: ഭക്തരുടെ മനമുരുകിയ പ്രാർഥനാ വിശുദ്ധിയിൽ കാപ്പുകെട്ടോടെ ആറ്റുകാൽ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന് തുടക്കമായി. കുംഭത്തിലെ കാർത്തിക നക്ഷത്രമായ ബുധനാഴ്ച രാവിലെ 10.50 നാണ് കാപ്പുകെട്ടി കുടിയിരുത്തുന്ന ചടങ്ങ് നടന്നത്. ഇതോടൊപ്പം പുറത്തെ പച്ചപ്പന്തലിൽ തോറ്റംപാട്ടുകാർ ചിലപ്പതികാരത്തിലെ കണ്ണകിയുടെ കഥ പാടിത്തുടങ്ങി. ആദ്യദിവസം ദേവിയെ പാടി കുടിയിരുത്തി കഥ തുടങ്ങുന്നതാണ് ചടങ്ങ്. കണ്ണകിയുടെ വിവാഹവർണനയാണ് രണ്ടാം ദിവസമായ വ്യാഴാഴ്ച പാടുന്നത്. ആടയാഭരണങ്ങൾ അണിഞ്ഞ ദേവിയെ പാട്ടിലൂടെ സ്തുതിക്കും.

ബുധനാഴ്ച രാവിലെ കാപ്പുകെട്ടുന്ന വേളയിൽ ക്ഷേത്രപരിസരത്ത് കൂടിയ ഭക്തർ ദേവീസ്തുതികൾ ഉരുവിട്ടു. അന്തരീക്ഷത്തിൽ ആചാരവെടിയുടെ ശബ്ദമുയർന്നു. 10 നാൾ നീളുന്ന ഉത്സവത്തിന് ഇതോടെ തുടക്കമായി. പഞ്ചലോഹത്തിൽ നിർമിച്ച രണ്ടു കാപ്പുകളാണ് കെട്ടുന്നത്. ക്ഷേത്രം തന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് കാപ്പുകളിലൊന്ന് ഭഗവതിയുടെ ഉടവാളിലും മറ്റൊന്ന് മേൽശാന്തി പി.ഈശ്വരൻനമ്പൂതിരിയുടെ കൈയ്യിലും കെട്ടി. വ്രതശുദ്ധിയോടെ തയ്യാറാക്കുന്ന കാപ്പും കെട്ടാനുള്ള പുറുത്തിനാരും ഒന്നാം പാട്ടുകാരായ നെടിയവിളാകം കുടുംബക്കാർ ക്ഷേത്രത്തിലെത്തിച്ചിരുന്നു.

പുണ്യാഹം തളിച്ച് ശുദ്ധിവരുത്തിയ ശേഷമാണ് തന്ത്രി കാപ്പണിയിച്ചത്. ഉത്സവം കഴിയുന്നതു വരെ മേൽശാന്തി പുറപ്പെടാ ശാന്തിയായി ക്ഷേത്രത്തിൽ തുടരും. 17-ന് പൊങ്കാല കഴിഞ്ഞുള്ള പുറത്തെഴുന്നള്ളത്തിനും മേൽശാന്തി അനുഗമിക്കും. പിറ്റേന്ന് എഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തി കാപ്പഴിക്കുന്നതോടെ ഉത്സവം അവസാനിക്കും. ഉത്സവത്തിന് ദിവസങ്ങൾക്ക് മുൻപു തന്നെ ആറ്റുകാലിലേക്ക് ഭക്തജനപ്രവാഹം തുടങ്ങിയിരുന്നു. വിവിധ കരകളിൽ നിന്നും അലങ്കരിച്ച വിളക്കുകെട്ടുകൾ ബുധനാഴ്ച രാത്രി മുതൽ ക്ഷേത്രത്തിലേക്ക് സാഘോഷം എഴുന്നള്ളിച്ചു തുടങ്ങി.

കുത്തിയോട്ട വ്രതം വെള്ളിയാഴ്ച ആരംഭിക്കും. 17-ന് പൊങ്കാല കഴിഞ്ഞ് വൈകീട്ട് കുത്തിയോട്ടത്തിന് ചൂരൽകുത്ത്. രാത്രി പുറത്തെഴുന്നള്ളത്ത്, മണക്കാട് ശാസ്താക്ഷേത്രത്തിൽ നിന്ന് പിറ്റേന്ന്‌ പകൽ മടക്കിയെഴുന്നള്ളത്ത്. 18-ന് അർധരാത്രി നടക്കുന്ന കുരുതി തർപ്പണത്തോടെ ഇക്കൊല്ലത്തെ ആറ്റുകാൽ ഉത്സവം അവസാനിക്കും.: പള്ളിയുണർത്തൽ 4.30, നിർമാല്യദർശനം 5.00, ഉഷഃപൂജ, ശ്രീബലി 6.40, പന്തീരടിപൂജ 8.30, ഉച്ചപൂജ 11.30, ഉച്ചശ്രീബലി 12.30, നടഅടയ്ക്കൽ 1.00, നടതുറക്കൽ വൈകീട്ട് 5.00, അത്താഴപൂജ, ശ്രീബലി രാത്രി 9.00, ദീപാരാധന 12.00, നടഅടയ്ക്കൽ, പള്ളിയുറക്കം 1.00

ആറ്റുകാലിൽ ഇന്ന്

:അംബ ഓഡിറ്റോറിയം :പ്രസാദ ഊട്ട് രാവിലെ 10.30, ഭക്തിഗാനമേള, തിരുവാതിര, നൃത്തസന്ധ്യ വൈകീട്ട് 5 മുതൽ.

:അംബിക ഓഡിറ്റോറിയം : വീണക്കച്ചേരി, കഥാപ്രസംഗം, ശാസ്ത്രീയനൃത്തം വൈകീട്ട് 5 മുതൽ

:അംബാലിക ഓഡിറ്റോറിയം :ഭക്തിഗാനമേള, പാഠകം രാവിലെ 6 മുതൽ. ഭജന, തിരുവാതിര, ക്ലാസിക്കൽ ഡാൻസ്. വൈകീട്ട് 5 മുതൽ. തെയ്യത്തറ- പടയണി വൈകീട്ട് 6.30