*ജീവിതത്തെക്കാള്‍ വലിയ ജീവിതം അരങ്ങത്തും അഭ്രപാളികളിലുമായി ജീവിച്ചു തീര്‍ത്ത വലിയ കലാകാരി*

ഗ്രാമീണ വിശുദ്ധിയുടെ പ്രതിരൂപം പോലെ, ആടിപ്പാടി നടക്കുന്ന പെണ്‍കൊടി. വിശ്വമഹാകവി രവീന്ദ്രനാഥടാഗോറിന്റെ ഭാവനയില്‍ വിരിഞ്ഞ, നിഷ്‌കളങ്കതയുടെ മൂര്‍ത്തീഭാവമായ 'അപര്‍ണ്ണ'. ആ കഥാപാത്രമായി അഭിനയിക്കാന്‍ അനുയോജ്യയായ ഒരു പെണ്‍കുട്ടിയെ തേടി അന്വേഷിച്ചു വലയുകയായിരുന്നു ചങ്ങനാശേരി ഗീഥാ ആര്‍ട്‌സ് ക്ലബ്ബിന്റെ ഉടമയും നടനുമായ ചാച്ചപ്പനും നാടകകൃത്തും ഗാനരചയിതാവുമായ നെല്‍സണ്‍ ഫെര്‍ണാണ്ടസും. ആ വേഷത്തിന് ആവശ്യമായ രൂപഭാവങ്ങളോ നൃത്തം ചെയ്യാനുള്ള കഴിവോ മിഴിവോ ഉള്ള ആരെയും അവര്‍ക്ക് കണ്ടെത്താനായില്ല. നാടകം തട്ടില്‍ കയറാന്‍ ഇനി അധിക നാളുകളുമില്ല. ടാഗോറിന്റെ ജന്മശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി നാടകം കളിക്കാനുള്ള കേരള സര്‍ക്കാരിന്റെ ഗ്രാന്റ് കിട്ടിയ ഗീഥാ ആര്‍ട്ട്സ് ക്ലബ്ബ്, Sacrifice എന്ന ടാഗോര്‍കൃതി 'ബലി' എന്ന പേരില്‍ അരങ്ങേറാനുള്ള ഒരുക്കങ്ങളെല്ലാം ധൃതഗതിയില്‍ നടത്തി വരുമ്പോഴാണ് ഇങ്ങനെയൊരു പ്രശ്‌നം.

നാടക ക്യാമ്പില്‍ റോഡിനഭിമുഖമായുള്ള മുറിയില്‍ ഇരിക്കുകയായിരുന്ന നെല്‍സണ്‍ ഫെര്‍ണാണ്ടസ് വഴിയിലൂടെ നടന്നുപോകുന്ന ഒരു പെണ്‍കുട്ടിയെ മിന്നായം പോലെയൊന്നു കണ്ടു. രണ്ടുവശത്തേക്കും മുടി പിന്നിയിട്ട, വെളുത്തുമെലിഞ്ഞ ആ കൗമാരപ്രായക്കാരി തന്നെയാണ് ടാഗോറിന്റെ അപര്‍ണ്ണയെന്ന് നെല്‍സണ്‍ അപ്പോള്‍ തന്നെ നിശ്ചയിച്ചു. അസാമാന്യമായ സംഘടനാപാടവമുള്ള ചാച്ചപ്പന്‍ നേരമൊട്ടും കളഞ്ഞില്ല. ചങ്ങനാശ്ശേരി രവി സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫര്‍ അനന്തന്‍ പിള്ള മൂത്തമകള്‍ മഹേശ്വരിയെയും കൂട്ടി അന്ന് വൈകിട്ടു തന്നെ ക്യാമ്പിലെത്തി. കുട്ടി കുറച്ചുനാള്‍ ഒരു ഡാന്‍സ് ട്രൂപ്പിലുണ്ടായിരുന്നു. ഒരു നാടകത്തില്‍ അഭിനയിച്ച പരിചയവുമുണ്ട്. ഇപ്പോള്‍ ടൈപ്പ് പഠിക്കാന്‍ പോകുന്നു. മകള്‍ ഒരു നാടകക്കാരിയാകുന്നതിനോട് അമ്മയ്ക്ക് തീരെ സമ്മതമില്ല.അതുകൊണ്ട് നാടകത്തില്‍ ചേരാന്‍ ബുദ്ധിമുട്ടാണെന്ന വിവരം അനന്തന്‍പിള്ള അറിയിച്ചു.
അഭിനയിക്കേണ്ട, രണ്ട് ഡാന്‍സ് മാത്രം ചെയ്യുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ലല്ലോ. തന്ത്രശാലിയായ ചാച്ചപ്പന്റെ അടവ് ഫലിച്ചു.

'ഒരുനാള്‍ പരമേശ്വരന്‍ സുഖനിദ്ര കൊള്ളുമ്പോള്‍
അറിയാതെ തൃക്കണ്ണ് പൊലിപോലിഞ്ഞേ
അഴകിന്റെ അഴകായി അതില്‍ നിന്നു പിറന്നല്ലോ
അസുരനെ കൊല്ലാനായ് കാളിയമ്മ'

ജോബും ജോര്‍ജ്ജും ചേര്‍ന്ന് ഈണം പകര്‍ന്ന നെല്‍സണ്‍ ഫെര്‍ണാണ്ടസിന്റെ വരികള്‍ക്ക് ഭാവം പകര്‍ന്നുകൊണ്ട് തഞ്ചാവൂര്‍ ഭാസ്‌കര റാവുവിന്റെ നിര്‍ദ്ദേശങ്ങളനുസരിച്ച് പെണ്‍കുട്ടി ചുവടുവെച്ചു. നൃത്തച്ചുവടുകള്‍ക്കനുസരിച്ചുള്ള ഭാവരസങ്ങള്‍ ആ മുഖത്ത് അനായാസം വിരിഞ്ഞു. ഡയലോഗ് പഠിച്ചെടുക്കാന്‍ അവള്‍ കാണിക്കുന്ന ഉത്സാഹവും ഭാവചലനങ്ങളില്‍ പ്രകടമാകുന്ന ചൊടിയും ചുണയും എല്ലാവര്‍ക്കും ഇഷ്ടമായി. മാനുവല്‍ എന്ന നടന്‍ വേഷമിടുന്ന ജയ്സിംഗ് എന്ന കഥാപാത്രത്തോടൊത്തുള്ള പ്രണയരംഗങ്ങള്‍ക്ക് മിഴിവേറെയായിരുന്നു. അഭിനയം ജന്മസിദ്ധമാണെന്നു തെളിയിക്കുന്ന ഭാവപ്രകടനങ്ങളോടെ, ലളിത എന്ന അഭിനേത്രി അങ്ങനെ ബലി എന്ന ടാഗോര്‍ നാടകത്തിലൂടെ പ്രൊഫഷണല്‍ നാടകരംഗത്ത് അരങ്ങേറ്റം കുറിച്ചു....

നൃത്തം ചെയ്യാനും അഭിനയിക്കാനുമൊക്കെയുള്ള ലളിതയെന്ന ഒന്‍പതാം ക്ലാസുകാരിയുടെ ജന്മസിദ്ധമായ കഴിവ് കണ്ടെത്തിയത്, പൂതനാമോക്ഷം ഏകാഭിനയമായി അവതരിപ്പിച്ചു പ്രശസ്തയായ പെരുന്ന ലീലാമണിയാണ്.അവര്‍ അന്ന് സഹകരിച്ചുകൊണ്ടിരുന്ന കലാമണ്ഡലം ഗംഗാധരന്റെ ട്രൂപ്പില്‍ കൊണ്ടുപോയി ലളിതയെ ചേര്‍ത്തു. അഡ്വ.ജനാര്‍ദ്ദനക്കുറുപ്പും ജി ദേവരാജനും കലാമണ്ഡലം ഗംഗാധരനുമെല്ലാം കൂടി കെപിഎസിയുടെ കീഴിലാരംഭിച്ച നൃത്തസംഘം പിന്നീട്, കൊല്ലത്ത് ഇന്ത്യന്‍ ഡാന്‍സ് അക്കാദമി എന്ന പേരില്‍ ഗംഗാധരന്‍ ഒറ്റയ്ക്ക് നടത്തുകയായിരുന്നു. 'നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി'യിലെ മാലയെ അരങ്ങത്ത് അനശ്വരയാക്കിയ സുധര്‍മ്മയായിരുന്നു കലാമണ്ഡലം ഗംഗാധരന്റെ ജീവിതപങ്കാളി.

കരമന ലളിതയുംവിജയലക്ഷ്മി (ഉര്‍വശിയുടെ അമ്മ) യുമൊക്കെ ഡാന്‍സ് ട്രൂപ്പില്‍ ലളിതയുടെ സഹനര്‍ത്തകിമാരായി.രക്തസാക്ഷി കോട്ടാത്തല സുരേന്ദ്രന്റെ ജീവിതവും ചങ്ങമ്പുഴ യുടെ കാവ്യനര്‍ത്തകിയും രമണനും ഷാജഹാന്‍-മുംതാസ് പ്രണയകഥയുമൊക്കെ അവര്‍ നൃത്തനാടകമായി അവതരിപ്പിച്ചു.സുധര്‍മ്മയുടെ ബന്ധുവായ നടി വിജയകുമാരിയേയും ഭര്‍ത്താവായ ഓ മാധവനെയുമൊക്കെ ലളിത അവിടെ വെച്ചാണ് പരിചയപ്പെടുന്നത്. സുധര്‍മ്മ അന്ന് കരുനാഗപ്പള്ളി യിലെ പ്രതിഭാ ആര്‍ട്ട്സ് ക്ലബിന്റെ 'മൂലധനം'നാടകത്തില്‍ നായികയായ ശാരദയുടെ വേഷത്തില്‍ അഭിനയിച്ചു വരികയായിരുന്നു. കവിയൂര്‍ പൊന്നമ്മ, രാജകുമാരി, ശങ്കരാടി, ഡി.കെ.ചെല്ലപ്പന്‍, കാലായ്ക്കല്‍ കുമാരന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.സുധര്‍മ്മയെ നാടകത്തിന് കൂട്ടികൊണ്ടുപോകാനായി വരുമ്പോള്‍ ലളിത ഇവരെയൊക്കെ കാണുകയും പരിചയപ്പെടുകയും ചെയ്യുന്നുണ്ട്.ആയിടയ്ക്കാണ്, കെ പി എ സി വിട്ട ജി ദേവരാജനും ഓ മാധവനും വൈക്കം ചന്ദ്രശേഖരന്‍ നായരുമെല്ലാം കൂടി കൊല്ലത്ത് കാളിദാസകലാകേന്ദ്രം എന്ന പുതിയ സമിതി തുടങ്ങുന്നതും അതില്‍ നായികയുടെ വേഷമഭിനയിക്കാനായി ലീലാമണി ഡാന്‍സ് ട്രൂപ്പ് വിട്ടുപോകുന്നതും.ലളിത താമസിയാതെ ഡാന്‍സ് ട്രൂപ്പിലെ പ്രധാന നര്‍ത്തകിയായി.

ഡാന്‍സ് ട്രൂപ്പിന്റെ പരിപാടിയും കെപിഎസിയുടെ നാടകവും അന്ന് പലയിടത്തും ഒരേ സ്ഥലത്തു തന്നെ ഉണ്ടാകാറുണ്ട്. മിക്കവാറും നൃത്തനാടകം കഴിഞ്ഞിട്ടായിരിക്കും നാടകം. ലളിത മേക്കപ്പ് ഒക്കെ അഴിച്ചുകഴിഞ്ഞാല്‍ വാനില്‍ കയറുന്നതുവരെ സ്റ്റേജില്‍ സൈഡ് കര്‍ട്ടന്റെ പിറകിലിരുന്നു നാടകം കാണും 'പുതിയ ആകാശം പുതിയ ഭൂമി' നാടകമൊക്കെ അങ്ങനെ ലളിത രസിച്ചു കണ്ടു. നാടകത്തില്‍ അഭിനയിക്കണമെന്നും അതും കെപിഎസിയില്‍ തന്നെ ഒരു നടിയാകണമെന്നും അന്നു തൊട്ട് ലളിതയുടെ മനസ്സിനുള്ളില്‍ കൂടു കെട്ടിയ ആഗ്രഹമാണ്.

അങ്ങനെയിരിക്കുമ്പോള്‍ ഒരു ദിവസം ലളിതയ്ക്ക് ഒരു നാടകത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടി. കൊല്ലത്തെ കടപ്പാക്കട ആര്‍ട്ട്സ് ആന്‍ഡ് സ്‌പോര്‍ട്ട്‌സ് ക്ലബ്ബിന്റെ ഉദ്ഘാടനവേളയില്‍ അവതരിപ്പിച്ച ആ നാടകത്തിന് വേണ്ടി ലളിതയെ ആദ്യമായി സാരിയുടുപ്പിച്ചതും അഭിനയത്തിന്റെ ബാലപാഠങ്ങള്‍ പറഞ്ഞു കൊടുത്തു പരിശീലിപ്പിച്ചതും സുധര്‍മ്മയാണ്. അതു കഴിഞ്ഞ് അധികം വൈകാതെ ലളിത കൊല്ലം വിട്ട് ചങ്ങനാശ്ശേരിയിലേക്ക് മടങ്ങി പോയി. നാടകമോഹങ്ങളൊക്കെ ഉള്ളിലൊതുക്കി ടൈപ്പ് പഠിക്കാന്‍ പൊയ്‌ക്കൊണ്ടിരിക്കുമ്പോഴാണ് നെല്‍സണ്‍ ഫെര്‍ണാണ്ടസിന്റെ കണ്ണില്‍ പ്പെടുന്നതും 'ബലി'യിലെ അപര്‍ണ്ണയായി അരങ്ങത്ത് കയറുന്നതും. 'ബലി' കഴിഞ്ഞയുടനെ ഗീഥായുടെ 'ജന്മഭൂമി' എന്ന ഒരു നാടകത്തിലും കൂടി ലളിത വേഷമിട്ടു ഇത്തവണ നായികയുടെ വേഷമായിരുന്നു.പിജെ ആന്റണിയായിരുന്നു നാടകത്തിന്റെ രചനയും സംവിധാനവും.

അപ്പോഴൊക്കെ ലളിതയുടെ മനസില്‍ എങ്ങനെയും കെപിഎസിയില്‍ ചേരണം എന്ന ഒരൊറ്റ ആഗ്രഹമായിരുന്നു. ഓര്‍മ്മ വെച്ച നാള്‍ മുതല്‍ കേള്‍ക്കുന്ന പേര്, കേരളത്തിനകത്തും പുറത്തും പേരുകേട്ട പ്രസ്ഥാനം, അച്ഛന്‍ വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നാടകസമിതി - ലളിത കെപിഎസിയില്‍ ചേരുന്ന ആ ഒരു ദിവസത്തിനായി കാത്തു കാത്തിരുന്നു.അപ്പോഴാണ് ഒരു നാള്‍ എസ്.എല്‍.പുരം സദാനന്ദനും ശങ്കരാടിയും കൂടി ലളിതയെ തിരക്കി ചങ്ങനാശ്ശേരിയില്‍ വീട്ടില്‍ വരുന്നത്.ശങ്കരാടി സെക്രട്ടറിയായ പ്രതിഭാ ആര്‍ട്ട്സ് ക്ലബ്ബ്, എസ് എല്‍ പുരത്തിന്റെ നാടകം കളിക്കുന്നു.അതിലെ നായികാപ്രാധാന്യമുള്ള വേഷമഭിനയിക്കാനായി നൃത്തമൊക്കെ നന്നായി അറിയുന്ന ഒരു നടിയെ വേണം.

കരുനാഗപ്പള്ളി ആസ്ഥാനമായി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കൊല്ലം ജില്ലാക്കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രതിഭ 1950 ല്‍ കൊച്ചിയില്‍ പി.ജെ. ആന്റണിയും മറ്റും ചേര്‍ന്ന് ആരംഭിച്ചതാണ്. ആന്റണിയുടെ 'ഇന്‍ക്വിലാബിന്റെ മക്കള്‍', തോപ്പില്‍ ഭാസിയുടെ 'വിശക്കുന്ന കരിങ്കാലി', 'മൂലധനം' തുടങ്ങിയ നാടകങ്ങള്‍ അവതരിപ്പിച്ച പ്രതിഭ, കെപിഎസിയുടെ സഹോദരനാടകപ്രസ്ഥാനമായിരുന്നു. പ്രതിഭയുടെ പുതിയ നാടകം വാസ്തവത്തില്‍ ഒരു വാശിയുടെ പുറത്ത് ജന്മം കൊണ്ടതാണ്. നേരത്തെതോപ്പില്‍ ഭാസിയാണ് നാടകമെഴുതാമെന്ന് ഏറ്റിരുന്നത്. എന്നാല്‍ അപ്പോള്‍ നേരിടുകയായിരുന്ന ഒരു പ്രതിസന്ധിയെ തരണം ചെയ്യാനായി കെപിഎസിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ആവശ്യപ്പെട്ടതനുസരിച്ച് 'അശ്വമേധം' എന്നു പേരിട്ട ആ നാടകം കെപിഎസിയ്ക്കവതരിപ്പിക്കാന്‍ കൊടുക്കേണ്ടി വന്നു. ഭാസിയോടുള്ള വാശി തീര്‍ക്കാനായി ശങ്കരാടി എസ്.എല്‍.പുരം സദാനന്ദനെ സമീപിച്ച്, അശ്വമേധത്തെ കടത്തി വെട്ടുന്ന ഒരു നാടകം എഴുതാനാവശ്യപ്പെട്ടു. അതാണ് 'കാക്കപ്പൊന്ന്'.

സ്‌നേഹത്തോടും ഒത്തൊരുമയോടും കഴിയുന്ന ഗോവിന്ദന്‍ നായരുടെയും അവിരാച്ചന്റെയും കുടുംബങ്ങള്‍ തമ്മില്‍ മതവിശ്വാസത്തിന്റെ പേരിലുടലെടുക്കുന്ന ചെറിയൊരു പിണക്കം പരസ്പരമുള്ള കടുത്ത പകയിലേക്കും വൈരാഗ്യത്തിലേക്കും നയിക്കുന്നു. എല്ലാം കലങ്ങിത്തെളിഞ്ഞ് രണ്ടു കുടുംബങ്ങളും വീണ്ടും അടുക്കുമ്പോഴേക്കും പല ദുരന്തങ്ങളും സംഭവിച്ചു കഴിഞ്ഞിരുന്നു. കോട്ടയം ചെല്ലപ്പന്‍,ശങ്കരാടി, ഏബ്രഹാം, പറവൂര്‍ ഭരതന്‍,അസീസ്,വഞ്ചിയൂര്‍ രാധ തുടങ്ങിയവരായിരുന്നു നാടകത്തിലെ പ്രധാന അഭിനേതാക്കള്‍.

അവിരാച്ചന്റെ ഇളയ മകള്‍ അമ്മിണിയുടെ വേഷത്തിലേക്കാണ് ലളിതയെ വിളിച്ചത്. ഒരു കിലുക്കാം പെട്ടിയെപോലെ സദാ കലപില കൂട്ടി നടക്കുന്ന അമ്മിണിയ്ക്ക്, ആസൂത്രിതമായി സംഭവിക്കുന്ന ഒരു വെടിക്കെട്ടപകടത്തില്‍ രണ്ടു കണ്ണുകളും നഷ്ടപ്പെടുന്നു.അവളെ പ്രാണന് തുല്യം സ്‌നേഹിക്കുന്ന ഗോവിന്ദന്‍ നായരുടെ ഊമയായ മകന്‍ രാജുവിന്റെ മുഖം മുഴുവനും പൊള്ളലേറ്റു വികൃതമാകുന്നു.ലളിതയ്ക്ക് നന്നായി തിളങ്ങാന്‍ പറ്റുന്ന വേഷമായിരുന്നു അമ്മിണിയുടേത്.എന്നാല്‍ കരുനാഗപ്പള്ളി യിലെ റിഹേഴ്സല്‍ ക്യാമ്പില്‍ ചെന്ന ലളിതയ്ക്ക്,ഗീഥാ യുമായി കരാര്‍ നിലനില്‍ക്കുന്നതിന്റെ പേരിലുള്ള വിലക്ക് കാരണം മടങ്ങിപ്പോരേണ്ടി വന്നു.നിറുത്താതെ എങ്ങലടിച്ചു കരഞ്ഞുകൊണ്ടാണ് കരുനാഗപ്പള്ളി തൊട്ട് ചങ്ങനാശേരി വരെ അന്ന് ലളിത യാത്ര ചെയ്തത്.കെ പി എ സി യില്‍ ചേരാന്‍ കഴിഞ്ഞില്ലെങ്കിലും അവരുടെ സഹോദരസംഘടനയായ പ്രതിഭയിലെങ്കിലും അഭിനയിക്കാമല്ലോ എന്ന മോഹവും തകര്‍ന്നുപോയതിന്റെ പേരിലായിരുന്നു കരച്ചില്‍.ഒടുവില്‍ കരാര്‍ പ്രകാരം അവശേഷിക്കുന്ന ആറുനാടകങ്ങള്‍ കൂടി കളിച്ചു കൊടുത്തതിനു ശേഷം ലളിത ഗീഥാ വിട്ട് പ്രതിഭയിലേക്ക് പോയി 'ബലി'യില്‍ ലളിതയോടൊപ്പം അഭിനയിച്ച മാനുവല്‍ തന്നെയാണ് ഈ നാടകത്തില്‍ രാജുവിന്റെ വേഷമഭിനയിച്ചത്.

'കാക്കപ്പൊന്ന്' അരങ്ങത്ത് വലിയൊരു വിജയമായിരുന്നു.ഓ എന്‍ വി എഴുതി ദേവരാജന്‍ ഈണം പകര്‍ന്ന 'കറുകക്കാട്ടില്‍ മേഞ്ഞു നടന്ന കസ്തൂരി മാനേ...' എന്ന ഗാനത്തിനൊപ്പിച്ചുള്ള ലളിതയുടെ നൃത്തവും ഭാവചലനങ്ങളും കാണികളെ ഏറെ ആകര്‍ഷിച്ചു.പ്രശസ്തരായ ഇത്രയും അഭിനേതാക്കളുടെയിടയില്‍, ലളിതയാണ് നാടകപ്രേമികളുടെ പ്രശംസ ഒരുപാട് നേടിയത്.

വര്‍ഗീയശക്തികളെ ശക്തമായി പരിഹസിക്കുകയും തുറന്നു കാട്ടുകയും ചെയ്യുന്ന നാടകമായിരുന്നതു കൊണ്ട് 'കാക്കപ്പൊന്നി'ന് ധാരാളം എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു.എന്നാല്‍ ആ വര്‍ഷത്തെ മികച്ച നാടകങ്ങളിലൊന്ന് എന്ന നിരൂപകരുടെയും കാണികളുടെയും അംഗീകാരം നേടാന്‍ സാധിച്ചു. നാടകത്തിലെ പ്രധാന നടന്മാരായ കോട്ടയം ചെല്ലപ്പനും ശങ്കരാടിയും പറവൂര്‍ ഭരതനും സിനിമയില്‍ അഭിനയിക്കാന്‍ പോയതു കാരണം നാടകം പലതവണ മുടങ്ങി. ഒടുവില്‍ പ്രതിഭാ ആര്‍ട്ട്സ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ തന്നെ നിലച്ചുപോകുന്നതിലേക്ക്കാര്യങ്ങള്‍ ചെന്നെത്തി.ലളിത വീണ്ടും വീട്ടിലിരിപ്പായ ആ സമയത്താണ് കെ പി എ സി യില്‍ നിന്നുളള വിളിയെത്തുന്നത്.

ലളിതയെ കെപിഎസിയിലെടുത്തത് ഒരു ഇന്റര്‍വ്യൂവിന് ശേഷമാണ്. തോപ്പില്‍ ഭാസി, സുലോചന, കെ.എസ്. ജോര്‍ജ്ജ്, കെ.പി. ഉമ്മര്‍ എന്നിവരടങ്ങിയ ഒരു 'ഇന്റര്‍വ്യൂ ബോര്‍ഡ്' ആണ് അത് നടത്തിയത്.
'പാട്ടു പാടാനറിയാമോ?'
കെ.എസ്.ജോര്‍ജ്ജിന്റേതായിരുന്നു ആദ്യത്തെ ചോദ്യം.
പാട്ടൊന്നും പാടിയിട്ടില്ലെങ്കിലും അറിയാമെന്ന് ലളിത ഉറച്ചങ്ങു പറഞ്ഞു. ഒരു പാട്ടു പാടാമോ എന്നു ചോദിച്ചു തീരുന്നതിനു മുമ്പ് തന്നെ പാടാനും തുടങ്ങി.
'അമ്പിളിയമ്മാവാ, താമരക്കുമ്പിളിലെന്തുണ്ട്?'
പാട്ടുപാടിത്തീര്‍ന്നപ്പോള്‍ അടുത്ത ചോദ്യം വന്നു.
'ഡാന്‍സ് അറിയാമോ?'
പിന്നെന്താ, ഡാന്‍സും ചെയ്തു. പാട്ട് അതു തന്നെ. ഇന്റര്‍വ്യൂ ബോര്‍ഡ് ചിരിയോട് ചിരിയായിരുന്നു സുലോചന പറഞ്ഞു കൊടുത്തതനുസരിച്ച് ഡയലോഗുകളും പറഞ്ഞു.

ഇന്റര്‍വ്യൂ കഴിഞ്ഞ് പിന്നീട് അറിയിക്കാമെന്ന് പറഞ്ഞു വിട്ടപ്പോള്‍ സങ്കടത്തോടെയാണ് ലളിത അവിടെ നിന്നു പോന്നത്. എന്നാല്‍ ചങ്ങനാശ്ശേരിയിലേക്ക് പോകുന്ന വഴിയില്‍ വെച്ച് ബസില്‍ കയറിയ സുലോചന ലളിതയെ സമിതിയിലെടുത്ത സന്തോഷവര്‍ത്തമാനമറിയിച്ചു. മറ്റുള്ളവരൊക്കെ എതിരുനിന്നപ്പോള്‍ സുലോചനയും തോപ്പില്‍ ഭാസിയുമായിരുന്നു ലളിതയെ സമിതിയിലെടുക്കണമെന്ന് വാശിപിടിച്ചത്.

അങ്ങനെ സന്തോഷത്തോടെയാണ് തിരിച്ചു വീട്ടില്‍ വന്നതെങ്കിലും, കെപിഎസിയില്‍ നിന്ന് ഉടനെയൊന്നും ഒരറിയിപ്പുമെത്തിയില്ല. ഇതിനിടയില്‍ ഒരു ദിവസം സിനിമാനടന്‍ ബഹദൂറിന്റെ ട്രൂപ്പില്‍ ചേരാനായി കൊടുങ്ങല്ലൂര്‍ വരെ അച്ഛന്റെ കൂടെ പോകേണ്ടി വന്നു പക്ഷെ അന്നു രാത്രി തന്നെ വാശി പിടിച്ച് ലളിത തിരിച്ചുപോന്നു. വീട്ടില്‍മടങ്ങി വന്നപ്പോള്‍ കാണുന്നത് കെപിഎസിയില്‍ നിന്നെത്തിയ ടെലിഗ്രാമാണ്. അങ്ങനെ ഒടുവില്‍ ചിരകാലത്തെ സ്വപ്നവും ആഗ്രഹവും സഫലീകരിച്ചുകൊണ്ട്, ലളിത കെപിഎസി എന്ന കേരളത്തിലെ ഒന്നാമത്തെ നാടകസമിതിയിലെ ഒരു കലാകാരിയായി. 1963 ലായിരുന്നു അത്.

ലളിത കെപിഎസിയില്‍ ചേരുമ്പോള്‍, സമിതി അതുവരെ അവതരിപ്പിച്ചിരുന്ന ആറു നാടകങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു നാടകോത്സവം നടത്താനായുള്ള ഒരുക്കങ്ങളിലായിരുന്നു കായംകുളത്തെ കെപിഎസിയുടെ ആസ്ഥാനത്ത് വെച്ചു നടക്കുന്ന നാടകോത്സവത്തിന്റെ ഭാഗമായി പ്രമുഖ നാടകപ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു നാടകസെമിനാറുമുണ്ടായിരുന്നു. അങ്ങനെ കെപിഎസി യിലേക്കുള്ള ലളിതയുടെ അരങ്ങേറ്റം തന്നെ നാടകരംഗത്തെ പ്രഗത്ഭമതികളുടെയും പണ്ഡിതന്മാരുടെയും സാന്നിദ്ധ്യത്തിലാണ് സംഭവിച്ചത്.

'നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി'യില്‍ പതിനാലു കാരിയായ മീന, 'സര്‍വേക്കല്ലി'ല്‍ കശുവണ്ടി തൊഴിലാളി യായ ലീല, 'മുടിയനായ പുത്രനി'ല്‍ നായകന്റെ സഹോദരിയായ കളീക്കലെ ശാരദ,' പുതിയ ആകാശം പുതിയ ഭൂമി'യില്‍ നര്‍ത്തകിയായ രാജമ്മ, 'അശ്വമേധ'ത്തില്‍ ഡോ.തോമസിന്റെ പരിഷ്‌കാരിയായ ഭാര്യ ഗേളി എന്നിവരുടെ വേഷങ്ങളാണ് ലളിത അവതരിപ്പിച്ചത്.നേരത്തെ പ്രതിഭാ ആര്‍ട്ട്സ് ക്ലബ്ബ് അവതരിപ്പിച്ചു കൊണ്ടിരുന്ന, തോപ്പില്‍ ഭാസിയുടെ തന്നെ നാടകമായ 'മൂലധന'മായിരുന്നു ആ വര്‍ഷം കെപിഎസി അവതരിപ്പിക്കാന്‍ നിശ്ചയിച്ചിരുന്ന നാടകം.അതില്‍ ലളിതയ്ക്ക് അഭിനയിക്കാന്‍ പറ്റിയ വേഷമുണ്ടായിരുന്നില്ല.എന്നാല്‍ പാട്ടു പാടാനുണ്ടായിരുന്നു. കെപിഎസി വിട്ടുപോയ വിജയകുമാരിയും മറ്റു വേഷങ്ങളിലേക്ക് മാറിയ ലീലയും അഭിനയിച്ചിരുന്ന വേഷങ്ങളാണ് ലളിതയ്ക്ക് നല്‍കിയത്.'പുതിയ ആകാശം പുതിയ ഭൂമി' നാടകത്തില്‍, ലീല മനോഹരമായി അവതരിപ്പിച്ചു പോന്ന 'പാല്‍ക്കുടമൊക്കത്തേന്തിക്കൊണ്ടേ,പാദസരങ്ങള്‍ കിലുക്കിക്കൊണ്ടേ' എന്ന നൃത്തം ലളിതയാണ് ചെയ്യാന്‍ നിയുക്തയായത്.

ഓ. മാധവനും വിജയകുമാരിയും ഓഎന്‍വിയും ദേവരാജനും കെപിഎസി വിട്ടുപോയി കാളിദാസകലാകേന്ദ്രം തുടങ്ങിയ സാഹചര്യത്തില്‍, കെ പി എ സി യ്ക്ക് ശക്തമായ ഒരു തിരിച്ചുവരവ് ആവശ്യമായിരുന്നു. കെ സുലോചന, കെ.പി. ഉമ്മര്‍, എന്‍ ഗോവിന്ദന്‍ കുട്ടി, കെ എസ് ജോര്‍ജ്ജ്, തോപ്പില്‍ കൃഷ്ണപിള്ള, ശ്രീനാരായണ പിള്ള, ഖാന്‍, ലീല, പാലാ തങ്കം എന്നിവരായിരുന്നു അന്ന് കെപിഎസിയിലെ പ്രധാന അഭിനേതാക്കള്‍.

എല്ലാ വര്‍ഷവും നടക്കാറുള്ള അഖിലേന്ത്യാടൂര്‍ കഴിഞ്ഞ്, ലളിത പൂര്‍ണമായും ഒരു കെപിഎസിക്കാരിയായി മാറിയതിനു ശേഷമാണ് കെപിഎസിയുടെ അടുത്ത നാടകമായ 'ശരശയ്യ' അരങ്ങേറുന്നത്. 'അശ്വമേധ'ത്തിന്റെ രണ്ടാം ഭാഗമായ 'ശരശയ്യ'യില്‍, ഉമ്മര്‍ വേഷമിടുന്ന ഡോ.തോമസിന്റെ ഭാര്യ ഗേളിയുടെ വേഷം തന്നെയാണ് ലളിത അഭിനയിച്ചത്. തന്റെ യാഥാര്‍ത്ഥ സ്വഭാവത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായി, അല്‍പ്പം പൊങ്ങച്ചവും ഇംഗ്ലീഷ് ഏറിനില്‍ക്കുന്ന സംഭാഷണരീതിയും ദുശാഠ്യപ്രകടനങ്ങളുമൊക്കെയുള്ള ഗേളിയെ 'അശ്വമേധ'ത്തിലെന്ന പോലെ 'ശരശയ്യ'യിലും ലളിത ഭംഗിയായി അവതരിപ്പിച്ചു. ലീലയുമായി ചേര്‍ന്നുള്ള 'പൂക്കളെനിക്കിഷ്ടമാണ് പൂക്കള്‍' എന്ന നൃത്തരംഗവും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭിന്നിച്ചതിനു ശേഷമുള്ള അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ പലയിടത്തും നാടകാ വതരണത്തിന് പല തടസ്സങ്ങളെയും നേരിടേണ്ടി വന്നു. അധികം വൈകാതെ സുലോചനയും,ഉമ്മറും, കെ.എസ്.ജോര്‍ജ്ജും ശ്രീനാരായണ പിള്ളയും കെപിഎസി വിട്ടുപോയി.

കെപിഎസിയുടെ അടുത്ത നാടകമായ 'യുദ്ധകാണ്ഡ' ത്തിന്റെ പ്രമേയം പ്രതീകാത്മകമായിരുന്നു. രാഷ്ട്രീയ ഭിന്നതയുടെ പേരില്‍ സഹോദരങ്ങള്‍ അന്യോന്യം വാളോങ്ങിനില്‍ക്കുന്ന ഒരു തറവാടിന്റെ പശ്ചാത്തലത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭിന്നിച്ചതിന്റെ പ്രത്യാഘാതങ്ങളെയും ഇന്ത്യ അതിര്‍ത്തിയില്‍ നേരിടുന്ന പ്രശ്‌നങ്ങളെയുമൊക്കെ സിംബോളിക് രീതിയില്‍ അവതരിപ്പിക്കുകയായിരുന്നു. ലളിത അഭിനയിച്ചത് തറവാട്ടിലെ ഇളയ സന്തതിയായ കലയുടെ വേഷമാണ്. താരതമ്യേനെ പ്രാധാന്യം കുറഞ്ഞ വേഷമായിരുന്നു ലളിതയുടേതെങ്കിലും എന്‍ ഗോവിന്ദന്‍ കുട്ടി അഭിനയിച്ച മദ്യപാനിയായ സാഹിത്യകാരന്‍ പ്രസാദിനോടൊപ്പമുള്ള അഭിനയമുഹൂര്‍ത്തങ്ങള്‍ ലളിതയിലെ പക്വതയാര്‍ജ്ജിച്ച നടിയെ പുറത്തുകൊണ്ടുവന്നു. ലീല, അടൂര്‍ ഭവാനി, തോപ്പില്‍ കൃഷ്ണപിള്ള, ഖാന്‍ എന്നീ കെപിഎസിയുടെ സ്ഥിരം അഭിനേതാക്കളോടൊപ്പം വസന്ത കുമാരി, ഡി. ഫിലിപ്പ്, ആലുമ്മൂടന്‍, രവി, ഗായിക കൂടിയായ പതിനാലുകാരി ശ്രീലത എന്നിവരും ആ നാടകത്തില്‍ വേഷമിട്ടു.

കെപിഎസിയുടെ അടുത്ത നാടകമായ 'കൂട്ടുകുടുംബ'ത്തില്‍ ഒരു ചെറിയ വേഷത്തിലാണ് ലളിത പ്രത്യക്ഷപ്പെട്ടതെങ്കിലും അയത്‌നലളിതവും അനായസവുമായ അഭിനയം കൊണ്ട് ഏറെ ശ്രദ്ധേയമായി. പരുക്കനായ ഭര്‍ത്താവിന്റെ ഇടി കൊള്ളുമ്പോള്‍ ഓടി വന്ന് അച്ഛനെ ശരണം പ്രാപിക്കുന്ന, ജീവിക്കാന്‍ വേണ്ടി തറവാട്ടിലെ കളരിയില്‍ കളളവാറ്റു നടത്താന്‍ ഭര്‍ത്താവിനു കൂട്ടു നില്‍ക്കുന്ന സരസ്വതി എന്ന എട്ടും പൊട്ടും തിരിയാത്ത ഗ്രാമീണ സ്ത്രീ പില്‍ക്കാലത്ത് ലളിത തിരശീലയില്‍ അവതരിപ്പിച്ച അത്തരംനിരവധി കഥാപാത്രങ്ങളുടെ,ഗംഭീരമായ തുടക്കമായിരുന്നു.

'തുലാഭാരം' എന്ന അടുത്ത നാടകം, 'കൂട്ടുകുടുംബം' പോലെ തന്നെ ലീല എന്ന അഭിനേത്രി നിറഞ്ഞുനില്‍ക്കുന്ന നാടകമായിരുന്നു. ലീല അഭിനയിക്കുന്ന വിജയയുടെ പ്രിയപ്പെട്ട കൂട്ടുകാരിയും പബ്ലിക് പ്രോസിക്യൂട്ടറുമായ വത്സലയുടെ വേഷത്തില്‍ ലളിത മത്സരിച്ചു പിടിച്ചുനിന്നു. സ്വന്തം കുഞ്ഞുങ്ങളെ വിഷം കൊടുത്തു കൊന്ന പ്രിയപ്പെട്ട കൂട്ടുകാരിയെ തൂക്കിക്കൊല്ലണമെന്നു വീറോടെ വാദിക്കുകയും ഒടുവില്‍ അവളുടെ യഥാര്‍ത്ഥ കഥ കേട്ട് കഴിയുമ്പോള്‍ മാനസാന്തരം വരുകയും ചെയ്യുന്ന വത്സലയുടെ ആത്മസംഘര്‍ഷങ്ങള്‍ ലളിത മികവോടെ അവതരിപ്പിച്ചു. ഉണ്ണിക്കൃഷ്ണന്‍, ചെങ്ങന്നൂര്‍ ജാനകി എന്നിവരും കെ പി എ സി യുടെ സ്ഥിരം അഭിനേതാക്കളോടൊപ്പം പ്രധാന റോളുകളില്‍ അഭിനയിച്ചു.രവിയോടൊപ്പം ലളിത പാടിയ 'സ്വര്‍ഗവാതില്‍ പക്ഷി ചോദിച്ചു ഭൂമിയില്‍ സത്യത്തിനെത്ര വയസായി' ഗ്രെസിയുടെ കൂടെ ചേര്‍ന്നു പാടിയ 'അകത്തിരുന്നൂ തിരി തെറുത്തൂ' എന്നീ പാട്ടുകള്‍ കെ പി എ സി യുടെ പഴയ പാട്ടുകള്‍ പോലെ ആസ്വാദകര്‍ ഏറ്റുപാടി.

'തുലാഭാര'ത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് ലളിത സിനിമാരംഗത്ത് പ്രവേശിക്കുന്നത്.ഉദയാ നിര്‍മ്മിച്ച് കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്ത 'കൂട്ടുകുടുംബം' കെ പി എ സിയുടെ നാടകത്തിന്റെ ചലച്ചിത്രാവിഷ്‌ക്കാരമായിരുന്നു.നാടകത്തിലെ സരസ്വതി എന്ന കഥാപാത്രത്തെ തന്നെയാണ് ലളിത സിനിമയിലും അവതരിപ്പിച്ചത്.

കെപിഎസിയ്ക്ക് രണ്ടു വര്‍ഷമായി പുതിയ നാടകമൊന്നുമുണ്ടായിരുന്നില്ല. തിരക്കഥാകൃത്ത് എന്ന നിലയില്‍ സിനിമയില്‍ തിരക്കേറിയതോടെ തോപ്പില്‍ ഭാസിക്ക് പുതിയ നാടകമെഴുതാന്‍ നേരം കിട്ടിയില്ല.ഒടുവില്‍ പണ്ട്,എരൂര്‍ വാസുദേവ് എഴുതി അദ്ദേഹത്തിന്റെ തന്നെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടന്നുവന്ന കെ പി ടി എ അവതരിപ്പിച്ച' 'ജീവിതം അവസാനിക്കുന്നില്ല'എന്ന നാടകമെടുത്തു കളിക്കാന്‍ തീരുമാനിച്ചു.ആയിടെ അകാലത്തില്‍ അന്തരിച്ച എരൂര്‍ വാസുദേവിന്റെ കുടുംബത്തെ സഹായിക്കുക എന്ന ലക്ഷ്യം കൂടി അതിന്റെ പിന്നിലുണ്ടായിരുന്നു.തോപ്പില്‍ ഭാസി തന്നെ നാടകം സംവിധാനം ചെയ്തു.

സമരം ചെയ്തു ജയിലില്‍ കിടന്ന് മര്‍ദ്ദനമേറ്റ് ഒരു ക്ഷയരോഗിയായി തീര്‍ന്ന ഗോപാലന്‍ എന്ന ബീഡി തെറുപ്പുകാരനായ കമ്മ്യൂണിസ്റ്റുകാരനായിരുന്നു നാടകത്തിലെ നായകന്‍.ദുരിതക്കയത്തില്‍ മുങ്ങിത്താഴുമ്പോഴും ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷ കൈവിടാത്ത അയാളുടെ അമ്മയുടെ വേഷമാണ് ലളിതയ്ക്ക് അഭിനയിക്കാനുണ്ടായിരുന്നത്.ദുരിതാനുഭവങ്ങള്‍ കടിച്ചിറക്കി സ്വസ്ഥതയും സമചിത്തത യും നഷ്ടപ്പെട്ട്, ഭര്‍ത്താവിനെയും മക്കളെയും സദാ പ്രാകിയും ശകാരിച്ചുംകഴിയുന്ന ഒരു തള്ള.നായകനായ ഗോപാലനായിഅഭിനയിക്കുന്ന അസീസിന്റെ മാത്രമല്ല,സമപ്രായക്കാരിയും ആത്മസുഹൃത്തുമായ ലീല(ജാനു)യുടെ കൂടി അമ്മയായി വേണം അഭിനയിക്കേണ്ടത്.1954 ല്‍ ആ നാടകം കെ പി ടി എ ആദ്യമായി അവതരിപ്പിക്കുമ്പോള്‍ ആ വേഷത്തില്‍ അഭിനയിച്ചത് വിഖ്യാത നര്‍ത്തകിയും മോഹിനിയാട്ടത്തിന്റെ ആചാര്യയുമായ കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ യായിരുന്നു.അവരുടെ അതി ഗംഭീര പെര്‍ഫോമന്‍സ് അന്നു നാടകം കണ്ടവരുടെയെല്ലാം മനസ്സില്‍ പച്ചപിടിച്ചു കിടക്കുന്നുണ്ടായിരുന്നു.

എന്നാല്‍ ലളിത ആ വേഷം ഒട്ടും അതിഭാവുകത്വമില്ലാതെ അവതരിപ്പിച്ചു. പില്‍ക്കാലത്ത് സിനിമയില്‍ തന്നെക്കാളേറെ പ്രായമുള്ള നായകന്മാരുടെ പരുക്കന്‍ സ്വഭാവമുള്ള അമ്മമാരായി അഭിനയിച്ചതിന്റെ തുടക്കം 'ജീവിതം അവസാനിക്കുന്നില്ല'യിലെ ആ വേഷത്തിലായിരുന്നു. 1970 ലളിതയുടെ അഭിനയ ജീവിതത്തിലെ ഒരു നിര്‍ണ്ണായക വര്‍ഷമായിരുന്നു.സിനിമയില്‍ ശ്രദ്ധേയമായ ആദ്യത്തെ വേഷം കിട്ടുന്നത് ആ വര്‍ഷമാണ്.'വാഴ് വേമായ'ത്തിലെ ഗൗരി.'ത്രിവേണി','നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി','താര','ഒതേനന്റെ മകന്‍' എന്നീ നാലുചിത്രങ്ങള്‍ കൂടി ആ വര്‍ഷം ചെയ്തതോടെ ലളിതയ്ക്ക് സിനിമയില്‍ നിന്ന് ധാരാളം ഓഫറുകള്‍ വരാന്‍ തുടങ്ങി. 'ജീവിതം അവസാനിക്കുന്നില്ല' മറ്റു നാടകങ്ങള്‍ പോലെ വലിയൊരു വിജയമായിരുന്നില്ല.അതുകൊണ്ട് തോപ്പില്‍ ഭാസി തന്നെ അടുത്ത നാടകമെഴുതി.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടും മൂന്നും കഷണങ്ങളായി ഭിന്നിച്ചു മാറിയ എഴുപതുകളില്‍,മഹത്തായ ആ ആശയസംഹിതയില്‍ വിശ്വസിക്കുന്നവരുടെ ഇടയിലെ അഭിപ്രായഭിന്നതയും അന്യോന്യവൈരവും മോഹഭംഗവുമൊക്കെ വരച്ചുകാട്ടുന്ന ' ഇന്നലെ ഇന്ന് നാളെ'.'നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി'യുടെ രണ്ടാം ഭാഗമെന്നു വിശേഷിപ്പിക്കപ്പെട്ട നാടകത്തില്‍ ഭാസിയുടെ മുന്‍ നാടകങ്ങളിലെ മാല,കറമ്പന്‍,നാണു, വാസു,മത്തായി തുടങ്ങിയവരൊക്കെ കഥാപാത്രങ്ങളാകുന്നുണ്ട്.മാലയുടെ മകളായ ഭാരതിയുടെ വേഷത്തിലാണ് ലളിത അഭിനയിച്ചത്.സര്‍ക്കാര്‍ അനുവദിച്ചു കൊടുത്ത മൂന്നുസെന്റു സ്ഥലത്തെ ദളിതരുടെ കോളനിയില്‍ താമസിക്കുന്ന ഭാരതിയുടെ പ്രതിശ്രുതവരന്‍,പഠിച്ച് ഒരു എന്‍ജിനീയര്‍ ആയതോടെ അവളെ വേണ്ടെന്ന് വെച്ച് ഉയര്‍ന്ന ജാതിയില്‍ പെട്ട കുടുംബത്തില്‍ നിന്ന് വിവാഹം ചെയ്യുന്നു.അന്നുരാത്രി അവര്‍ നക്‌സലൈറ്റുകളുടെ ആക്രമണത്തിനിരയായി കൊല്ലപ്പെടുന്നു.കമ്മ്യൂണിസ്റ്റ്തീവ്രവാദികളുടെ സംഘത്തില്‍ ചേര്‍ന്ന ഭാരതിയാണ് ആ കൊല ചെയ്യുന്നത്.കമ്മ്യൂണിസ്റ്റാചാര്യനായ സുഗതന്‍ സാറിന്റെ മാതൃകയില്‍ ഭാസി സൃഷ്ടിച്ച രാഘവന്‍ സാറാണ് നാടകത്തിലെ മറ്റൊരു മുഖ്യ കഥാപാത്രം.കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വഴിപിഴച്ച പോക്കിനെയും തകര്‍ച്ചയെയുമൊക്കെ സ്വയം വിമര്‍ശന രൂപത്തില്‍ സമീപിച്ച നാടകത്തിന് പ്രേക്ഷകര്‍ക്കിടയില്‍ നല്ല അഭിപ്രായം നേടിയെടുക്കാന്‍ സാധിച്ചില്ല.കഥാപാത്രസൃഷ്ടിയിലെ ദൗര്‍ബല്യം ലളിതയുടെ അഭിനയത്തെയുംബാധിച്ചു.വിവാഹത്തെ തുടര്‍ന്ന് ലീല കെ പി എ സി വിട്ടുപോയതോടെ ലളിത നായികാസ്ഥാനമേറ്റെടുത്തത് 'ഇന്നലെ ഇന്ന് നാളെ'യിലൂടെയാണ്.

ലളിതയുടെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായി മാറിയ 'അനുഭവങ്ങള്‍ പാളിച്ചകള്‍' എന്ന ചിത്രം ഇറങ്ങിയ വര്‍ഷമാണ് 1971.അതിലെ പാര്‍വതി ലളിതയ്ക്ക് ഏറെ പ്രശംസയും അംഗീകാരവും നേടിക്കൊടുത്ത വേഷമായിരുന്നു.ഗേളിയുടെ വേഷത്തില്‍ അഭിനയിച്ച 'ശരശയ്യ'യും കൂടി പുറത്തുവന്നതോടെ മലയാള സിനിമയിലെ ഉപനായികാപ്പട്ടത്തിലേക്ക് ലളിത ഉയരുകയായിരുന്നു.അടൂര്‍ ഗോപാലകൃഷ്ണന്റെ ആദ്യചിത്രമായ 'സ്വയംവരം' ഉള്‍പ്പെടെ നിരവധി സിനിമകള്‍ ലളിതയെ ആ നാളുകളില്‍ തേടിയെത്തി. നായികയില്ലാത്തതുകൊണ്ട് നാടകം പലപ്പോഴും മുടങ്ങുന്ന അവസ്ഥയുണ്ടായി.

'ഇന്നലെ ഇന്ന് നാളെ'യുടെ പരാജയത്തോടെ ഒരു നല്ല നാടകത്തിന് വേണ്ടി കെ പി എ സി വീണ്ടുംശ്രമം തുടങ്ങി.ഒടുവില്‍ സി പി ഐ യുടെ യുവനേതാവും കവിയും പ്രഭാഷകനുമൊക്കെയായ കണിയാപുരം രാമചന്ദ്രന്‍ ആ ദൗത്യമേറ്റെടുത്തു.പുന്നപ്രവയലാര്‍ സമരകാലത്ത്, ഒരുപാട് ദ്രോഹപ്രവൃത്തികള്‍ ചെയ്യുന്ന ഒരു പോലീസ് ഇന്‍സ്പെക്ടര്‍ പിന്നീട് ഒരു സിനിമാനടനായി തീരുന്നതും വര്‍ഷങ്ങള്‍ക്കുശേഷം ആ നാട്ടില്‍ ഒരു സിനിമാഷൂട്ടിംഗിനായി എത്തുമ്പോള്‍ താന്‍ ചെയ്ത പാപത്തിന്റെ സന്തതിയായ സ്വന്തം മകളെ കണ്ടുമുട്ടുന്നതുമായിരുന്നു നാടകത്തിന്റെ തീം.നായികയായ സുജാതയുടെ വേഷത്തില്‍ ലളിത അഭിനയിച്ചു.പില്‍ക്കാലത്ത് കെ പി എ സി സണ്ണി എന്നറിയപ്പെട്ട പ്രസിദ്ധ നടന്‍ സണ്ണി യാണ് കേന്ദ്രകഥാപാത്രമായ നടന്റെ വേഷമഭിനയിച്ചത്.എന്നാല്‍ നാടകത്തിന് നല്ല പ്രതികരണം കിട്ടിത്തുടങ്ങിയപ്പോഴേക്ക് ഒപ്പം വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടു. ആയിടെ അന്തരിച്ച പ്രശസ്ത നടന്‍ സത്യന് അപകീര്‍ത്തി പരത്തുവെന്നാരോപിച്ചുകൊണ്ട് സത്യന്റെ കുടുംബം കൊടുത്ത കേസില്‍ നാടകം സ്റ്റേ ചെയ്തു.എന്നാല്‍ സ്റ്റേ വെക്കേറ്റ് ചെയ്തതുകൊണ്ട് നാടകം വൈകാതെ പുനരാരംഭിക്കാന്‍ സാധിച്ചു. രക്തസാക്ഷികളുടെ പിഴച്ചുപെറ്റ സന്തതി നേരിടുന്ന അപമാനവും ആത്മസംഘര്‍ഷങ്ങളും മറ്റും ലളിത തികഞ്ഞ സ്വാഭാവികതയോടെ അരങ്ങത്തവതരിപ്പിച്ചു.

ആ വര്‍ഷത്തെ കെപിഎസിയുടെ പതിവ് മറുനാടന്‍ പര്യടനം ബാംഗ്ലൂരിലെത്തിയപ്പോള്‍ ലളിതയ്ക്ക് ഉദയായില്‍ നിന്നുള്ള വിളി വന്നു.'ഗന്ധര്‍വ ക്ഷേത്ര'ത്തിലഭിനയിക്കാന്‍ എത്രയും വേഗമെത്തണം.കെ പി എ സി യില്‍ ഇത് ഒരുപാട് വിമര്‍ശനങ്ങള്‍ക്ക് വഴിതെളിച്ചു.അങ്ങനെ ഒടുവില്‍ ലളിത ഒരു തീരുമാനത്തിലെത്തി ചേര്‍ന്നു. രണ്ടു വള്ളത്തിലും കൂടി കാല് വെച്ചുകൊണ്ടുള്ള ഈ പരിപാടി പറ്റില്ല.താന്‍ കാരണം ഇനി നാടകം മുടങ്ങാന്‍ പാടില്ല.ഇപ്പോള്‍ സിനിമ യില്‍ സാമാന്യം തിരക്കുണ്ട്.അതു കഴിഞ്ഞാല്‍ കെ പി എ സി യിലേക്ക് തന്നെ മടങ്ങിവരാം.അങ്ങനെ ചില കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തില്‍, ലളിത കെപിഎസി യോട് ഒരു വര്‍ഷത്തെ അവധിക്ക് അപേക്ഷിച്ചു. ഏതാണ്ട് പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പ്,വെറും ലളിതയായി കെ പി എ സി യിലെത്തിയ മഹേശ്വരി, കെപിഎസി എന്ന പേര് ഒരു ബിരുദം പോലെ സ്വന്തം പേരിനോട് ചേര്‍ത്തുവെച്ചുകൊണ്ട് അരങ്ങത്തു നിന്ന് തത്ക്കാലം വിട പറഞ്ഞു.

സാഹസികവും സംഘര്‍ഷാത്മകവുമായ ഒട്ടേറെ തീവ്രാനുഭവങ്ങളിലൂടെ കൂസലില്ലാതെ കടന്നുപോയ ഒരു നാടകവണ്ടിയില്‍,കൊടുങ്കാടുകളിലൂടെയും കൊള്ളക്കാരുടെ സാങ്കേതങ്ങളിലൂടെയും വിജനമായ മരുഭൂമികളിലൂടെയുമെല്ലാം നടത്തിയ നൂറു നൂറു യാത്രകളായിരുന്നു ലളിത എന്ന കലാകാരിയ്ക്ക് ജീവിതത്തില്‍ എന്തും നേരിടാനുളള കരുത്തും ആത്മധൈര്യവും പകര്‍ന്നത്.കളിയും ചിരിയും കലഹവും കൊച്ചുവര്‍ത്തമാനങ്ങളുമായി ആ കൊച്ചുവാനില്‍ സഞ്ചരിച്ച കാലം ലളിത എക്കാലവും ഹൃദയത്തിന്റെ ഉള്ളറകളില്‍ നിധിപോലെ കൊണ്ടുനടന്നു.ഒപ്പം തന്നെ താനാക്കിയ തോപ്പില്‍ ഭാസി എന്ന വലിയ ചെറിയ മനുഷ്യനോടുള്ള തീര്‍ത്താല്‍ തീരാത്ത കടപ്പാടും. ജീവിതത്തെക്കാള്‍ വലിയ ജീവിതം അരങ്ങത്തും അഭ്രപാളികളിലുമായി ജീവിച്ചു തീര്‍ത്ത ആ വലിയ കലാകാരി, ഇനി വരുന്ന തലമുറകള്‍ക്ക് ആഴവും പരപ്പുമുള്ള ഒരു പാഠപുസ്തകമാകുകയാണ്"
ആദരാഞ്ജലികൾ MEDIA 16 🌹