*അവനവഞ്ചേരി ഹൈസ്കൂളിലെ റേഡിയോ നന്മ’ ബംപർ ഹിറ്റ്*

റേഡിയോ നന്മയിൽ അവനവഞ്ചേരി സ്കൂളിലെ വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിക്കുന്നു
ആറ്റിങ്ങൽ∙ ലോക് ഡൗൺ കാലത്ത് കുട്ടികളുടെ വിരസത മാറ്റാൻ അവനവഞ്ചേരി ഹൈസ്കൂളിലെ സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റ് പദ്ധതിയുടെ നേതൃത്വത്തിൽ ആരംഭിച്ച ’ റേഡിയോ നന്മ ’ ഒരു വർഷത്തിന് ശേഷവും സൂപ്പർ ഹിറ്റായി തുടരുന്നു . വിജ്ഞാനവും വിനോദവും കോർത്തിണക്കി ക്കൊണ്ടുള്ള കലാപരിപാടികൾ കോർത്തിണക്കി കൊണ്ട് 2020 ഒക്ടോബർ 20 ന് ആണ് നന്മ റേഡിയോ പ്രക്ഷേപണം ആരംഭിച്ചത്. 
റേഡിയോ നന്മയിൽ അവനവഞ്ചേരി സ്കൂളിലെ വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിക്കുന്നു
സിനർജി റേഡിയോ ക്ലബ് വഴി ഒന്നര ലക്ഷം ശ്രോതാക്കൾ റേഡിയോ നന്മ  കേട്ടുകഴിഞ്ഞു എന്ന് അധികൃതർ പറഞ്ഞു. പതിനഞ്ച് മുതൽ 20 മിനിറ്റ് വരെ ദൈർഘ്യമുള്ള രണ്ട് എപ്പിസോഡുകൾ ആണ് ഓരോ മാസവും പ്രക്ഷേപണം ചെയ്യുന്നത് .കലാപരിപാടികൾ മൊബൈൽ ഫോണിൽ കുട്ടികൾ തന്നെ റിക്കോർഡ് ചെയ്ത് ശബ്ദ ശകലങ്ങൾ കൂടി ചേർത്ത് എഡിറ്റ് ചെയ്താണ് പ്രക്ഷേപണം ചെയ്യുന്നത്. റേഡിയോ നന്മ ഇന്ന് കുട്ടികളുടെ സ്വന്തം റേഡിയോ സ്റ്റേഷനായി മുന്നേറുകയാണ്.

അതിഥിയോടൊപ്പം, ലോകം പോയ വാരം, വായനയുടെ വസന്തം, വെള്ളിത്തിര, ബ്യൂട്ടി ടിപ്സ് , ഹെൽത്ത് ടിപ്സ്, ടേസ്റ്റി ബഡ്സ് തുടങ്ങിയ പരിപാടികൾക്കൊപ്പം കുട്ടികളുടെ ഗാനങ്ങളും കവിതകളും റേഡിയോ നൻമയിലൂടെ പ്രക്ഷേപണം ചെയ്യുന്നു. ഗായിക കെ.എസ്.ചിത്ര, പി. വിജയൻ ഐ.പി.എസ് , മല്ലിക സുകുമാരൻ എന്നിവരും റേഡിയോ നന്മയിൽ അതിഥികളായി എത്തിയിട്ടുണ്ട്. അധ്യാപകനും കമ്യൂണിറ്റി പൊലീസ് ഓഫിസറും ആയ എൻ. സാബുവിന്റെ ആശയമാണ് റേഡിയോ നന്മയ്ക്ക് പിന്നിൽ. കവിയും അധ്യാപകനുമായ മനോജ് പുളിമാത്ത് ആണ് തീം സോങ് എഴുതി ചിട്ടപ്പെടുത്തിയിരിക്കുന്നത്.