ദൃശ്യം അനുമതിയില്ലാതെ തുറന്നത് ഞെട്ടിക്കുന്ന സംഭവമാണെന്ന് കത്തില്‍ പറയുന്നു. പ്രതിയായ ദിലീപിന്‍റെ കൈയില്‍ ദൃശ്യങ്ങള്‍ ഇപ്പോഴും ഉണ്ടെന്ന് സംശയമുണ്ട്. വിദേശത്തേക്ക് ഈ ദൃശ്യങ്ങള്‍ അയച്ചോ എന്നും പരിശോധിക്കണം. ദൃശ്യങ്ങള്‍ ചോര്‍ന്നതോടെ തന്റെ സ്വകാര്യത ഹനിക്കപ്പെട്ടുവെന്നും നടി കത്തില്‍ ചൂണ്ടിക്കാട്ടി.
എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നതെന്നാണ് ആരോപണം. 2019 ഡിസംബര്‍ 20നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നതായി വിചാരണ കോടതിയില്‍ സ്ഥിരീകരിച്ചത്. സംസ്ഥാന ഫോറന്‍സിക് വിഭാഗമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അന്വേഷണ സംഘം സീല്‍ ചെയ്ത കവറില്‍ കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങള്‍ എങ്ങനെയാണ് അനുമതിയില്ലാതെ മറ്റൊരാള്‍ക്ക് ലഭിച്ചുവെന്ന സംശയമാണ് കത്തില്‍ ഉന്നയിക്കുന്നത്.
അതേസമയം, നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന സര്‍ക്കാര്‍ വാദത്തിനുള്ള മറുപടി ഇന്ന് ദിലീപ് ഹൈകോടതിക്ക് രേഖാമൂലം കൈമാറും. ഇന്നലെ പ്രോസിക്യൂഷന്‍ വിശദീകരണം കോടതിയില്‍ എഴുതി നല്‍കിയിരുന്നു. ഇതിനുള്ള മറുപടി ഇന്ന് രാവിലെ 9.30ന് മുന്‍പ് സമര്‍പ്പിക്കാന്‍ കോടതി സമയം അനുവദിച്ചിട്ടുണ്ട്. ഇതുകൂടി പരിഗണിച്ചാണ് തിങ്കളാഴ്ച കോടതി വിധി പറയുക.