ലോകം ചുറ്റിയെത്തിയത് ആയുർവേദത്തിന്റെ മഹത്വം തേടി
തിരുവനന്തപുരം: ലോകം ചുറ്റിക്കറങ്ങിയ തോർബെനും മിച്ചിയും ഒരു കാരവനിൽ ജർമ്മനിയിൽനിന്ന്, ആയുർവേദത്തിന്റെ മഹത്വംതേടി കേരളത്തിൽ. ആറ് വയസ്സുള്ള മകനോടും ഒൻപത് വയസ്സുള്ള മകളോടുമൊപ്പമാണ്, ആയുർവേദത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും ഡോക്യുമെന്ററി ചെയ്യാനുമായി കഴിഞ്ഞ ആഴ്ച ജർമ്മൻ സ്വദേശികളായ ഇവർ കോവളത്തെത്തിയത്.
എൻജിനിയറായ തോർബെനും എഴുത്തുകാരിയായ മിച്ചിയും 12 വർഷം മുമ്പാണ് കാരവാനിൽ ലോകം ചുറ്റാനാരംഭിച്ചത്. ഇതിനായി കുടുംബത്തിന് കഴിയാവുന്നതരത്തിൽ വാഹനം രൂപകല്പന ചെയ്തു.
ഭക്ഷണം പാകം ചെയ്തും കാരവാനിൽ കിടന്നുറങ്ങിയുമുള്ള യാത്ര 90 രാജ്യങ്ങൾ കടന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് തോർബെനും കുടുംബവും കാരവാനിൽ ഇന്ത്യയിലെത്തുന്നത്.
നവംബർ പകുതിയോടെയാണ് കേരളത്തിലെത്തി. മുംബൈ, ഗോവ, ഹംപി, ബെംഗളൂരു, കോയമ്പത്തൂർ, മൂന്നാർ, കൊച്ചി, ആലപ്പുഴ, മാരാരിക്കുളം, വർക്കല വഴി സഞ്ചരിച്ചാണ് തിരുവനന്തപുരത്ത് എത്തിയത്. കാരവാനിലുള്ള സഞ്ചാരം ഒരു രാജ്യത്തെ അടുത്തറിയാനുള്ള ഏറ്റവും നല്ല വഴിയെന്നാണ് ഇവരുടെ അഭിപ്രായം.
അതുകൊണ്ടാണ് ഇങ്ങനെയൊരു യാത്ര തിരഞ്ഞെടുത്തത്. കേരളത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് ഇവർക്ക്. ജർമ്മൻ ടെലിവിഷനുവേണ്ടി യാത്രാ േവ്ലാഗുകളും ഇവർ അവതരിപ്പിക്കുന്നുണ്ട്.
വിനോദസഞ്ചാരവകുപ്പിന്റെ കാരവാൻ ടൂറിസത്തിന്റെ ഭാഗമായിക്കൂടിയാണ് ഇരുവരുടെയും കേരളസന്ദർശനം. കാരവാൻ ടൂറിസത്തിന് ഏറെ സാധ്യതയുള്ള നാടാണ് കേരളമെന്നും ഇവർ പറയുന്നു.
തോർബെനും മിച്ചിയും കേരളത്തിലെത്തിയതിൽ സന്തോഷം പ്രകടിപ്പിച്ച് കേരളാ ടൂറിസം ഇൻസ്റ്റാഗ്രാം പേജിൽ ചെറുകുറിപ്പും ചിത്രവും പങ്കുവെച്ചിരുന്നു.
വിനോദസഞ്ചാര ഡയറക്ടറെ നേരിട്ടുകണ്ട് തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു. ചെറിയ പ്രദേശത്തിനുള്ളിൽ വൈവിധ്യമുള്ള കാഴ്ചകളാണ് കേരളത്തിലുള്ളതെന്നും തോർബെൻ പറഞ്ഞു.
കോവളത്ത് സ്വകാര്യ റിസോർട്ടിൽ താമസിക്കുന്ന അടുത്ത ദിവസങ്ങളിൽ മുംബൈയിലേക്ക് മടങ്ങിപ്പോകും.