വർക്കല: വർക്കലയിലെ റിസോർട്ടിൽ താമസിച്ച് കഞ്ചാവും മയക്കുമരുന്നും വിൽപ്പന നടത്തിവന്ന യുവതിയടക്കമുള്ള പത്തംഗ സംഘത്തെ അറസ്റ്റുചെയ്തു. സംഘത്തിൽ നിന്നും 7.3 കിലോഗ്രാം കഞ്ചാവും 0.9 ഗ്രാം മയക്കുമരുന്നായ എം.ഡി.എം.എ.യും പിടിച്ചെടുത്തു.
വർക്കല പെരുംകുളത്തിനു സമീപം പ്രവർത്തിക്കുന്ന ജംഗിൾ ക്ലിഫ് റിസോർട്ടിലെ കോട്ടേജിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. പോലീസും ഡാൻസാഫ് ടീമും നർക്കോട്ടിക് വിഭാഗവും സംയുക്തമായി നടത്തിയ മിന്നൽ പ്പരിശോധനയിലാണ് അറസ്റ്റ്.
വർക്കല തച്ചൻകോണം ചരുവിള പുത്തൻവീട്ടിൽ ഷൈജു(35), വർക്കല മുണ്ടയിൽ മേലേപാളയത്തിൽ വീട്ടിൽ വിഷ്ണു (25), വർക്കല ശ്രീനിവാസപുരം മന്നാനിയ്യ ലക്ഷംവീട് കോളനിയിൽ നാദിർഷാ(23), ശ്രീനിവാസപുരം സലിം മൻസിലിൽ സലിം(18), വർക്കല ഓടയം അൽ അമലിൽ സൽമാൻ (27), പരവൂർ കുറുമണ്ഡൽ ഷാഹ്ന മൻസിലിൽ നിഷാദ്(21), പരവൂർ നെടുങ്ങോലം വട്ടച്ചാൽ തീർഥത്തിൽ കൃഷ്ണപ്രിയ(21), പോത്തൻകോട് കൊയ്ത്തൂർക്കോണം മണ്ണാറ നെല്ലിക്കുന്നത്ത് വീട്ടിൽ മുഹമ്മദ് ആഷിഖ്(23), കല്ലറ കുറഞ്ഞിലക്കാട് ആർ.വി.നിവാസിൽ സൽമാൻ (30), പരവൂർ പൂതക്കുളം ലതാ മന്ദിരത്തിൽ സന്ദേശ്(25) എന്നിവരാണ് അറസ്റ്റിലായത്.
ജില്ലാ പോലീസ് മേധാവി ഡോ. ദിവ്യ വി.ഗോപിനാഥിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. വി.ടി.രാസിത്ത്, വർക്കല ഡിവൈ.എസ്.പി. പി.നിയാസ്, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. സ്റ്റുവർട്ട് കീലർ എന്നിവരുടെ നേതൃത്വത്തിലാണ് വെള്ളിയാഴ്ച ഉച്ചയോടെ മിന്നൽപ്പരിശോധന നടത്തിയത്.
സൽമാന്റെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ വിൽപ്പനയ്‌ക്കെത്തിച്ച കഞ്ചാവും മയക്കുമരുന്നുമാണ് പോലീസ് പിടികൂടിയത്.
കൃഷ്ണപ്രിയയെ മുൻനിർത്തിയാണ് സംശയം തോന്നാത്തവിധത്തിൽ ബീച്ച് കേന്ദ്രീകരിച്ച് ഇവർ കച്ചവടം നടത്തുന്നത്.
വിനോദസഞ്ചാര കേന്ദ്രങ്ങളായ കാപ്പിൽ, ഇടവ, പരവൂർ, വർക്കല എന്നീ സ്ഥലങ്ങളിൽ യുവാക്കളെ കേന്ദ്രീകരിച്ച് ഇവർ കച്ചവടം നടത്തി വരുകയായിരുന്നെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളിൽ നിന്നും രണ്ട് ബൈക്കുകളും ഒരു കാറും 12 മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.
വർക്കല ഇൻസ്പെക്ടർ വി.എസ്.പ്രശാന്ത്, എസ്.ഐ. അജിത് കുമാർ, ഡാൻസാഫ് ടീമംഗങ്ങളായ ഫിറോസ് ഖാൻ, ദിലീപ്, ബിജു, ബിജു, സുനിൽ രാജ് തുടങ്ങിയവരും പരിശോധനയിൽ പങ്കെടുത്തു. പ്രതികളെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും