കോവളം: വിഴിഞ്ഞം നിർമാണം പുരോഗമിക്കുന്ന രാജ്യാന്തര തുറമുഖത്ത കപ്പലുകളുൾപ്പെടെയുള്ള വലിയ യാനങ്ങളെ ബെർത്തിൽ എത്തിക്കാനുള്ള ആദ്യ പൈലറ്റ് ബോട്ട് എത്തി. ഈ വർഷം തുറമുഖ നിർമാണത്തിന്റെ ആദ്യ ഘട്ടം പൂർത്തിയാക്കുമെന്ന സർക്കാർ പ്രഖ്യാപനത്തിനിടെയാണ് പൈലറ്റ് ബോട്ട് എത്തിയത്. ഡോൾഫിൻ 41 എന്നു പേരുള്ള അത്യന്താധുനിക ബോട്ട് ശ്രീലങ്കയിൽനിന്നാണ് വ്യാഴാഴ്ച രാവിലെയോടെ വിഴിഞ്ഞം പഴയ വാർഫിൽ എത്തിയത്. പുറം കടലിൽ എത്തുന്ന കപ്പലുകളെ പൈലറ്റ് ബോട്ടുകളാണ് തുറമുഖത്തിനുള്ളിലേക്ക് ആനയിച്ച് ബെർത്തിൽ എത്തിക്കുക.
ഏതുകാലാവസ്ഥയിലും അതിവേഗം സഞ്ചരിക്കാനാകുന്നതാണ് പൈലറ്റ് ബോട്ട് . എല്ലാതരം കപ്പലുകളും നിയന്ത്രിക്കാനും നയിക്കാനും വൈദഗ്ധ്യമുള്ള ഏതാനും ക്യാപ്റ്റൻമാരാകും പൈലറ്റ് ബോട്ടുകളിൽ ഉണ്ടാവുക. സമാനനിലയിലുള്ള മൂന്നു ബോട്ടുകളെങ്കിലും വരും ദിവസങ്ങളിൽ എത്തുമെന്നാണ് വിവരം. ജപ്പാനിലെ കോവയിൽ എൻജിനുൾപ്പെടെയും ക്യാബിൻ നിർമാണം ശ്രീലങ്കയിലെ കൊളംബോയിലും പൂർത്തിയാക്കിയ ബോട്ടിൽ ആറു ശ്രീലങ്കൻ ക്രൂവാണ് നിലവിലുള്ളത്. ഇവർക്കു പകരം അത്രയും ഇന്ത്യൻ ക്രൂ കയറുന്ന ക്രൂ ചേഞ്ചും സർവെ നടപടികളും വെള്ളിയാഴ്‌ച നടത്തുമെന്ന് ബന്ധപ്പെട്ട അധികൃതർ പറഞ്ഞു