തിരുവനന്തപുരം:വെങ്ങാന്നൂർ വി.പി.എസ് സ്‌കൂളിന് യൂസഫലിയുടെ അൻപതു ലക്ഷം രൂപ സമ്മാനം. മലങ്കര കത്തോലിക്കാ സഭ പാറശാല ഭദ്രാസനത്തിന്റെ ചുമതലയിലുള്ള വെങ്ങാന്നൂർ വി.പി.എസ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ ശതാബ്ദിയാഘോഷവുമായി ബന്ധപ്പെട്ട സ്‌കൂൾ പുനരുദ്ധാരണ പദ്ധതിയിലേക്ക് വ്യവസായി എം.എ. യൂസഫലി നൽകിയ സംഭാവന പട്ടം ബിഷപ്സ് ഹൗസിൽ ബിഷപ്പ് കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയുടെ സാന്നിദ്ധ്യത്തിൽ,സ്‌കൂൾ മാനേജരും പാറശാല രൂപതാദ്ധ്യക്ഷനുമായ ബിഷപ്പ് തോമസ് മാർ യൗസേബിയോസ് യൂസഫലിയിൽ നിന്ന് ഏറ്റുവാങ്ങി. ലുലു റീജിയണൽ ഡയറക്ടർ ജോയി ഷഡാനന്ദൻ,സ്‌കൂൾ പ്രിൻസിപ്പൽ വിൻസെന്റ്,ഹെഡ്മിസ്ട്രസ്സ് ബിന്ദു, അദ്ധ്യാപക വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.1919-ൽ വിക്രമൻപിള്ള സ്ഥാപിച്ച വിദ്യാലയം 2018-ലാണ് പാറശാല ഭദ്രാസനം ഏറ്റെടുത്തത്. 5 മുതൽ 12-ാം ക്ലാസ് വരെ 2200 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. വെങ്ങാന്നൂരിലെയും സമീപപ്രദേശങ്ങളിലെയും സാധാരണ കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്"