വെഞ്ഞാറമൂടിൽ ജ്വലറിയിൽ സ്വർണ്ണം വാങ്ങാനെന്ന വ്യാജേന എത്തി സ്വർണ്ണം കൈക്കലാക്കി പകരം മുക്കുപണ്ടം വച്ച് മടങ്ങാൻ ശ്രമിച്ച വിരുതനെ കൈയ്യോടെ പിടികൂടി.

വെഞ്ഞാറമൂട്: ജ്വലറിയിൽ സ്വർണ മോതിരം വാങ്ങാനെന്ന  വ്യാജേന സ്ഥാപനത്തിൽ എത്തി പകരം മുക്കുപണ്ടം വച്ച് പോകാൻ ശ്രമിച്ച വിരുതനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. കല്ലറ പാലുവള്ളി സബൂറ മൻസിലിൽ സുലൈമാൻ(44) ആണ് പിടിയിലായത് . ഇന്നലെ വൈകുന്നേരം വെഞ്ഞാറമൂട്ടിലുള്ള ഒരു ജുവലറിയിലാണ് സംഭവം.

ഇന്നലെ വൈകുന്നേരം വെഞ്ഞാറമൂട്ടിലുള്ള ഒരു സ്വർണ്ണക്കടയിലെത്തി സെയിൽസ്മാനോട്  മോതിരം വേണമെന്നും മോഡൽ കാണിക്കാനും ആവശ്യപ്പെട്ടു. സെയിൽസ് മാൻ കൗണ്ടറിന് മേൽ കാണിക്കാനായി എടുത്ത് വച്ച നേരം മോതിരത്തിലൊരെണ്ണം ഇയാൾ സൂത്രത്തിൽ വിരലിടുകയും നേരത്തെ വിരലിൽ ധരിച്ചിരുന്ന മുക്കുപണ്ടമായ മോതിരം ഊരി പകരം വയ്ക്കുകയും ചെയ്തു .തുടർന്ന് മോതിരം നാളെ വന്നു വാങ്ങാം എന്ന് പറഞ്ഞ് പുറത്തേക്ക് പോയി. മോതിരങ്ങൾ തിരികെ ഷെൽഫിലേക്ക് വയ്ക്കാർ എടുക്കുന്നതിനിടയിൽ ഒരു മോതിരത്തിന് ഭാരക്കുറവ് ഉണ്ടെന്ന് സംശയം തോന്നിയ ജീവനക്കാർ സുലൈമാനെ വാതിലിനടത്ത് തടയുകയും വിവരം പൊലിസിൽ അറിയിക്കുകയും ചെയ്തു. സുലൈമാനെതിരെ  മോഷണക്കുറ്റത്തിന് പൊലിസ് കേസെടുത്തു .അടുത്ത സമയങ്ങളിൽ ചില ജുവലറികളിൽ സമാന രീതിയിൽ നടന്ന മോഷണത്തിലും ഇയാൾക്ക് പങ്കുണ്ടോയെന്ന കാര്യവും പൊലിസ് അന്വേഷിച്ച് വരുകയാണ്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.