തീരം തിരയെടുക്കുന്നത് തടയാന്‍ ടൂറിസം സാധ്യതകൾക്കുതകുംവിധം നൂതന പുലിമുട്ട് പദ്ധതി.

തീരം തിരയെടുക്കുന്നത് തടയാന്‍ ടൂറിസം സാധ്യതകൾക്ക് ഉതകുംവിധം നൂതന പുലിമുട്ട് പദ്ധതി തയ്യാറാകുന്നു. രൂപരേഖ അടക്കമുള്ള പദ്ധതി നിര്‍ദേശം ടൂറിസം വകുപ്പിന് സമര്‍പ്പിച്ചു. അംഗീകാരം ലഭിച്ചാലുടന്‍ പദ്ധതി നടപ്പാക്കും.

വെള്ളത്തിന് മുകളില്‍ ചെറിയ പാര്‍ക്ക് പോലെയാണ് നിർമ്മാണം. വര്‍ണ വിളക്കുകള്‍ സ്ഥാപിച്ച്‌ സഞ്ചാരികള്‍ക്ക് മനോഹര കാഴ്‌ചയൊരുക്കുവാനാണ് പദ്ധതി. ഐലന്റ് മാതൃകയിൽ രൂപകല്പന ചെയ്തിട്ടുള്ള പുളിമുട്ടിലേയ്ക്ക് കടല്‍ തീരത്ത് നിന്ന് വള്ളത്തിലോ ബോട്ടിലോ  എത്താനാകും.

ആദ്യഘട്ടത്തിൽ കോവളം ലൈറ്റ് ഹൗസ്, ഹവ്വാ തീരങ്ങളില്‍ രണ്ട് പുലിമുട്ട് ദ്വീപുകളാണ് നിര്‍മ്മിക്കാന്‍ പദ്ധതി തയ്യാറാക്കിയത്.കരയില്‍ നിന്ന് 200 മീറ്റര്‍ ദൂരത്തിലാണ് പുലിമുട്ടുകള്‍ വരുന്നത്. ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വിഭാഗമാണ് പദ്ധതി തയ്യാറാക്കുന്നത്.

180 മീറ്ററായിരിക്കും നീളം. ജിയോ ട്യൂബ് ഉപയോഗിച്ചാല്‍ ചെലവ് 22 കോടിയില്‍ ഒതുങ്ങും. എന്നാല്‍ കരിങ്കല്‍ നിര്‍മ്മാണത്തിന് ചെലവ് 42 കോടിയാകും. കടലിലെ ഡാറ്റാ ശേഖരണത്തിന് പുറമെ ലാബില്‍ മാതൃകാപഠനവും നടത്തിയ ശേഷമാണ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയതെന്ന് അധികൃതര്‍ പറഞ്ഞു.

നൂതന പുലിമുട്ട് വരുന്നതോടെ തീരസംരക്ഷണം സുരക്ഷിതമാകുമെന്നാണ് പഠനം.  നിര്‍മ്മാണച്ചുമതല ഹാര്‍ബര്‍ എന്‍ജിനിയറിംഗ് വിഭാഗത്തിനാണ്.