ഉക്രൈനിൽ ഏത് നിമിഷവും റഷ്യയുടെ വ്യോമാക്രമണം,ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം

ന്യൂഡൽഹി:ഉക്രൈനിൽ ഏത് നിമിഷവും റഷ്യയുടെ വ്യോമാക്രമണം ഉണ്ടാകാമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ ഉക്രൈനിലുള്ള ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയം അതീവജാഗ്രതയ്ക്ക് നിർദേശം നൽകി.

എല്ലാവിധത്തിലുള്ള മുൻകരുതൽ നടപടികളും കൈക്കൊണ്ട് അവിടെയുള്ള ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നീക്കം പൂർത്തിയാക്കാൻ ഉക്രൈനിലെ സ്ഥാനപതി കാര്യാലയത്തിന് നിർദ്ദേശം നൽകി.

റഷ്യയുടെ ഭാഗത്തുനിന്ന് സൈനിക നടപടികൾ ഉണ്ടാകുമെന്ന സൂചനയുടെ അടിസ്ഥാനത്തിൽ ആണ് നിർദേശം. പൗരന്മാരെ മടക്കി കൊണ്ടുവരാൻ രണ്ട് പദ്ധതികളാണ് ഇന്ത്യ ആവിഷ്‌കരിച്ചിരിക്കുന്നത്. ഒന്ന് സാധാരണ വിമാന സർവീസ് വഴിയാണ്. സംഘർഷം മൂർഛിക്കുകയോ, റഷ്യ ആക്രമണം തുടങ്ങുകയോ ചെയ്താൽ സൈനിക വിമാനങ്ങൾ വഴി പൗരന്മാരെ ഉക്രൈനിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിക്കും.

പൗരൻമാരോട് ഉടൻ രാജ്യം വിടണമെന്നാണ് അമേരിക്കയും നിർദേശം. 48 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്നാണ് അമേരിക്കൻ പൗരന്മാർക്ക് നൽകിയിരിക്കുന്ന നിർദേശം. ബ്രിട്ടൻ, കാനഡ എന്നീ രാജ്യങ്ങളും പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി.

റഷ്യ-ഉക്രൈൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ പൗരന്മാരെ രക്ഷിക്കുക പ്രയാസമാകുമെന്ന് അമേരിക്ക വിലയിരുത്തി. അമേരിക്കൻ നയതന്ത്രജ്ഞർ ഉക്രൈൻ വിട്ടുകഴിഞ്ഞു.