തിരുവനന്തപുരം: വിമാനത്താവളത്തിൽ സ്ഫോടക വസ്തുക്കൾ തിരിച്ചറിയാൻ അവരെത്തിക്കഴിഞ്ഞു. സി.ഐ.എസ്.എഫിന്റെ ശ്വാനസേനയിലെ പുതിയ അംഗങ്ങൾ.
പത്ത് വർഷമായുണ്ടായിരുന്ന ആറ് നായകളുടെ സേവനം കഴിഞ്ഞ ഡിസംബറിൽ അവസാനിച്ചിരുന്നു. ഇവയ്ക്ക് പകരമായാണ് ഒരു വയസ്സുള്ള ആറ് പുതിയ നായകളെ സേനയിലെത്തിച്ചത്. ലാബ്രഡോർ വിഭാഗത്തിലുള്ള ഡ്യൂക്ക്, റോക്കി, കൂപ്പർ, റൈഡർ, റെമോ എന്നീ അഞ്ച് ആണും ഗോൾഡൻ റിട്രീവർ ഇനത്തിലുള്ള ഐവിയെന്ന പെൺനായയുമാണ് പുതിയ അംഗങ്ങൾ.
റാഞ്ചിയിലുള്ള സി.ഐ.എസ്.എഫിന്റെ ''ഡോഗ് ട്രെയിനിങ്' സ്കുളിൽ (ഡി.ടി.എസ്.) ഏഴുമാസത്തെ പരിശീലനം പൂർത്തിയാക്കിയാണ് ഇവിടേക്ക് എത്തിയത്. ജനുവരി 26-ന് വിമാനത്താവളത്തിൽ നടന്ന ഔദ്യോഗിക പരേഡിൽ പങ്കെടുപ്പിച്ചശേഷമാണ് നായകളെ ജോലിയിൽ പ്രവേശിപ്പിച്ചത്. പത്ത് വർഷമാണ് പുതിയ നായകളുടെയും സേവനകാലാവധി.
വിമാനത്താവളത്തിൽ വന്നുപോകുന്ന വിമാനങ്ങളിലും യാത്രക്കാരുടെ ബാഗുകളിലും സ്ഫോടകവസ്തുക്കളുണ്ടോയെന്ന് കണ്ടെത്തുകയാണ് നായകളുടെ ജോലി. നാലുമണിക്കൂറാണ് ഒരു ഗ്രൂപ്പിന്റെ ജോലി സമയം. മുട്ടത്തറയിലുള്ള സി.ഐ.എസ്.എഫിന്റെ ബാരക്കിൽ ശീതികരിച്ച മുറികളിലാണ് ഇവയെ പാർപ്പിക്കുക.
എസ്.ഐ. രാജന്റെ നിയന്ത്രണത്തിലുള്ള ഒൻപത് ഉദ്യോഗസ്ഥരാണ് ഇവരുടെ പരിപാലകർ. എല്ലാ ദിവസവും വിവിധതരത്തിലുള്ള സ്ഫോടകവസ്തുക്കൾ മണപ്പിച്ചുള്ള പരിശീലനം ഉണ്ടാകുമെന്ന് സി.ഐ.എസ്.എഫ്. കമാൻഡർ സുധീർകുമാർ പറഞ്ഞു"