വർക്കല: വക്കം പായൽമൂടിക്കിടന്ന ക്ഷേത്രക്കുളം വൃത്തിയാക്കിയ വിദ്യാർഥികൾക്ക് വർക്കല ശിവഗിരി റെയിൽവേ വെൽഫെയർ അസോസിയേഷന്റെ അനുമോദനം. വക്കം വെളിവിളാകം ക്ഷേത്രക്കുളം പായൽമുക്തമാക്കിയ കടയ്ക്കാവൂർ എസ്.എസ്.പി.ബി.എച്ച്.എസ്.എസിലെ വിദ്യാർഥികളായ പ്രഭാത്, തുഷാർ, വിഷ്ണു, സിദ്ധാർഥ്, വിശാഖ് എന്നിവരെയാണ് അനുമോദിച്ചത്. ഏറെനാളായി പായൽമൂടി ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു കുളം. പ്രദേശവാസികളായ വിദ്യാർഥികൾ രക്ഷിതാക്കളുടെ അനുമതിയോടെയാണ് പായൽനീക്കാൻ മുന്നിട്ടിറങ്ങിയത്. മൂന്നുദിവസത്തെ പ്രയത്‌നത്തിനൊടുവിലാണ് പായൽ മുഴുവൻ നീക്കിയത്.
പായൽമൂടിയ കുളത്തിന്റെയും തുടർന്ന് വിദ്യാർഥികൾ വൃത്തിയാക്കുന്നതിന്റെയും വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ മീഡിയയിലൂടെയും മാധ്യമങ്ങളിലൂടെയും പ്രസിദ്ധീകരിച്ചിരുന്നു. ഇതുകണ്ടാണ് വർക്കല ശിവഗിരി റെയിൽവേ വെൽഫെയർ അസോസിയേഷൻ കുട്ടികളെ അനുമോദിക്കാൻ എത്തിയത്. വക്കം വെളിവിളാകം ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റും സ്റ്റേഷൻ സൂപ്രണ്ടുമായ സി.പ്രസന്നകുമാർ കുട്ടികൾക്ക് ഉപഹാരം നൽകി. നാടിന്റെ പുരോഗതിക്കും, നാടിന് നല്ല നേതൃത്വം ലഭിക്കാനും, ഇവരെപ്പോലെ ചുണ കുട്ടികളെ ആണ് നാടിന് ആവശ്യം .നല്ല പരിശീലനം നൽകിയാൽ രാജ്യത്തെ നയിക്കാൻ ഉള്ള ശക്തിയായി ഇവരെപ്പോലെ ഉള്ളവർ മാറും. എന്ന് അസോസിയേഷൻ പ്രസിഡന്റും സ്റ്റേഷൻ സൂപ്രണ്ടുമായ
സി.പ്രസന്നകുമാർ പറഞ്ഞു. കുട്ടികളുടെ കൂടെ കുറച്ചുനേരം നേരം ചെലവഴിക്കുകയും കുട്ടികൾ വൃത്തിയാക്കിയ കുളം നേരിട്ട് കാണുകയും ചെയ്ത ശേഷമായിരുന്നു മടങ്ങിയത്. പഞ്ചായത്തംഗങ്ങളായ ശാന്തമ്മ, ജൂലി, അസോസിയേഷൻ ഭാരവാഹികളായ ലൈന കണ്ണൻ, സുനി, മീഡിയ ഓറഞ്ച് ഡയറക്ടർ ധനീഷ്, പ്രദീപ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.