തൃശൂർ: എറണാകുളം - ഹൗറ അന്ത്യോദയ എക്‌സ്‌പ്രസ് ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത ടി.ടി.ഇയെ ക്രൂരമായി മർദ്ദിച്ച രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. ജാർഖണ്ഡ് സ്വദേശികളായ ഷൗക്കത്തലി (27), അനീക്കുൾ ഷേയ്ക്ക് (25) എന്നിവരെയാണ് തൃശൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്.
ടിക്കറ്റ് പരിശോധകൻ പെരുമ്പാവൂർ കുറുപ്പംപടി സ്വദേശി ബസിക്കാണ് (33) മർദ്ദനമേറ്റത്. ദേഹമാസകലം പരിക്കേറ്റ ബസിയെ തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കൊച്ചി കളമശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ എറണാകുളത്തു നിന്ന് പുറപ്പെട്ട ട്രെയിൻ ആലുവ സ്റ്റേഷൻ പിന്നിട്ടപ്പോളാണ് സംഭവം. തൊഴിലാളികൾ ആലുവയിൽ നിന്ന് നാട്ടിലേക്ക് പോകുകയായിരുന്നു. ടിക്കറ്റ് ചോദിച്ചതിന്റെ പേരിൽ ടി.ടി.ഇയുമായി തൊഴിലാളികൾ തർക്കത്തിലായി. തുടർന്ന് പിഴയടയ്ക്കാനുള്ള രസീത് നൽകിയപ്പോഴേക്കും ഒപ്പമുണ്ടായിരുന്ന ഒരാൾ ആടുത്ത കമ്പാർട്ടുമെന്റിലേക്ക് ഓടി മറഞ്ഞു. അവിടെയെത്തി പരിശോധിച്ച ശേഷം പിഴ ഈടാക്കാൻ നടപടി എടുക്കുമ്പോഴാണ് സംഘം ചേർന്ന തൊഴിലാളികൾ ടി.ടി.ഇയെ മർദ്ദിച്ചത്. ബസി വിവരമറിയിച്ചതിനെ തുടർന്ന് ട്രെയിൻ തൃശൂരിലെത്തിയപ്പോഴാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.10 പേരാണ് അക്രമിച്ചതെ ണ് ടി.ടി.ഇ മൊഴി നൽകി. ടി.ടി.ഇയുടെ മൊബൈൽ ഫോണും ചാർട്ട് പേപ്പറും പിഴയായി ഈടാക്കിയ 30,000 രൂപയും തൊഴിലാളികൾ വലിച്ചെറിഞ്ഞെന്ന് റെയിൽവേ പൊലീസ് പറഞ്ഞു. കൂടുതൽ പേരെ പ്രതിചേർക്കുമെന്നും പൊലീസ് പറഞ്ഞു. ട്രെയിനിൽ പതിനഞ്ചുപേർ ടിക്കറ്റില്ലാതെ യാത്ര ചെയ്തെന്നാണ് പൊലീസിന് ലഭിച്ച വിവരം.