വിതുര: ആദിവാസി ഊരുകളിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ വ്യക്തമായ പദ്ധതികളുമായി സർക്കാർ മുന്നോട്ടുണ്ടെന്ന് വകുപ്പു മന്ത്രി രാധാകൃഷ്ണൻ.
സമീപകാലത്ത് മേഖല നേരിട്ട പെൺകുട്ടികളുടെ ആത്മഹത്യകൾ മാത്രമല്ല അടിസ്ഥാന പ്രശ്‌നങ്ങളും ജീവിത സൗകര്യങ്ങളുടെ അപര്യാപ്തതയും പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കും. വിതുരയിലെ നാരകത്തിൻകാല ഊര് സന്ദർശിച്ചശേഷം നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ക്ഷേമപദ്ധതികൾ മന്ത്രി വിശദീകരിച്ചു. പദ്ധതികൾ ഇവയാണ്:
*റവന്യൂ, പട്ടികവർഗ, വനംവകുപ്പുകൾ, പോലീസ്, എക്‌സൈസ് വകുപ്പുകളെയും ത്രിതല പഞ്ചായത്ത് സമിതികളെയും ഏകോപിപ്പിക്കും*.
*ശോച്യാവസ്ഥയിലായ വീടുകളും പൊട്ടിപ്പൊളിഞ്ഞ റോഡുകളും നവീകരിക്കും*.
*പാലങ്ങൾ നിർമിക്കും*.
എസ്.എസ്.എൽ.സി, പ്ലസ്.ടു. പരീക്ഷകളിൽ വിജയിക്കുന്നവർക്ക് പ്രോത്സാഹനമായി യഥാക്രമം 3000-രൂപയും, 5000-രൂപയും നൽകും. ഊരുകളിൽ തുടർ വിദ്യാഭ്യാസ പദ്ധതി നടപ്പാക്കും.
പി.എസ്.സി. വഴി വനം, പോലീസ് സേനകളിൽ ആദിവാസികൾക്ക് നിയമനം നൽകും.
കൗമാരപ്രായക്കാരുടെ മാനസികാരോഗ്യം ലക്ഷ്യമിട്ട് ബോധവത്കരണ പരിപാടികൾ നടപ്പിലാക്കും.
ആദിവാസി ഫണ്ടുകൾ വിനിയോഗിക്കുന്ന കാര്യത്തിലും കൂടുതൽ ജാഗ്രത പുലർത്തും.
വ്യക്തമായ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ
*കുട്ടികളുമായി സംവദിച്ചു*
ഊര് സന്ദർശനത്തിനിടെ കുട്ടികളുമായി സംസാരിക്കാനും മന്ത്രി കെ.രാധാകൃഷ്ണൻ സമയം കണ്ടെത്തി. നാരകത്തിൻകാലയിലെ സാമൂഹ്യപഠനമുറിയിൽ വച്ചായിരുന്നു സംവാദം. ആരാകണമെന്നാണ് ആഗ്രഹം എന്ന ചോദ്യത്തിന് മിക്ക കുട്ടികളും പോലീസ് എന്നാണ് മറുപടി പറഞ്ഞത്. ഗോത്രസാരഥിപദ്ധതി നിലച്ചതിനെക്കുറിച്ച് പരാതി പറയാനും അവർ മറന്നില്ല. പരിഹരിക്കാമെന്ന് മന്ത്രി ഉറപ്പും നൽകി. വാമനപുരം ആറിലൂടെ നടന്നാണ് മന്ത്രി കെ.രാധാകൃഷ്ണൻ നാരകത്തിൻകാലയിലെത്തിയത്. അറവലക്കരിക്കകം കടവിലൂടെ നടന്നെത്തിയ മന്ത്രിക്ക് ആദിവാസികൾ അനുഭവിക്കുന്ന യാത്രാദുരിതം നേരിട്ട് മനസിലായി. മഴക്കാലത്ത് കിലോമീറ്ററുകൾ ചുറ്റി യാത്ര ചെയ്യേണ്ട സ്ഥിതി പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. അറവലക്കരിക്കകം കടവിൽ പാലം നിർമിക്കുന്നതിനുള്ള പദ്ധതി ആവിഷ്‌കരിച്ച് റിപ്പോർട്ടു നൽകാൻ ബന്ധപ്പെട്ടവർക്ക് അദ്ദേഹം നിർദ്ദേശം നൽകി.