*പാർവതീപുത്തനാറിനു കുറുകെ നടപ്പാലങ്ങളും നിർമിക്കും*

കോവളം സംസ്ഥാന ജലപാതയുടെ ഭാഗമായ പാർവതീ പുത്തനാറിന്റെ കോവളം മുതൽ ആക്കുളം വരെയുള്ള പതിനാറരക്കിലോമീറ്ററിനുള്ളിൽ നാല് പുതിയ പാലങ്ങളും ആറിനോടുചേർന്ന് നാല്‌ ജെട്ടികളും നിർമിക്കുന്നു.

ഉൾനാടൻ ജലഗതാഗത വകുപ്പിന്റെയും കേരള വാട്ടർവേയ്‌സ് ആൻഡ് ഇൻഫ്രാസ്ട്രക്‌ച്ചർ ലിമിറ്റഡിന്റെയും(ക്വിൽ) നേതൃത്വത്തിലാണ് നിർമാണം. പനത്തുറ, ഇടയാർ-മൂന്നാറ്റുമുക്ക്, പൂന്തുറ എസ്.എം.ലോക്ക്, മുട്ടത്തറ-പൊന്നറ എന്നിവിടങ്ങളിലാണ് പുതിയ പാലങ്ങൾ നിർമിക്കുക.
കുമരിച്ചന്ത ബൈപ്പാസിൽനിന്ന് പൂന്തുറ, ബീമാപള്ളി എന്നിവിടങ്ങളിലേക്കു പോകുന്ന പഴയ എസ്.എം. ലോക്ക് പാലവും മുട്ടത്തറ കല്ലുമ്മൂട് ബൈപ്പാസിൽനിന്ന് വലിയതുറ, ശംഖുംമുഖം ആഭ്യന്തര ടെർമിനൽ എന്നിവിടങ്ങളിലേക്കു പോകുന്ന മുട്ടത്തറ-പൊന്നറ പാലവും പൊളിച്ചു നീക്കും.

പനത്തുറയിൽ ബോട്ടുകടന്നുവരുമ്പോൾ ഉയർത്തിമാറ്റാവുന്ന പാലമാണ് നിർമിക്കുക. കോവളം, തിരുവല്ലം, വള്ളക്കടവ്, ചാക്ക എന്നിവിടങ്ങളിലായി നാല്‌ ബോട്ടുജെട്ടികൾ നിർമിക്കുക.
പനത്തുറ തോട്ടുമുക്ക് നിവാസികൾക്കും വള്ളക്കടവിനു സമീപം കാരാളി നിവാസികൾക്കും പ്രധാന റോഡിലേക്കു വന്നുപോകുന്നതിനായി ആറിനു കുറുകെ നടപ്പാലവും നിർമിക്കും. ഇതിന്റെ നടപടികൾ പൂർത്തിയായി വരുന്നതായി അധികൃതർ പറഞ്ഞു. ഇതോടൊപ്പം പുത്തനാറിന്റെ ഇരുകരകളിലും സംരക്ഷണഭിത്തി നിർമിക്കും. ആറിലുള്ള മാലിന്യങ്ങളും കുളവാഴകളും നീക്കി ആഴംകൂട്ടും. ഇതിനായി കിഫ്ബി പദ്ധതിയിൽ 183 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്.