അഞ്ചുതെങ്ങ് തീരദേശമേഖലയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ആറ്റിങ്ങൽ വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ ഓഫീസിനു മുന്നിൽ സിപിഎം അഞ്ചുതെങ്ങ് ലോക്കൽകമ്മറ്റിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല സമരം ആരംഭിച്ചു. സിപിഐ(എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ. രാമു ഉദ്ഘാടനം ചെയ്തു.
കടലിനും കായലിനുമിടയിൽ ഒരു തുള്ളി ശുദ്ധജലം പോലും ലഭിക്കാതെ കഴിയുന്ന 25,000 ത്തോളം വരുന്ന തീരദേശജനതയ്ക്ക് കുടിവെള്ളം ലഭ്യമാക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ആറ്റിങ്ങൽ ജല അതോറിട്ടിക്ക് മുന്നിൽ സി.പി.എം അനിശ്ചിതകാല ഉപരോധസമരം ആരംഭിച്ചിരിക്കുന്നത്.
അഞ്ചുതെങ്ങിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുക, ഏഴ് മാസമായി പൊട്ടി കിടക്കുന്ന അഞ്ചുതെങ്ങ് കായലിന് അടിയിലൂടെയുള്ള വക്കം - കായിയ്ക്കരക്കടവ് പൈപ്പ് ലൈൻ പുനഃസ്ഥാപിക്കുക, അഞ്ചുതെങ്ങിലേക്ക് പ്രത്യേക പദ്ധതി തയ്യാറാക്കുക, പ്രത്യേക പൈപ്പുലൈൻ സ്ഥാപിക്കുക, പഞ്ചായത്ത് പ്രദേശത്തെ വർഷങ്ങൾ പഴക്കമുള്ള പൈപ്പുലൈൻ മാറ്റി സ്ഥാപിക്കുക, ജലവിതരണത്തിൽ അനാസ്ഥ കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സമരം.
മൂന്ന് ദിവസത്തിലൊരിക്കൽ പഞ്ചായത്തിന്റെ പല ഭാഗത്തും കുടിവെള്ളം ലഭിച്ചു കൊണ്ടിരുന്നു. എന്നാൽ ഇപ്പോൾ ആഴ്ചയിൽ ഒരുദിവസം പോലും വെള്ളം കിട്ടാത്ത അവസ്ഥയാണ്.
അഞ്ചുതെങ്ങ് നിവാസികൾക്ക് വേണ്ടിയാണ് 1957ൽ ഡച്ച് ഗവൺമെന്റിന്റെ സഹായത്തോടെ അഞ്ചുതെങ്ങ് കുടിവെള്ള പദ്ധതി ആരംഭിച്ചത്.എന്നാൽ ഇവിടെ ഒരു തുള്ളി വെള്ളമില്ല. ജനങ്ങളോട് കടപ്പാടുള്ള പാർട്ടിയെന്നുള്ള നിലയ്ക്ക് ഇനിയും നോക്കി നിൽക്കാൻ സി.പി.എമ്മിന് കഴിയില്ല. അതുകൊണ്ടാണ് സമരത്തിന് തയ്യാറായതെന്ന് ഉദ്ഘാടനപ്രസംഗത്തിൽ ആർ രാമു സൂചിപ്പിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാ ബീഗം, അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലൈജു, അഞ്ചുതെങ്ങ് സുരേന്ദ്രൻ, സി പയസ്, എം മുരളി, സി ചന്ദ്രബോസ്, പ്രവീൺ ചന്ദ്ര, തുടങ്ങിയവർ പങ്കെടുത്തു.