*സൈന്യത്തെ അയക്കില്ല, കൂടുതല്‍ ഉപരോധം പുട്ടിനും റഷ്യയും പ്രത്യാഘാതം നേരിടേണ്ടിവരും- ബൈഡന്‍*

വാഷിങ്ടണ്‍: യുക്രൈനില്‍ അധിനിവേശം നടത്തികൊണ്ടിരിക്കുന്ന റഷ്യക്കെതിരെ കൂടതല്‍ കടുത്ത ഉപരോധങ്ങളുമായി അമേരിക്ക. പുതിന്‍ അതിക്രമിയാണെന്ന് വിശേഷിപ്പിച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ യുദ്ധം തിരഞ്ഞെടുത്ത പുതിനും അദ്ദേഹത്തിന്റെ രാജ്യവും പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കി.
അതേ സമയം യുക്രൈനിലേക്ക് യുഎസ് സൈന്യത്തെ അയക്കില്ലെന്നും എന്നാല്‍ നാറ്റോ രാജ്യങ്ങളുടെ ഓരോ ഇഞ്ച് പ്രദേശവും പ്രതിരോധിക്കുമെന്നും ബൈഡന്‍ വ്യക്തമാക്കി.

അന്താരാഷ്ട്ര വേദിയില്‍ പുതിന്‍ പരിഹാസ്യനാകുമെന്നും ബൈഡന്‍ പറഞ്ഞു. യുക്രൈനെതിരെ തികച്ചും ന്യായീകരിക്കാനാവാത്ത യുദ്ധം നടത്താനുള്ള പുതിന്റെ നടപടി റഷ്യയെ ദുര്‍ബലമാക്കുകയും ലോകത്തെ മറ്റ് രാജ്യങ്ങളെ ശക്തമാക്കുകയും ചെയ്യും' യുഎസ് പ്രസിഡന്റ് പറഞ്ഞു.

റഷ്യയുടെ നാല് പ്രധാനപ്പെട്ട ബാങ്കുകള്‍ക്കുമേല്‍കൂടി ഉപരോധം ഏര്‍പ്പെടുത്തി. ഇവരുടെ അമേരിക്കയിലുള്ള ആസ്തികള്‍ മരവിപ്പിക്കും. 21-ാം നൂറ്റാണ്ടില്‍ ഹൈടെക് സമ്പദ് വ്യവസ്ഥയില്‍ മത്സരിക്കാനുള്ള റഷ്യയുടെ കഴിവിനെ തടസ്സപ്പെടുത്തുമെന്നും ബൈഡന്‍ അറിയിച്ചു.

യുക്രൈന്‍ പിടിച്ചെടുക്കുന്നതിനേക്കാള്‍ വലിയ ആഗ്രഹം പുതിനുണ്ട്. സോവിയറ്റ് യൂണിയന്‍ പുനഃസ്ഥാപിക്കപ്പെടുക എന്നതാണ് പുതിന്‍ ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ റഷ്യയെ ദുര്‍ബലമാക്കും. കയറ്റുമതി നിയന്ത്രണം അടക്കമുള്ള ഉപരോധങ്ങള്‍ റഷ്യക്ക് ദീര്‍ഘകാല പ്രത്യാഘാതം സൃഷ്ടിക്കുന്നതാണെന്നും ബൈഡന്‍ പറഞ്ഞു.