നെടുമങ്ങാട്: മനഃസാക്ഷിയെ ഞെട്ടിച്ച അമ്പലംമുക്ക് കൊലക്കേസിൽ മരിച്ച വിനീതയുടെ മക്കൾക്ക് കേന്ദ്രീയവിദ്യാലയത്തിൽ പഠനസൗകര്യമൊരുക്കുമെന്ന് സുരേഷ്‌ഗോപി എം.പി. പറഞ്ഞു. നെടുമങ്ങാട് വാണ്ട ചാരുവള്ളിക്കോണത്തെ വിനീതയുടെ വീട്ടിലെത്തി മക്കളായ എട്ടാം ക്ലാസ് വിദ്യാർഥി അക്ഷയ്, ആറാം ക്ലാസ് വിദ്യാർഥിനി അനന്യ എന്നിവരെക്കണ്ട് സംസാരിക്കുകയായിരുന്നു എം.പി. മകളുടെ വേർപാടിന്റെ മുറിവുണങ്ങാത്ത അച്ഛൻ വിജയനെയും അമ്മ രാഗിണിയെയും സുരേഷ്‌ഗോപി ആശ്വസിപ്പിച്ചു.
കുട്ടികളുടെ ഭാവിയാണ് ഇനി നോക്കേണ്ടതെന്നും പഠനകാര്യങ്ങൾക്ക് ഏറെ ശ്രദ്ധ നൽകേണ്ട പ്രായമാണെന്നും അവർക്ക് ഉയർന്നതലത്തിൽ പഠിക്കാൻ കേന്ദ്രീയ വിദ്യാലയത്തിൽ പ്രവേശനം തരപ്പെടുത്തുമെന്നും യാത്രാക്ലേശം ഒഴിവാക്കാനായി ശ്രീമൂലം തിരുനാൾ മഹിളാമന്ദിരത്തിൽ തങ്ങിനിന്നു പഠിക്കാനുള്ള സൗകര്യം ചെയ്യുമെന്നും സുരേഷ്‌ഗോപി പറഞ്ഞു. ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് ഹരിപ്രസാദ്, ജനറൽ സെക്രട്ടറി കുറക്കോട് ബിനു, ട്രഷറർ സജു, സുനിലാൽ, താരാജയകുമാർ, സുമയ്യമനോജ്, വിനോദിനി, സംഗീത രാജേഷ് തുടങ്ങിയവർ എം.പി.ക്കൊപ്പമുണ്ടായിരുന്നു.