ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്ക് പേരൂർക്കട എസ്.എ.പി. ക്യാമ്പിൽവെച്ച് പാമ്പുപിടിത്തത്തിനു പരിശീലനം നൽകുന്നു
തിരുവനന്തപുരം: പാമ്പുകളെ ശാസ്ത്രീയമായി പിടിക്കാൻ പരിശീലനം നൽകി വനംവകുപ്പ്. 78 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്ക് ബുധനാഴ്ച പേരൂർക്കട എസ്.എ.പി. ക്യാമ്പിൽവെച്ച് പരിശീലനം നൽകി. വനംവകുപ്പ് ഉദ്യോഗസ്ഥ നീതു ലക്ഷ്മിയുടെ നേതൃത്വത്തിൽ അരിപ്പ ട്രെയിനിങ് സ്‌കൂൾ ഡെപ്യൂട്ടി ഡയറക്ടർ മുഹമ്മദ് അൻവർ, റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ രമ്യ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ റോഷ്‌നി, തിരുവനന്തപുരം സർപ്പ കോ-ഓർഡിനേറ്റർ എം.ശരത് എന്നിവരാണ് പരിശീലനം നൽകിയത്.
മാർച്ചിൽ ജില്ലാ അടിസ്ഥാനത്തിൽ പൊതുജനങ്ങൾക്ക് പരിശീലനം നൽകാനും തീരുമാനിച്ചിട്ടുണ്ട്.
ക്ലാസും പ്രായോഗിക പരിശീലനവും ഉൾപ്പെടെ രണ്ട് ദിവസത്തെ പരിശീലനമാണ് നൽകുന്നത്. ഈ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പാമ്പുപിടിത്തത്തിനുള്ള സർട്ടിഫിക്കറ്റ് നൽകും.
2019-ലാണ് ആദ്യമായി വനം വകുപ്പ് പാമ്പിനെ പിടിക്കാൻ പരിശീലനം നൽകിയത്. ഇതുവരെ 60-ഓളം പേർക്ക് ശാസ്ത്രീയമായി പാമ്പുപിടിയ്ക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് നൽകി. ഇവരിൽ പലരും പൊതുജനങ്ങളുടെ ആവശ്യമനുസരിച്ച് പാമ്പിനെ പിടിക്കുന്നുണ്ട്.