അഹമ്മദാബാദ്: സമ്മാനമായി കിട്ടിയ പുത്തൻ ഹെലിക്കോപ്റ്റർ തന്റെ നാട്ടിലെ ജനങ്ങളുടെ ആരോഗ്യ ആവശ്യങ്ങൾക്കായി വിട്ടുനൽകി പത്മശ്രീ പുരസ്കാര ജേതാവ്. സൂറത്തിലെ വജ്രവ്യാപാരിയായ സവ്ജി ദൊലാക്യയാണ് കുടുംബാംഗങ്ങൾ തനിക്ക് സമ്മാനമായി നൽകിയ 50 കോടി വിലവരുന്ന ഹെലിക്കോപ്റ്റർ സൂറത്തിലെ ജനങ്ങൾക്കായി വിട്ടുനൽകിയത്. നേരത്തെ കമ്പനിയിലെ ജീവനക്കാർക്ക് ദീപാവലി സമ്മാനമായി ഫ്ളാറ്റുകളും കാറുകളും നൽകിയും ദൊലാക്യ വാർത്തകളിലിടം പിടിച്ചിരുന്നു.
പത്മശ്രീ പുരസ്കാരം ലഭിച്ചതിനെ തുടർന്നാണ് സ്നേഹസമ്മാനമായി ദൊലാക്യയുടെ കുടുംബാംഗങ്ങൾ അദ്ദേഹത്തിന് പുതിയ ഹെലിക്കോപ്റ്റർ സമ്മാനിച്ചത്. സൂറത്തിലെ ജനങ്ങളുടെ ആരോഗ്യ ആവശ്യങ്ങൾക്കായി ഒരു ഹെലിക്കോപ്റ്റർ സംഭാവന നൽകുന്നതിനെ കുറിച്ച് കുറച്ചു നാളായി താൻ ചിന്തിക്കുകയായിരുന്നെന്ന് ദൊലാക്യ പറഞ്ഞു. അങ്ങനെയിരിക്കെയാണ് കുടുംബാംഗങ്ങളുടെ സർപ്രൈസ് സമ്മാനത്തെ കുറിച്ച് അറിയുന്നത്. ഉടൻ തന്നെ ഈ ഹെലിക്കോപ്റ്റർ സംഭാവന നൽകാൻ അദ്ദേഹം തീരുമാനക്കുകയായിരുന്നു.
കുടുംബാംഗങ്ങൾ സമ്മാനിച്ച ഈ സ്നേഹം തന്റെ നാട്ടുകാർക്കായി നൽകാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ദൊലാക്യ പറഞ്ഞു. സർക്കാർ അനുമതി ലഭിക്കുന്നതോടെ ഹെലിക്കോപ്റ്റർ ജനങ്ങൾക്കായി വിട്ടുനൽകും. ജലക്ഷാമം നേരിടുന്ന സൗരാഷ്ട്ര മേഖലയിൽ ജലസംരക്ഷണത്തിനും ജലസംഭരണികൾ നിർമ്മിക്കുന്നതിനുമായി ജീവിതം സമർപ്പിച്ച വ്യക്തി കൂടിയാണ് ദൊലാക്യ. തന്റെ ജില്ലയായ അമ്രേലിയിൽ നിലവിൽ 75 ൽ കൂടുതൽ ജലസംഭരണികളും കുളങ്ങളും അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. തന്റെ കമ്പനിയിലെ ജീവനക്കാർക്കായി അഞ്ഞൂറിലേറെ കാറുകളും സ്വർണാഭരണങ്ങളും ഫ്ളാറ്റുകളും നൽകിയും അദ്ദേഹം ഞെട്ടിച്ചിരുന്നു.
5500 ലേറെ ജീവനക്കാരുള്ള ദൊലാക്യയുടെ കമ്പനിയുടെ വാർഷിക വരുമാനം 6000 കോടി രൂപയിലേറെയാണ്. 1977 ൽ കേവലം 12.5 രൂപയും പോക്കറ്റിലിട്ട് സൂറത്തിലെത്തിയ ആളാണ് അദ്ദേഹം. ഇന്ന് രാജ്യത്തെ ഡയമണ്ട് വ്യാപാര മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിത്വങ്ങളിലൊരാളാണ് സവ്ജി ദൊലാക്യ