തിരുവനന്തപുരം: കഴിഞ്ഞ കൊല്ലത്തിന് സമാനമായി വീട്ടുമുറ്റങ്ങൾ ഇക്കുറിയും പൊങ്കാലയുടെ പൂക്കളങ്ങളാകുന്നു. മനസ്സിൽ ആറ്റുകാലമ്മയ്ക്കുള്ള മൗനപ്രാർഥനയും പൂമുറ്റത്ത് നിറമനസ്സോടെ പൊങ്കാലയും, കോവിഡിന്റെ പശ്ചാത്തലത്തിൽ ഒരിക്കൽകൂടി ഭക്തർ സ്വയം ഏറ്റെടുത്തു കഴിഞ്ഞു. എല്ലാം അമ്മയ്‌ക്കെന്ന പ്രാർഥന പോലെ അമ്മയ്ക്കായി വീട്ടുമുറ്റത്തേക്കും.
രണ്ടുകൊല്ലം മുമ്പ് 2020 മാർച്ച് ഒൻപതിനായിരുന്നു പരമ്പരാഗത രീതിയിൽ ആറ്റുകാൽ പൊങ്കാല നടന്നത്. കേരളത്തിൽ കോവിഡ് വ്യാപനത്തിന്റെ സൂചനകൾ അപ്പോഴേക്കും ഉയർന്നിരുന്നു. എന്നാൽ പൊങ്കാല നടത്തുന്നതിന് തടസ്സമായിരുന്നില്ല രോഗത്തിന്റെ തീവ്രത. പങ്കെടുക്കുന്നവർക്കെല്ലാം ഇൻഷുറൻസ് ഏർപ്പെടുത്താൻ അന്ന് ക്ഷേത്രട്രസ്റ്റ് തയ്യാറായി. സർക്കാർ മറ്റ് സുരക്ഷാമാർഗങ്ങൾ അവലംബിച്ചു. പങ്കെടുത്തവർ സ്വയം പ്രതിരോധത്തിന്റെ മറ തീർത്തു. പൊങ്കാലയ്ക്ക് മംഗളകരമായ സമാപനമായിരുന്നു.
കഴിഞ്ഞ കൊല്ലം പൊങ്കാല നടത്തിപ്പിൽ സർക്കാർ നിർദ്ദേശമുണ്ടായപ്പോൾ ക്ഷേത്രത്തിൽ മാത്രമായി പണ്ടാര പൊങ്കാല അർപ്പിക്കാൻ ക്ഷേത്രട്രസ്റ്റ് തീരുമാനിച്ചു. ഇക്കൊല്ലം ആ കടവും ഭാരവും ഇറക്കിവെയ്ക്കാമെന്ന ആശ്വാസത്തോടെയാണ് ഭക്തർ വീട്ടുമുറ്റങ്ങൾ പൊങ്കാലക്കളങ്ങളാക്കിയത്. ഇക്കുറിയും അതു തുടരുന്നു.അതിനൊപ്പം തലസ്ഥാന നഗരത്തിൽ പൊങ്കാല നാളുകളിൽ പതിവുള്ള സ്ഥിരം കാഴ്ചകളും ഓർമയാവുകയാണ്.
കിഴക്കേക്കോട്ട, കിള്ളിപ്പാലം, തകരപ്പറമ്പ്, തമ്പാനൂർ എന്നിവിടങ്ങളിലെല്ലാം ഉയരുന്ന മൺകലങ്ങളുടെയും ഇഷ്ടികയുടെയും കുങ്കുമവർണം, വർഷത്തിലൊരിക്കൽ മാത്രം കാണുന്ന ഓലച്ചൂട്ട്, കൊതുമ്പ്, പനനാരുവട്ടി, മുറം എന്നിവ, ഓണക്കോടി പോലെ ഉപയോഗിച്ചിരുന്ന പൊങ്കാല വസ്ത്രങ്ങൾ ഇവ പേരിന് മാത്രമായി ചുരുങ്ങി. നഗരത്തിൽ കാണാവുന്നിടത്തെല്ലാം ഉയരുന്ന പൂജാമണ്ഡപങ്ങൾ. അവയിൽ ആറ്റുകാലമ്മയുടെ പുഷ്പാലംകൃതമായ ചിത്രത്തിന് മുന്നിൽ നിറയുന്ന പൂജാദ്രവ്യങ്ങൾ. പൊങ്കാലയെയും ഭക്തരെയും വരവേൽക്കാൻ ദിവസങ്ങൾക്ക് മുൻപു നഗരത്തിലെ ഭക്തസംഘടനകൾ നടത്തുന്ന തയ്യാറെടുപ്പുകൾ. പൊങ്കാല നാളിലെ തിരക്ക് എന്നിവയും ഗൃഹാതുരസ്മരണകളായി മാറുകയാണ്.
ജില്ലയിലെ മറ്റ് നഗരങ്ങളിലും ഗ്രാമങ്ങളിലും ഭക്തർ വീടുകളിൽ തന്നെയാണ് പൊങ്കാല അർപ്പിക്കുന്നത്. ചിലയിടങ്ങളിൽ കുടുംബശ്രീയുടെയും ഭക്തസംഘടനകളുടെയും നേതൃത്വത്തിൽ കോവിഡ് മാനദണ്ഡം പാലിച്ച് ക്ഷേത്രാങ്കണങ്ങളിലും പൊങ്കാലയിടുന്നുണ്ട്. കന്യാകുമാരി ജില്ലയിൽ കഴിഞ്ഞ കൊല്ലം വിവിധ സ്ഥലങ്ങളിൽ ആറ്റുകാൽ പൊങ്കാല സമൂഹപൊങ്കാലയായി നടന്നിരുന്നു. വർഷങ്ങളായി ആറ്റുകാലിലെത്തിയിരുന്ന ഭക്തരാണ് സമാന്തര പൊങ്കാല നാട്ടിൽ ഒരുക്കിയത്. ഇക്കുറിയും അവ ആവർത്തിക്കും.
നിയന്ത്രണങ്ങൾക്ക് നടുവിലും ക്ഷേത്രത്തിൽ ഉത്സവനാളുകളിൽ ദർശനത്തിനെത്തിയവർ നിരവധിയാണ്. വിവിധ ജില്ലകളിൽ നിന്നും കൈക്കുഞ്ഞുങ്ങളുമായി വന്നവരും വയോധികരും ഏറെയുണ്ട്. മുഖാവരണമണിഞ്ഞ് അണുനാശിനി തേച്ച കൂപ്പുകൈകളുമായി ഭക്തർ ആറ്റുകാലമ്മയെ മനംനൊന്ത് വിളിച്ചു. രോഗമകന്ന, ആത്മശാന്തിയുടെ നാളുകൾ എത്തണമെന്ന പ്രാർഥനയോടെ....
ആറ്റുകാലിൽ ഇന്ന്
: പള്ളിയുണർത്തൽ 4.30, നിർമാല്യദർശനം 5.00, ഉഷഃപൂജ 6.40, പന്തീരടിപൂജ 8.30, ശുദ്ധപുണ്യാഹം 10.20, അടുപ്പുവെട്ട്, പൊങ്കാല 10.50, ഉച്ചപ്പൂജ, പൊങ്കാലനിവേദ്യം, ഉച്ചയ്ക്ക് 1.20, ഉഷഃശ്രീബലി, ഉച്ചശ്രീബലി 1.45, കുത്തിയോട്ടം ചൂരൽകുത്ത് രാത്രി 7.30, പുറത്തെഴുന്നള്ളിപ്പ് 10.30,
അംബിക ഒാഡിറ്റോറിയംകഥകളി, ദാരികവധം രാത്രി 9.00