ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി തിങ്കളാഴ്ച

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി തിങ്കളാഴ്ച. ഹർജിയിൽ വാദം പൂർത്തിയായി. തിങ്കളാഴ്ച രാവിലെ പത്തേകാലിന് ചീഫ് ജസ്റ്റിസിന്റെ ബെ‍ഞ്ച് വിധി പറയും.

സമാനതയില്ലാത്ത കുറ്റകൃത്യത്തിൽനിന്നാണ് കേസിന്റെ തുടക്കമെന്ന് വെള്ളിയാഴ്ച വാദത്തിനിടെ പ്രോസിക്യൂഷൻ ആരോപിച്ചു. സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ ലഭിക്കുന്നതിനാണ് ദിലീപ് ക്വട്ടേഷൻ കൊടുത്തത്. കൃത്യമായ ആസൂത്രണത്തോടെ ബുദ്ധിപരമായി ലക്ഷ്യം കണ്ടു. നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടാന്‍ തന്ത്രവുമൊരുക്കി. ഐപിസി തയാറാക്കിയവര്‍ പോലും ചിന്തിക്കാത്ത കുറ്റമാണ് ദിലീപ് ചെയ്തത്. അതുകൊണ്ടുതന്നെ ദിലീപിനു മുൻകൂർ ജാമ്യം ലഭിക്കാൻ അർഹതയില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.”