ഫറോക്ക്:ബിഹാർ സ്വദേശികളായ ദേവേന്ദ്ര പാസ്വാനും മുഹമ്മദ് അസ്‌ലമിനും മലയാളം ഉപജീവനത്തിനുള്ള ഭാഷയാണ്. എന്നാൽ, അവരുടെ മക്കൾക്കിത് ഒന്നാം ഭാഷയാണ്. കൊളത്തറ ഓർഫനേജ് എഎൽപി സ്കൂളിലാണ് ദേവേന്ദ്രയുടെ മക്കളായ ഗുഡികുമാറും ഗുഡികുമാരിയും അസ്‌ലമിന്റെ മക്കളായ റൗനക് ഖാത്തൂനും റൂമി ഖാത്തൂനും ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത്. തിങ്കൾ മുതൽ മുഴുവൻ സമയവും സ്‌കൂളിൽ ചെലവഴിക്കാൻ കഴിയുന്നതിന്റെ ആവേശത്തിലാണ് കുട്ടികൾ.
പത്തൊമ്പതു വർഷം മുമ്പ് തൊഴിൽ തേടിയെത്തിയ ദേവേന്ദ്ര പാസ്വാനും ഏഴു വർഷം മുമ്പെത്തിയ അസ്‌ലമിനും ജന്മനാടിനേക്കാൾ അടുപ്പവും ഇഷ്ടവും കേരളത്തോടാണ്. തൊഴിലെടുത്ത് സൗഹാർദത്തോടെ ജീവിക്കാനും കുട്ടികൾക്ക് പഠിക്കാനുമുള്ള സൗകര്യവുമുള്ളതിനാലാണ് കുടുംബമൊന്നിച്ച് കേരളത്തിൽ കഴിയുന്നതെന്ന് ഇവർ പറയുന്നു. സ്‌കൂളിൽ നേരിട്ട് പോകാനാകാത്തതിനാലും ഭാഷാ പ്രശ്നവുമുള്ളതിനാലും ഓൺലൈൻ ക്ലാസിന് സൗകര്യമൊരുക്കാൻ അധ്യാപകർ ഏറെ ബുദ്ധിമുട്ടി. എന്നിട്ടും മലയാളം പഠിക്കാനുള്ള തീരുമാനത്തിലാണിവർ. ചെറുവണ്ണൂർ നല്ലളം മേഖലയിലെ നിരവധി അതിഥി തൊഴിലാളികളുടെ മക്കളും ഇവരോടൊപ്പമുണ്ട്.
ബിഹാർ മധുബനി ജില്ലയിലെ മാലിൻ ബെൻഹ സ്വദേശിയായ ദേവേന്ദ്ര പാസ്വാൻ കോഴിക്കോട് നല്ലളം ജയന്തി റോഡിൽ പ്ലാസ്റ്റിക് വേർതിരിച്ച് കയറ്റി അയക്കുന്ന സ്ഥാപനത്തിലെ ഡ്രൈവറാണ്. ഭാര്യ മുന്നിദേവിയും ഇവിടെ ജോലി ചെയ്യുന്നു. ഇതേ കമ്പനിയിലെ തൊഴിലാളിയായ അസ്‌ലം സമസ്തിപൂർ ജില്ലയിലെ മിസ്നഗോട്ടി സ്വദേശിയാണ്. ഭാര്യ നജ്റാന ഖാത്തൂനും കുട്ടികളും ഒമ്പതു മാസം മുമ്പാണ് കോഴിക്കോട്ടെത്തിയത്