ആറ്റിങ്ങൽ:അമ്മയുടെ സംരക്ഷണത്തെച്ചൊല്ലി മക്കൾ തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് എൺപത്തിയഞ്ചുകാരി മണിക്കൂറുകളോളം ആംബുലൻസിൽ കിടക്കേണ്ടിവന്നു. പോലീസിടപെട്ട് മക്കളുമായി സംസാരിച്ച് ഒത്തുതീർപ്പിലെത്തിയതിനെ തുടർന്നാണ് വയോധികയ്ക്ക് ആംബുലൻസിൽനിന്നു മോചനമായത്.
ആറ്റിങ്ങൽ കടുവയിൽ സ്വദേശിനിയായ വയോധികയാണ് മക്കളുടെ തർക്കത്തെത്തുടർന്ന് മണിക്കൂറുകളോളം ആംബുലൻസിൽ കിടന്നത്. പത്തു മക്കളുള്ള ഈ അമ്മയുടെ അഞ്ചു മക്കൾ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടെന്ന് ഇൻസ്‌പെക്ടർ ഡി.മിഥുൻ പറഞ്ഞു.
വാർദ്ധക്യസംബന്ധമായ അവശതകളെത്തുടർന്ന് കിടപ്പിലായ അമ്മ, നാലാമത്തെ മകളുടെ വീട്ടിലായിരുന്നു. തിങ്കളാഴ്ച രാവിലെ ഈ മകൾ അമ്മയെ ആംബുലൻസിൽ കയറ്റി അഞ്ചാമത്തെ മകളുടെ വീട്ടിലെത്തിച്ചു. എന്നാൽ, ആ മകൾ അമ്മയുടെ സംരക്ഷണം ഏറ്റെടുക്കാൻ തയ്യാറായില്ല.
നാലാമത്തെ മകൾ അമ്മയെ സ്ട്രക്ചറിൽ കിടത്തി അഞ്ചാമത്തെ മകളുടെ വീടിനു മുന്നിൽ വച്ചു. ഇതോടെ നാട്ടുകാരും ജനപ്രതിനിധികളും വിഷയത്തിലിടപെട്ടു. കൗൺസിലർ അറിയിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി മക്കളുമായി സംസാരിച്ചു.
അമ്മയുടെ മൂത്ത മകൾ വീണ് നട്ടെല്ലിനു ക്ഷതം സംഭവിച്ച് ആശുപത്രിയിലാണെന്നും അവരെ പരിചരിക്കാൻ ആശുപത്രിയിലേക്കു പോകേണ്ടതിനാലാണ് അമ്മയെ അഞ്ചാമത്തെ മകളുടെ വീട്ടിലെത്തിച്ചതെന്നുമാണ് നാലാമത്തെ മകൾ പറഞ്ഞിട്ടുള്ളത്. തുടർന്ന് പോലീസിന്റെ നിർദ്ദേശപ്രകാരം മൂന്നു മാസം വീതം ഓരോ മക്കളും മാറിമാറി അമ്മയെ നോക്കിക്കൊള്ളാമെന്ന് സ്റ്റേഷനിൽ എഴുതിവച്ചു.
അടുത്ത മൂന്നു മാസം അഞ്ചാമത്തെ മകൾ അമ്മയെ സംരക്ഷിക്കണമെന്നും പോലീസ് നിർദ്ദേശിച്ചു. ഇതേത്തുടർന്ന് അമ്മയെ മകളുടെ വീട്ടിലേക്ക് അയച്ച ശേഷമാണ് പോലീസും ജനപ്രതിനിധികളും മടങ്ങിയത്.