ശക്തമാകുന്ന വരൾച്ചയും കുടിവെള്ള ക്ഷാമത്തെയും മുന്നിൽക്കണ്ട് നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് ജലഅതോറിട്ടി : പരിഹാസ്യമെന്ന് നാട്ടുകാർ

കടുത്ത വരൾച്ച മൂലം ആറ്റിങ്ങൽ ഡിവിഷന് കീഴിലെ പ്രദേശങ്ങളിൽ ജലക്ഷാമ സാധ്യത മുന്നിൽകണ്ട്  ജലവിതരണത്തിന് നിയന്ത്രണങ്ങൾ കർശനമാക്കാനൊരുങ്ങി ജലഅതോറിട്ടി.

1. ഉപഭോഗം കൂടുന്നത് കാരണം പല പൈപ്പ് ലൈനിന്റെ അവസാന ഭാഗങ്ങളിലും ഉയർന്ന പ്രദേശങ്ങളിലും ജലം കിട്ടാറില്ല.
2. പലയിടത്തും വാട്ടർ മീറ്റർ പ്രവർത്തനരഹിതമായതിനാൽ ഉപഭോഗ വിവരങ്ങൾ കൃത്യമായി ലഭിക്കുന്നില്ല.
3.ഈ സാഹചര്യത്തിൽ കേടായ മീറ്ററുകൾ മാറ്റി സ്ഥാപിക്കാത്ത ഉപഭോക്താക്കളുടെ കണക്ഷൻ വിച്ഛേദിക്കും.
4. പൊതുടാപ്പ് കന്നുകാലികളെ കുളിപ്പിക്കുന്നതിനും വാഹനം കഴുകുന്നതിനും വീടുകളിലേക്കും പറമ്പുകളിലേക്കും ഹോസ് ഉപയോഗിച്ച് ജലമോഷണം നടത്തുന്നതിനും വിനിയോഗിക്കുന്നതായി കണ്ടെത്തിയാൽ ആ ടാപ്പ് അടച്ചുപൂട്ടും.
5.ഗാർഹിക കണക്ഷനിൽ ആറ് മാസത്തിൽ കൂടുതൽ കുടിശ്ശികയുള്ളവരുടേയും ഗാർഹികേതര കണക്ഷനിൽ 2 മാസത്തിൽ കൂടുതൽ കുടിശ്ശിക ഉള്ളവരുടേയും കണക്ഷനുകൾ മുന്നറിയിപ്പ് കൂടാതെ വിച്ഛേദിക്കും.
6. ഉപഭോക്താക്കൾ കണക്ഷൻ വിച്ഛേദിക്കുന്നതിന് മുമ്പ് ഓഫീസുമായി ബന്ധപ്പെട്ടാൽ തവണകളായി അടയ്ക്കാൻ അവസരം നൽകും.
7.വാട്ടർ ബിൽ ലഭിക്കാത്തവർക്കും ഓഫീസുമായി ബന്ധപ്പെട്ട് ബില്ലും കുടിശ്ശികയുടെ വിവരങ്ങളും ലഭിക്കും.കുടിശ്ശികമൂലം കണക്ഷൻ വിച്ഛേദിച്ച ഉപഭോക്താക്കളിൽ കുടിശ്ശിക അടയ്ക്കാത്തവരിൽ നിന്നും ഈടാക്കുവാൻ റവന്യൂ റിക്കവറി നടപടികൾ ആരംഭിക്കുവാനുമാണ് വാട്ടർ അതോറിറ്റി തീരുമാനിച്ചിട്ടുള്ളത്.

എന്നാൽ ആറ്റിങ്ങൽ വാട്ടർ അതോറിറ്റിയ്ക്ക് കീഴിൽ തീരപ്രദേശങ്ങളടക്കമുള്ള പ്രദേശങ്ങളിൽ കുടിവെള്ള പൈപ്പ് ലൈനുകൾ പൊട്ടി കുടിവെള്ളം പൊതുവഴിയിലൂടെ ഒഴുകിയാലും പരാതി നൽകി മാസങ്ങൾ കഴിഞ്ഞാലും നടപടി സ്വീകരിക്കാതെ യൂണിയൻ പ്രവർത്തനങ്ങളിൽ മുഴുകി നടക്കുന്ന ഉദ്യോഗസ്ഥരുടെ ഇപ്പോഴുള്ള കർശനനിർദ്ദേശങ്ങളെന്ന നടപടി പരിഹാസ്യമാണെന്നാണ് നാട്ടുകാർ പറയുന്നത്.

ഓരോ വരൾച്ചാകാലങ്ങളിളിലും സമാന നിയന്ത്രണങ്ങളുമായ് എത്തുകയും കുടിവെള്ളം പാഴാക്കുന്നതിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ച്  പൊതുജനങ്ങളെ പഠിപ്പിക്കുവാനും അവർക്ക് പിഴ ചുമത്തുമെന്ന ഭീഷണി മുഴക്കുവാനും അമിത ഉത്സാഹം കാട്ടുന്ന അതോറിറ്റി ഉദ്യോഗസ്ഥർ എന്നാൽ തങ്ങളുടെ അനാസ്ഥ കൊണ്ട് മാത്രം  ഓരോ പ്രദേശങ്ങളിലും പൈപ്പ് ലൈൻ പൊട്ടി യഥാസമയങ്ങളിൽ നന്നാക്കുവാനുള്ള നടപടി സ്വീകരിക്കാത്തത്മൂലം ഒഴുകിപ്പോകുന്ന ലക്ഷക്കണക്കിന് ലിറ്റർ കുടി വെള്ളത്തെക്കുറിച്ച് എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്നും അവർ ചോദിക്കുന്നു.

ഓരോ വർഷത്തെയും കുടിവെള്ള ക്ഷാമത്തെപ്പറ്റി പറയുന്ന വാട്ടർ അതോറിറ്റി ഇത് പരിഹരിക്കുവാനായി എന്ത് ക്രിയാത്മക നടപടിയാണ് ഇതുവരെയും കൈക്കൊണ്ടിട്ടുള്ളതെന്നു വ്യക്തമക്കണമെന്നും നാട്ടുകാർ ആവിശ്യപ്പെടുന്നു.

കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തുകയും പരാതി ലഭിച്ച് ഉടൻ തന്നെ അറ്റകുറ്റപണികൾ തീർക്കുവാനും നടപടി സ്വീകരിയ്ക്കുവാനും മടികാട്ടുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും നഷ്ടപ്പെട്ടുപോകുന്ന കുടിവെള്ളത്തിന്റെ തുക ഇത്തരം ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്നും സർക്കാർ ഈടാക്കണമെന്നുമാണ് നാട്ടുകാരുടെ ആവിശ്യം.