അറബിക്കടലിന് ചൂട് കൂടുന്നു : മീനുകൾ കേരളതീരം വിട്ടുപോകുന്നതായ് കണ്ടെത്തൽ.

അറബിക്കടലില്‍ മറ്റു സമീപ കടല്‍ മേഖലകളെ അപേക്ഷിച്ച്‌ ചൂടു ക്രമാതീതമായി വര്‍ധിക്കാറുണ്ട്. അതിനാല്‍ തന്നെ ഈ ചൂട് മത്സ്യസമ്ബത്തിനെ പ്രതികൂലമായി ബാധിക്കുന്നു. അമിത ചൂടിനെപ്രതിരോധിച്ച്‌ കടലില്‍ ജീവിക്കാന്‍ മീനുകള്‍ക്കും മറ്റു സമുദ്രജീവികള്‍ക്കും സാധിക്കില്ല. അറബിക്കടലില്‍ ധാരാളം ലഭ്യമായിക്കൊണ്ടിരുന്ന മത്തി, അയല തുടങ്ങിയവ കിഴക്കന്‍ തീരങ്ങളിലേക്കൊഴുകുകയാണ്.
ഇത്തവണ മീന്‍ കിട്ടാനില്ലാത്ത അവസ്ഥയാണ്.

മീനുകളെല്ലാം അറബിക്കടലില്‍ നിന്ന് ഇന്ത്യന്‍ മഹാ സമുദ്രത്തിലൂടെ ബംഗാള്‍ ഉള്‍ക്കടലിലേക്കെത്തുകയാണ്. അതേസമയം, കഴിഞ്ഞ 5-6 വര്‍ഷമായി അറബിക്കടലിലെ താപനില വര്‍ധിക്കുന്നതിനാല്‍ മീനുകളുടെ പ്രജനനവും വളര്‍ച്ചയും കുറഞ്ഞുവരികയുെ ചെയ്യുന്നു. എന്നാല്‍, കേരളത്തിലെ കടല്‍ തീരത്ത് മത്തിയും അയലയും കുറയുമ്പോള്‍ തമിഴ്‌നാട് തീരത്ത് ഇവയുടെ ലഭ്യത വലിയ തോതില്‍ കൂടുകയും ചെയ്യുന്നു. വലിയതോതിലുള്ള മീന്‍ ഒഴുക്കാണ് ഇതിന്റെ പ്രധാന കാരണമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ആലപ്പുഴ ജില്ലയിലെ തീരപ്രദേശത്താണ് കേരളത്തില്‍ ചാകര കൂടുതലായി കാണപ്പെടുന്നത്. എന്നാല്‍, പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം കടലില്‍ വര്‍ധിക്കുന്നതു മൂലം കേരള തീരത്ത് ചാകര വന്നാല്‍ തന്നെ പെട്ടെന്ന് അപ്രത്യക്ഷമാകുന്നു. മത്സ്യശോഷണത്തിന് മറ്റൊരു കാരണമാണ് യന്ത്രവല്‍ക്കൃത ബോട്ടുകളുടെ അനിയന്ത്രിത മത്സ്യബന്ധനം. കേരളത്തിലെ പ്രധാന മത്സ്യവിഭവങ്ങളായ മത്തി, കിളിമീന്‍, അയല എന്നിവയ്ക്കു പുറമേ കയറ്റുമതിയിനങ്ങളായ കൂന്തള്‍, കണവ, ആവോലി, തളയന്‍ എന്നിവയുടെ കുഞ്ഞുങ്ങളെയുമാണ് ഇപ്രകാരം ടണ്‍കണക്കിനുപിടിക്കുന്നത്.

ഇതുമൂലം കോടിക്കണക്കിനുരൂപയുടെ വിപണനമൂല്യമുള്ള മത്സ്യസമ്ബത്താണ് നശിക്കപ്പെടുന്നത്.