പാലോട് : ഇടിഞ്ഞാറിൽ വീണ്ടും സ്‌കൂൾ വിദ്യാർഥികളെ കാട്ടാന ഓടിച്ചു. ഇടിഞ്ഞാർ ട്രൈബൽ സ്‌കൂളിലെ വിദ്യാർഥികളെയാണ് ചെന്നെല്ലിമൂടിന് സമീപം കാട്ടാന ഓടിച്ചത്. സ്‌കൂൾവിട്ട് വീടുകളിലേക്ക് പോയ കുട്ടികളെയാണ് ആന ഓടിച്ചത്.
അപ്രതീക്ഷിതമായി മുന്നിൽപ്പെട്ട ആനയെക്കണ്ട് കുട്ടികൾ പിന്തിരിഞ്ഞു ഓടുകയായിരുന്നു. വിവരമറിഞ്ഞ് രക്ഷിതാക്കളും നാട്ടുകാരും ചെന്നെല്ലിമൂട്ടിലെത്തി കാട്ടാനയെ തിരികെ കാട്ടിലേക്ക് ഓടിച്ചുവിട്ടു.
കഴിഞ്ഞദിവസം ഇതേ സ്ഥലത്ത് വച്ചു അഞ്ചു സ്‌കൂൾ വിദ്യാർഥികളെ കാട്ടാന ഓടിച്ചിരുന്നു. ഇതേ പാതയിൽ മകളുമായി കാൽനടയായി പോകുകയായിരുന്നയാളെ അടുത്തയിടെ കാട്ടുപോത്ത് ആക്രമിച്ചിരുന്നു. കാനനപാതകളിൽ കാട്ടുമൃഗങ്ങളുടെ സാന്നിധ്യം ഉണ്ടാകാനുള്ള സാധ്യത മുന്നിൽക്കണ്ട് കൂട്ടമായാണ് വിദ്യാർഥികൾ വീടുകളിലേക്ക് മടങ്ങുന്നത്.
എങ്കിലും ആദിവാസിക്കുട്ടികൾക്ക് സുരക്ഷിതമായി പള്ളിക്കൂടത്തിലും തിരികെ വീട്ടിലുമെത്താൻ നേരത്തേ ഗോത്രസാരഥി പദ്ധതിയുണ്ടായിരുന്നു. ഇപ്പോഴിത് നിലച്ചമട്ടാണ്. ഗ്രാമപ്പഞ്ചായത്തുകൾക്കാണ് ഗോത്രസാരഥിയുടെ നടത്തിപ്പു ചുമതല"