‘എന്നെ കൊല്ലു, ഒരു ആണായിട്ട് വന്ന് എനിക്കും എന്റെ മക്കള്‍ക്കും കുറച്ച്‌ വിഷം വാങ്ങി താ:സ്വപ്ന സുരേഷ്

കൊച്ചി:പുതിയ ജോലിയേക്കുറിച്ചുള്ള വിവാദങ്ങള്‍ക്ക് പിന്നിലും എം ശിവശങ്കര്‍ ആണെന്ന് ആരോപിച്ച്‌ സ്വപ്ന സുരേഷ്.താന്‍ ഉപദ്രവിക്കുമെന്ന പേടിയാണ് വിമര്‍ശകര്‍ക്കെന്നും ജീവിക്കാന്‍ അനുവദിക്കണമെന്ന് സ്വപ്ന പറഞ്ഞു.

ഇപ്പോഴത്തെ ആക്രമണത്തിന് പിന്നിലും എന്തൊക്കെയോ ഉദ്ദേശമുണ്ട്. അതുകൊണ്ട് ശിവശങ്കര്‍ സാറിനോട് പറയാനുള്ളത് , നിങ്ങള്‍ക്ക് എന്നെ കൊല്ലാന്‍ എല്ലാ അവകാശവുമുണ്ട്. ദയവുചെയ്ത് എന്നെ കൊല്ലു, ഒരു ആണായിട്ട് വന്ന് എനിക്കും എന്റെ മക്കള്‍ക്കും അമ്മയ്ക്കും കുറച്ച്‌ വിഷം വാങ്ങി താ. അതല്ലാതെ ഇത്തരം വൃത്തികെട്ട കളി കളിക്കരുത്, സ്വപ്ന പറഞ്ഞു.

എച്ച്‌ആര്‍ഡിഎസിന് എന്തെങ്കിലും രാഷ്ട്രീയ ബന്ധമുള്ളതായി തനിക്കറിയില്ലെന്നും സ്വപ്ന പറഞ്ഞു. ഓഫറില്‍ ഒരിടത്തും എന്റെ അറിവില്‍ ആര്‍എസ്‌എസ് എന്‍ജിഒ ആണെന്നോ ബിജെപി എന്‍ജിഒ ആണെന്നോ വേറെ ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ എന്‍ജിഒ ആണെന്നോ ഇല്ല. ജീവിക്കാന്‍ നിവര്‍ത്തിയില്ലാതെ നില്‍ക്കുന്ന എനിക്ക് ഫില്‍റ്റര്‍ ചെയ്തെടുക്കാന്‍ മുന്നില്‍ ഒരുപാട് അവസരങ്ങളൊന്നുമില്ല, സ്വപ്ന കൂട്ടിച്ചേര്‍ത്തു