ആറ്റിങ്ങൽ: സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും ആറ്റിങ്ങൽ നഗരസഭയുടെയും നേതൃത്വത്തിലുള്ള ഫുഡ്ബോൾ, ക്രിക്കറ്റ്, വോളിബോൾ ടീമുകൾക്കാണ് സ്പോർഴ്സ് കിറ്റ് വിതരണം ചെയ്തത്. ഇതിന്റെ വിതരണോദ്ഘാടനം ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി നിർവ്വഹിച്ചു. ടീം ക്യാപ്റ്റൻമാരായ അനൂജ്, ശ്രീരാഗ്, പി.എസ്.കിരൺ എന്നിവർ കിറ്റുകൾ ഏറ്റുവാങ്ങി.
സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന കേരളോത്സവം, ഗെയിംഫെസ്റ്റ് എന്നിവയിൽ ജില്ലയിലെ മറ്റ് തദ്ദേശഭരണ സ്ഥാപനങ്ങളിലെ ടീമുകളുമായി കളിക്കളത്തിൽ ഇവർ ഏറ്റുമുട്ടും. നിലവിൽ ടീം അംഗങ്ങൾ കായിക മത്സര പരിശീലനത്തിലാണ്. ജനകീയാസൂത്രണം പദ്ധതിയിൽ ഉൾപ്പെടുത്തി 3 ടീമിനും കൂടി 120000 രൂപ ഫണ്ട് ചിലവഴിച്ചിട്ടുണ്ട്. ഇതിൽ ഓരോ ടീമിനും നൽകിയ കിറ്റിൽ 40000 രൂപയുടെ സ്പോർഴ്സ് അനുബന്ധ സാധനങ്ങളാണ് ഉള്ളത്.
നഗരസഭാങ്കണത്തിൽ വച്ച് നടന്ന പരിപാടിയിൽ വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള അധ്യയനായി. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ഷീജ സ്വാഗതവും, സെക്രട്ടറി എസ്.വിശ്വനാഥൻ നന്ദിയും പറഞ്ഞു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യസുധീർ, കൗൺസിലർമാർ, ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ, സംസ്ഥാന യുവജന ക്ഷേമബോർഡ് നഗരസഭ യൂത്ത് കോഡിനേറ്റർ ആർ.രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.