കിളിമാനൂരിൽ എസ്.ബി.ഐ എ.റ്റി.എം പ്രവർത്തനരഹിതമായിട്ട് ഏതാണ്ട് ഒരു മാസത്തോളമായി. സാങ്കേതിക കാരണം പറഞ്ഞ് അധികൃതർ കൈമലർത്തുമ്പോൾ വ്യാപാരികളും ഗുണഭോക്താക്കളും ദുരിതത്തിൽ. കിളിമാനൂർ ഠൗൺ ഹാളിന് എതിർവശത്തായി പ്രവർത്തിച്ചിരുന്ന എസ്.ബി.ഐയുടെ തട്ടത്തുമല ശാഖ പുതിയ മന്ദിരത്തിലേയ്ക്ക് പ്രവർത്തനം ആരംഭിച്ചു . എന്നാൽ ഈ സമയത്ത് കിളിമാനൂരിൽ ഉണ്ടായിരുന്ന രണ്ട് എ.ടി.എം മെഷീനും പ്രവർത്തനരഹിതമാക്കുകയും കിളിമാനൂർ പ്രൈവറ്റ് ബസ്റ്റാൻ്റിന് മുന്നിലുള്ള പുതിയ മന്ദിരത്തിലേയ്ക്ക് കൊണ്ടു വന്നെങ്കിലും സാങ്കേതിക കാരണത്താൽ എ.ടി.എം പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ പുതിയ മന്ദിരത്തിൻ്റെ മുന്നിൽ ഒരു എ.ടി.എം പ്രവർത്തിക്കുന്നുണ്ട് എന്നും ഇതിൽ ക്യാഷ് ഡെപ്പോസിറ്റിംഗ് സംവിധാനം ഇല്ലെന്നും അധികൃതർ അറിയിച്ചു. സി.ഡി.എം പ്രവർത്തന മല്ലാത്തതിനാൽ വെട്ടിലായത് ചെറുകിട വ്യാപാരികളും ലോട്ടറി കച്ചവടക്കാരുമാണ്. രാത്രി കച്ചവടം തീരുമ്പോൾ പൈസ ഡെപ്പോസിറ്റ് ചെയ്യാൻ കഴിയാത്തതിനാൽ കിലോമീറ്ററുകളോളം സഞ്ചരിച്ച് പണം കൊണ്ട് കൊടുക്കേണ്ട അവസ്ഥയാണ് ഇപ്പോൾ ഇവർക്കുള്ളത്. ഇതുമൂലം തുച്ഛമായ പ്രതിഫലം ലഭിച്ചിരുന്നവർ ഭീമമായ തുക യാത്രാ ചിലവിനായി കണ്ടെത്തേണ്ടി വരുന്നു. ഇവരുടെ ഇത്തരം ദുരിതങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ എസ്.ബി.ഐ അധികൃതർ തയ്യാറാകണം എന്ന ആവശ്യം ശക്തമായിരിക്കുകയാണ്. രണ്ട് മൂന്ന് ദിവസത്തിനകം സാങ്കേതിക പ്രശ്നം പരിഹരിച്ച് എ.ടി.എം പ്രവർത്തനസജ്ജമാക്കുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.