ആറ്റിങ്ങൽ: മുനിസിപ്പൽ ടൗൺ ഹാളിന്റെ നവീകരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക്. കെട്ടിടനിർമാണം പൂർത്തിയായി. പ്ലംബിങ് ജോലികൾ പുരോഗമിക്കുകയാണ്. പ്രധാന ഹാളിന്റെ മേൽക്കൂരയിലെ സീലിങ് നിർമാണം, വൈദ്യുതീകരണം, മുൻവശത്തെ അലങ്കാര ജോലികൾ, മതിൽ നിർമാണം, പെയിന്റിങ് എന്നിവയാണ് ഇനി നടക്കാനുളള പ്രധാന പണികൾ. ഇവയും പൂർത്തീകരിച്ച് ഫർണിച്ചറും സ്ഥാപിക്കുന്നതോടെ ആധുനിക രീതിയിലുള്ള ഹാൾ നഗരസഭയ്ക്ക് സ്വന്തമാകും. ആധുനിക സൗകര്യങ്ങളോടെ ടൗൺ ഹാൾ നവീകരിക്കാൻ നഗരസഭ തീരുമാനിച്ചത് അഞ്ചുവർഷം മുമ്പാണ്.
4.5 കോടി രൂപയാണ് പദ്ധതിച്ചെലവ്. ആറ്റിങ്ങൽ ടൗൺ സർവീസ് സഹകരണബാങ്കിൽ നിന്ന് വായ്പയെടുത്താണ് പദ്ധതി നടപ്പാക്കുന്നത്. കെ.എസ്.ഇ.ബി.യുടെ നിർമാണവിഭാഗത്തിനാണ് കരാർ നല്കിയിട്ടുള്ളത്.
ഒന്നാംനിലയിലുള്ള ശീതീകരിച്ച പ്രധാന ഹാളിൽ 900 പേർക്ക് ഇരിക്കാനുള്ള സംവിധാനങ്ങളാണ് ഒരുക്കുന്നത്. പഴയ പ്രധാന ഹാളാണ് ഭക്ഷണശാല. ഇവിടെ ഒരു സമയം 450 പേർക്ക് ഇരിക്കാനുള്ള സംവിധാനമുണ്ടാകും. പഴയ ഹാളിന് പിന്നിലുണ്ടായിരുന്ന ഹാൾ സസ്യാഹാരശാലയാണ്. അതിനു പിന്നിൽ അടുക്കള.
കാർ പാർക്കിങ്ങിനുളള സംവിധാനം ഭൂമിക്കടിയിലായാണ് സജ്ജമാക്കുന്നത്. ഒന്നാം നിലയിൽനിന്ന് ഭക്ഷണശാലയിലേക്കും പാർക്കിങ് മേഖലയിലേക്കും പോകുന്നതിനുള്ള സംവിധാനങ്ങളുമുണ്ട്.
മുന്നിൽ ഇടതുവശത്ത് പടിക്കെട്ടും ഭിന്നശേഷിക്കാർക്ക് ഹാളിലേക്ക് പ്രവേശിക്കാനുള്ള റാമ്പും ഒരുക്കിയിട്ടുണ്ട്. ദേശീയപാതയോരത്ത് കച്ചേരിനടയ്ക്കും സി.എസ്.ഐ. ജങ്ഷനും ഇടയ്ക്കുള്ള മുനിസിപ്പൽ ടൗൺ ഹാൾ ആറ്റിങ്ങലിന്റെ പ്രധാന ശ്രദ്ധാകേന്ദ്രമാണ്. നഗരപ്രദേശത്തെയും സമീപ ഗ്രാമങ്ങളിലെയും സാധാരണ കുടുംബങ്ങളിലെ വിവാഹം, വിവാഹസത്കാരം എന്നിവയ്‌ക്കെല്ലാം ടൗൺ ഹാളിനെയാണ് ആശ്രയിച്ചിരുന്നത്.
നഗരം കേന്ദ്രീകരിച്ച് നടന്നിരുന്ന വിവിധ കലാ-സാഹിത്യ-സാംസ്‌കാരിക-രാഷ്ട്രീയ പരിപാടികളുടെ കേന്ദ്രവും ടൗൺ ഹാളായിരുന്നു. കുറഞ്ഞ വാടകയായിരുന്നു പ്രധാന ആകർഷണം. 2017-ൽ നവീകരണത്തിനായി അടയ്ക്കുന്നതിനു മുമ്പ് ദിവസവും ഇവിടെ എന്തെങ്കിലും പരിപാടികൾ നടന്നിരുന്നു. നഗരസഭയുടെ പ്രധാന വരുമാനസ്രോതസ്സായിരുന്നു ഇത്.
നവീകരണ പ്രവർത്തനങ്ങൾ നീളുന്നത് നഗരസഭയുടെ വരുമാനത്തെയും ബാധിച്ചിട്ടുണ്ട്. അവശേഷിക്കുന്ന നിർമാണപ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കുമെന്ന് നഗരസഭാധ്യക്ഷ എസ്.കുമാരി പറഞ്ഞു. ഇതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. പണികൾ വേഗത്തിൽ പൂർത്തിയാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നല്കിയിട്ടുണ്ടെന്നും നഗരസഭാധ്യക്ഷ അറിയിച്ചു. ഹാളിന്റെ നവീകരണം പൂർത്തിയാകുന്നതിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് നഗരം.