സ്റ്റോപ്പുണ്ടായിട്ടും ഗുരുവായൂർ ചെന്നൈ എഗ്മോർ എക്സ്പ്രസ്സ് ട്രെയിൻ കടയ്ക്കാവൂർ സ്റ്റേഷനിൽ നിർത്തുന്നില്ലെന്ന് ആക്ഷേപം.
16127-16128 നമ്പർ ഗുരുവായൂർ ചെന്നൈ എഗ്മോർ എക്സ്പ്രസ്സ് ട്രൈയിനാണ് കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടായിട്ടും നിർത്താതെപോകുന്നതായാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.
കോവിഡ് മഹാമാരിയെ തുടർന്ന് റെയിൽ ഗതാഗതം നിറുത്തിവയ്ക്കപ്പെടുന്നതിന് മുൻപ് കാലങ്ങളായി ഇവിടെ സ്ഥിരമായി സ്റ്റോപ്പ് നൽകിയിരുന്നതായി യാത്രക്കാർ പറയുന്നു.
ഇപ്പോൾ എന്തുകൊണ്ടാണ് കടയ്ക്കാവൂരിലെ സ്റ്റോപ്പ് ഒഴിവാക്കിയത് എന്നതിന് കാരണം വ്യക്തമല്ല, മാത്രമല്ല സ്റ്റോപ്പ് അവസാനിപ്പിയ്ക്കുന്നതായുള്ള യാതൊരു മുന്നറിയിപ്പുകളും യാത്രക്കാർക്ക് ലഭിച്ചിരുന്നുമില്ല, തന്മൂലം ഈ പ്രദേശങ്ങളിലെ യാത്രക്കാർ വർക്കലയിലോ ചിറയിൻകീഴോ പോകേണ്ട അവസ്ഥയിലുമാണ്.
ഈ വിഷയം ചൂണ്ടിക്കാട്ടി യാത്രക്കാർ കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷൻ മാസ്റ്ററെ സമീപിച്ചെങ്കിലും സ്റ്റോപ്പ് നിർത്തലാക്കുന്നു എന്നുള്ള അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും കൃത്യമായ വിവരം തങ്ങൾക്ക് അറിയില്ലെന്നുമുള്ള മറുപടിയാണ് അദ്ദേഹത്തിൽ നിന്നും ലഭിച്ചതെന്ന് യാത്രക്കാർ പറയുന്നു.
കഴിഞ്ഞ ദിവസം നഗർകോവിൽ തിരുവനന്തപുരം പാസ്സഞ്ചർ ട്രെയിൻ കൊല്ലം വരെ നീട്ടിയിരുന്നു. ഇതിന്റെ ഭാഗമായി ചിറയിൻകീഴ് കടയ്ക്കാവൂർ വർക്കല തുടങ്ങിയ സ്റ്റേഷണുകളിൽ പുതിയ സ്റ്റോപ്പുകൾ ലഭിയ്ക്കുകയും ചെയ്തിരുന്നു. ഇതിനെ രാഷ്ട്രീയ നേട്ടമായ് കണ്ട് ആഘോഷങ്ങൾ സംഘടിപ്പിക്കുകയും ചെയ്ത പാർട്ടികളും അസോസിയേഷനും എന്തുകൊണ്ട് സ്റ്റോപ്പ് ഉണ്ടായിരുന്ന ഒരു എക്സ്പ്രസ്സ് ട്രെയിനിന്റെ സ്റ്റോപ്പ്‌കൂടി യാതൊരു മുന്നറിയിപ്പും കൂടാതെ നഷ്ടമാക്കിയതിനെതിരെ പ്രതികരിക്കാൻ തയ്യാറാകാത്തതെന്നാണ് യാത്രക്കാർ ചോദിക്കുന്നത്.
എത്രയും പെട്ടെന്ന്തന്നെ കടയ്ക്കാവൂർ സ്റ്റേഷനിൽ സ്റ്റോപ്പ് പുനസ്ഥാപിച്ചു കൊണ്ട് കടയ്ക്കാവൂർ വക്കം അഞ്ചുതെങ്ങ് പ്രദേശങ്ങളിലെ യാത്രക്കാരുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.