*ഉദ്ഘാടനം കഴിഞ്ഞെങ്കിലും പ്രവർത്തനമില്ലാതെ ആറ്റിങ്ങലിലെ വാതകശ്മശാനം*

ആറ്റിങ്ങൽ ഉദ്ഘാടനം കഴിഞ്ഞെങ്കിലും ആറ്റിങ്ങൽ ശാന്തിതീരം ശ്മശാനത്തിലെ വാതകശ്മശാനം പ്രവർത്തിക്കുന്നില്ല. സാങ്കേതികത്തകരാറുകളാണ് പ്രവർത്തനത്തിന് തടസ്സമായിട്ടുള്ളത്. ഇത് പരിഹരിക്കാനുള്ള നടപടികൾ അധികൃതർ നടത്തിയെങ്കിലും ഇതുവരെ ശ്മശാനം തുറന്നു പ്രവർത്തിപ്പിക്കാനായിട്ടില്ല.

നഗരസഭയുടെ ഖരമാലിന്യ പ്ലാന്റിനോടു ചേർന്നാണ് ശാന്തിതീരം പൊതുശ്മശാനം പ്രവർത്തിക്കുന്നത്. വിറകുപയോഗിച്ചുള്ള സംസ്കാരമാണ് ഇപ്പോഴിവിടെയുള്ളത്. ഒരേസമയം രണ്ട് മൃതദേഹങ്ങൾ വിറകുപയോഗിച്ച് ഇവിടെ സംസ്കരിക്കാം. സമീപത്ത് ഒട്ടുമിക്ക പഞ്ചായത്തുകൾക്കും പൊതുശ്മശാനമില്ല. അതിനാൽ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് വിവിധ സ്ഥലങ്ങളിൽനിന്ന് ഇവിടേക്കു കൊണ്ടുവരാറുണ്ട്. കോവിഡ് ബാധിച്ച് മരിച്ച നിരവധിപ്പേരുടെ മൃതദേഹങ്ങൾ ഇവിടെയാണ് സംസ്കരിച്ചത്.
ശുചിത്വമിഷന്റെ 22 ലക്ഷം രൂപ ചെലവിട്ടാണ് ശാന്തിതീരത്തിൽ വാതകശ്മശാനം ഒരുക്കിയത്. 2019-2020 പദ്ധതിക്കാലത്തായിരുന്നു നിർമാണം. തമിഴ്നാട്ടിൽ നിന്നുള്ള ഒരു കമ്പനിക്കായിരുന്നു നിർമാണക്കരാർ. യന്ത്രസംവിധാനങ്ങളെല്ലാം സ്ഥാപിച്ച് ശ്മശാനത്തിന്റെ നിർമാണം പൂർത്തിയാക്കിയശേഷം ഒരു മൃതദേഹം സംസ്കരിക്കുകയും ചെയ്തു. ഇതിനുശേഷം ശ്മശാനത്തിന്റെ ഉദ്ഘാടനവും നടത്തി.

എന്നാൽ, പിന്നീടുണ്ടായ സാങ്കേതികത്തകരാറുകൾ പരിഹരിക്കപ്പെടാതെ വന്നതോടെ ശ്മശാനം പ്രവർത്തിപ്പിക്കാൻ കഴിയാതെവന്നു. തകരാറുകൾ പരിഹരിച്ച് ശ്മശാനം പ്രവർത്തനസജ്ജമാക്കണമെന്ന് കരാറെടുത്ത കമ്പനിയോട് ആവശ്യപ്പെട്ടിരുന്നതായി നഗരസഭയുടെ മുൻ അധ്യക്ഷൻ എം.പ്രദീപ് പറഞ്ഞു.
വിദഗ്ദ്ധരെത്തി പരിശോധനകൾ നടത്തിയെങ്കിലും പരിഹാരം വൈകി. പുതിയ ഭരണസമിതി അധികാരത്തിലെത്തിയശേഷവും ശ്മശാനം പ്രവർത്തിപ്പിക്കാൻവേണ്ട ഇടപെടലുകളുണ്ടായി. കോവിഡ്ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ കൂടുതലായി പൊതുശ്മശാനത്തിലേക്കു കൊണ്ടുവരാൻ തുടങ്ങിയപ്പോൾ വാതകശ്മശാനംകൂടി പ്രവർത്തിപ്പിക്കണമെന്ന ആവശ്യം ശക്തമായിരുന്നു.

ഇതേത്തുടർന്ന് വാതകശ്മശാനം ഉടൻ പ്രവർത്തിപ്പിക്കുമെന്ന് നഗരസഭാധികൃതർ 2021 മേയ് മാസത്തിൽ അറിയിച്ചു. എന്നാൽ, നാളിതുവരെ ശ്മശാനത്തിന്റെ പ്രവർത്തനം തുടങ്ങാൻ അധികൃതർക്കായിട്ടില്ല.

സാങ്കേതികതകരാർ തടസ്സമായിലക്ഷം ചെലവിട്ട പദ്ധതിസാങ്കേതികതകരാറുകൾ പരിഹരിച്ചു

വാതകശ്മശാനത്തിന്റെ സാങ്കേതികത്തകരാറുകൾ പരിഹരിച്ചു. ഉടൻതന്നെ ഇത് തുറന്ന് പ്രവർത്തിപ്പിക്കും. കോവിഡ് പ്രതിസന്ധി നിമിത്തം കരാറെടുത്ത കമ്പനിയുടെ സാങ്കേതിക വിദഗ്ദ്ധരെത്താൻ വൈകി. ഇതാണ് ശ്മശാനം പ്രവർത്തനം തുടങ്ങുന്നത് വൈകിപ്പിച്ചത്. അടിയന്തരമായി തുറന്നു പ്രവർത്തിപ്പിക്കാൻ വേണ്ട നടപടികൾ ആരംഭിച്ചു.- എസ്.കുമാരി, നഗരസഭാധ്യക്ഷ