നഗരൂർ പഞ്ചായത്തിൽ വിവിധ വാർഡുകളിൽ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന പ്രദേശങ്ങൾക്കായി പഞ്ചായത്ത് ഫണ്ടിൽ നിന്ന് തുക വിനിയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ മിനി കുടിവെള്ള പദ്ധതികൾ പ്രസിഡന്റ് ഡി സ്മിത ഉദ്ഘാടനം ചെയ്തു. നഗരൂർ പഞ്ചായത്തിലെ കടവിള വാർഡിലെ തേക്കുവിള, ആശാരി പൊയ്ക മാടപ്പാട് വാർഡിലെ മലവിള, പതിനാറാം വാർഡിലെ കുന്നുംപുറം കുടിവെള്ള പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്. ഈ പദ്ധതികൾ പ്രവർത്തന സജ്ജമായതോടെ പ്രദേശത്തെ നൂറുകണക്കിന് ആളുകൾക്ക് കുടിവെള്ളത്തിനായി ഇനി അലയേണ്ട ആവശ്യമില്ല. വിവിധ ചടങ്ങുകളിൽ പ്രസിഡന്റ് ഡി സ്മിതയ്ക്ക് പുറമെ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ അനിൽകുമാർ, ചെയർപേഴ്സൺ പി ബി അനശ്വരി, പഞ്ചായത്തംഗങ്ങളായ അനോബ് ആനന്ദ്, അർച്ചന സഞ്ചു, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ ഗുണഭോക്താക്കൾ തുടങ്ങിയവർ പങ്കെടുത്തു