ടൂറിസ്റ്റ് ബസുകള്‍ ജൂണിനു മുമ്പേ വെള്ളനിറത്തിലേക്ക് മാറ്റണം. ജനുവരി മുതല്‍ ഏകീകൃത നിറം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ഇളവുണ്ടായിരുന്നു.
കോണ്‍ട്രാക്‌ട് കാരേജ് വിഭാഗത്തില്‍പ്പെട്ടതാണെങ്കിലും കാറുകള്‍, മാക്സി കാബുകള്‍ (മിനിവാനുകള്‍) എന്നിവയെ നിറംമാറ്റത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഡ്രൈവര്‍ ഉള്‍പ്പെടെ പരമാവധി 20 പേര്‍ക്ക് യാത്ര ചെയ്യാവുന്നവ നിലവിലെ നിറത്തില്‍ തുടരാം.
ബഹുവര്‍ണ ചിത്രങ്ങള്‍ പതിക്കുന്നതിലും ലേസര്‍ ലൈറ്റുകള്‍ ഘടിപ്പിക്കുന്നതിലും ബസ്സുടമകള്‍ തമ്മിലുണ്ടായ അനാരോഗ്യ മത്സരത്തെത്തുടര്‍ന്നാണ് ഏകീകൃത നിറം ഏര്‍പ്പെടുത്താന്‍ 2020 ജനുവരി ഒമ്ബതിനു ചേര്‍ന്ന സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി തീരുമാനിച്ചത്.
പുതിയ ഉത്തരവുപ്രകാരം ജൂണ്‍ ഒന്നിനു ശേഷം ഫിറ്റ്‌നസ് പരിശോധനയ്ക്ക് ഹാജരാക്കുന്ന ടൂറിസ്റ്റ് ബസുകള്‍ വെള്ളയിലേക്ക് മാറണം. വയലറ്റ്, മെറ്റാലിക്ക്, ഗോള്‍ഡ് റിബണുകള്‍ വശങ്ങളില്‍ നിശ്ചിത അളവില്‍ പതിക്കാം.
മുന്‍വശത്ത് പേരെഴുതാമെങ്കിലും അളവും ശൈലിയും നിര്‍ദേശിച്ചിട്ടുണ്ട്. 12 ഇഞ്ചില്‍ വെള്ളനിറമാണ് പേരെഴുതാന്‍ അനുവദിച്ചിട്ടുള്ളത്. ഓപ്പറേറ്ററുടെ പേര് പിന്‍ഭാഗത്ത് നിശ്ചിത അളവില്‍ രേഖപ്പെടുത്താം. മറ്റുനിറങ്ങളോ എഴുത്തുകളോ പാടില്ല. ഇവ കണ്ടെത്തിയാല്‍ പെര്‍മിറ്റ് റദ്ദാക്കും.