*വിടവാങ്ങിയത് ജീവകാരുണ്യം ജീവിതവ്രതമാക്കിയ ആരോഗ്യപ്രവർത്തകൻ*

*ലോക്‌ഡൗൺ സമയത്ത് തെരുവിൽ കഴിയുന്നവർക്ക് കെ.ആർ.ഗോപകുമാർ പൊതിച്ചോറ് നൽകുന്നു (ഫയൽച്ചിത്രം)*
   
വർക്കല: ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ നന്മയുടെ പുതിയ സംസ്‌കാരം വളർത്തിയെടുത്ത ജനകീയ ആരോഗ്യപ്രവർത്തകനായിരുന്നു കഴിഞ്ഞദിവസം അന്തരിച്ച കെ.ആർ.ഗോപകുമാർ.
ഹെൽത്ത് ഇൻസ്‌പെക്ടർ എന്ന ചുമതല മാത്രം നോക്കാതെ സമൂഹത്തിൽ സഹായവും സേവനവും പരിചരണവും ആവശ്യമുള്ളവരിലേക്ക് അദ്ദേഹം ഇറങ്ങിച്ചെന്നു.
വർക്കല സ്വദേശിയായ ഗോപകുമാറിന്റെ പ്രവർത്തന മണ്ഡലം ചെമ്മരുതി പഞ്ചായത്തായിരുന്നു. ചെമ്മരുതി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ 13 വർഷമാണ് അദ്ദേഹം ഹെൽത്ത് ഇൻസ്‌പെക്ടറായി പ്രവർത്തിച്ചത്. കേരളത്തിലെ ആദ്യ കുടുംബാരോഗ്യകേന്ദ്രമായി ചെമ്മരുതി പി.എച്ച്.സി.യെ വളർത്തിയെടുത്തതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു.
അദ്ദേഹം മുൻകൈയെടുത്ത് രൂപവത്കരിച്ച സാന്ത്വനപരിചരണ കൂട്ടായ്മ കിടപ്പുരോഗികളുടെ കണ്ണീരൊപ്പുകയും അവരുടെ കുടുംബത്തിന് താങ്ങാകുകയും ചെയ്തു. ചികിത്സാസഹായം ആവശ്യമുള്ളവരുടെ അവസ്ഥ മാധ്യമങ്ങളിലൂടെ ജനശ്രദ്ധയിലെത്തിക്കാനും അദ്ദേഹം ശ്രമിച്ചിരുന്നു.
കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് യുവാവിന് 17 ലക്ഷം രൂപ സമാഹരിച്ചു നൽകിയതും കാൻസർ ബാധിതയായ യുവതിക്ക് നാട്ടുകാർ ഒരുദിവസത്തെ മീൻകറി ഉപേക്ഷിച്ച് രണ്ടുലക്ഷം സമാഹരിച്ചു നൽകിയതും ഉദാഹരണങ്ങളാണ്. വിരമിച്ചശേഷവും പ്രിയദർശിനി പാലിയേറ്റീവ് കെയർ എന്ന സംഘടനയിലൂടെ സാന്ത്വനപരിചരണരംഗത്ത് അദ്ദേഹം സജീവമായിരുന്നു.

ലോക്ഡൗൺ സമയത്ത് തെരുവോരങ്ങളിൽ കഴിയുന്ന നൂറോളം അശരണർക്ക് സംഘടന പൊതിച്ചോറ് നൽകിയിരുന്നു.