*മൂന്നാഴ്ചയ്‌ക്കിടെ അഞ്ച് മരണം: കല്ലമ്പലത്ത് ദേശീയപാത അപകടപാത*

അപകടങ്ങളുണ്ടാകുമ്പോൾ പരിശോധനയും പഠനങ്ങളും സർവേയും നടത്തി പോകുന്നതല്ലാതെ അപകടങ്ങൾ കുറയ്ക്കാനുള്ള ശക്തമായ നടപടികൾ ഉണ്ടാകുന്നില്ല
കല്ലമ്പലം : കല്ലമ്പലം മേഖലയിൽ ദേശീയപാത അപകടപാതയായി മാറുന്നു. സ്ഥിരമായി നടക്കുന്ന വാഹനാപകടങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുകയാണ്. മൂന്നാഴ്ചയ്‌ക്കിടെ അഞ്ചുപേരാണ് വിവിധ അപകടങ്ങളിൽ മരിച്ചത്. ദേശീയപാതയിൽ ഫാർമസി ജങ്ഷനും ചാത്തമ്പറയ്ക്കും ഇടയിലാണ് അപകടങ്ങൾ വർധിക്കുന്നത്. അമിതവേഗവും അശ്രദ്ധയുമാണ് കാരണമാകുന്നത്.
മോട്ടർ വാഹന വകുപ്പ് നടത്തിയ പഠനത്തിലും ഇത് സൂചിപ്പിക്കുന്നു. അപകടങ്ങൾ വർധിച്ചിട്ടും നിയന്ത്രിക്കാൻ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി കല്ലമ്പലം പോലീസ് സ്റ്റേഷനു സമീപം അമിതവേഗത്തിൽ വന്ന ടാങ്കർ ലോറി ബൈക്കിൽ ഇടിച്ച് കവലയൂർ കുളമുട്ടം സ്വദേശി അബിൻ എന്ന യുവാവ് മരിച്ചതാണ് ഒടുവിലത്തെ സംഭവം. കഴിഞ്ഞ 11-ന് രാത്രി ലോറി ബൈക്കിനു പിന്നിൽ ഇടിച്ച് രണ്ട് യുവാക്കളാണ് ദാരുണമായി മരിച്ചത്. നാവായിക്കുളം പറകുന്ന് ആനാംപൊയ്ക വി.വി. ലാൻഡിൽ വിപിൻ(27), കൊട്ടിയം തഴുത്തല വൈദ്യശാല ജങ്ഷനിൽ കോവിൽവിളാകം വീട്ടിൽ രാജേഷ്(39) എന്നിവരാണ് അപകടത്തിനിരയായത്. 21-ന് തോട്ടയ്ക്കാട് കടുവാപ്പള്ളിക്കു സമീപം ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് മേലേ കടയ്ക്കാവൂർ കുന്നുവിള വീട്ടിൽ മനു(24) മരണപ്പെട്ടു. മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
20-ന് വൈകീട്ട് 5.30-ന് കല്ലമ്പലത്തെ ബാറിനു സമീപം കാറിടിച്ച് കാൽനടയാത്രക്കാരനായ നാവായിക്കുളം ഇടമൺനില സ്വദേശി ഗോപിനാഥൻ ആശാരി(70) മരിച്ചു. അമിതവേഗതയിൽ വന്ന കാർ ഇടിച്ചായിരുന്നു അപകടം. ചെറുതും വലുതുമായി പത്തിൽ അധികം അപകടങ്ങൾ ദിവസവും നടക്കുന്നതായാണ് കണക്ക്.

വലിയ അപകടങ്ങൾ സംഭവിക്കുമ്പോൾ മോേട്ടാർ വാഹന വകുപ്പും മറ്റും സ്ഥലത്തെത്തി പരിശോധനയും പഠനങ്ങളും സർവേയും നടത്തി പോകുന്നതല്ലാതെ അപകടങ്ങൾ കുറയ്ക്കാനുള്ള ശക്തമായ നടപടികൾ ഇനിയും സ്വീകരിച്ചിട്ടില്ല.

അപകടങ്ങൾ സ്ഥിരമായ സ്ഥലങ്ങളിൽ സിഗ്നൽ ലൈറ്റ്, സൂചനാ ബോർഡ് എന്നിവ സ്ഥാപിക്കണമെന്ന ആവശ്യവുമുണ്ട്. മുമ്പ് വർഷത്തിൽ ഒരിക്കൽ ഗതാഗതം സംബന്ധിച്ച് ബോധവത്കരണ പരിപാടികൾ നടത്തിയിരുന്നു. നിയമബോധവത്കരണം കുറയുന്നതും പരിശോധന ഇല്ലാത്തതും അപകടങ്ങൾ വർധിക്കാൻ കാരണമായിട്ടുണ്ട്. ദേശീയപാതയിൽ തെരുവുവിളക്കുകൾ പ്രകാശിക്കാത്തതും സിഗ്നൽ സംവിധാനം ഇല്ലാത്തതും അപകടങ്ങൾ വർധിപ്പിക്കുന്നു