ഭര്‍ത്താവ് വിലക്കിയശേഷവും അന്യപുരുഷനുമായി ഭാര്യ ഫോണില്‍ സംസാരിക്കുന്നത് ദാമ്പത്യജീവിതത്തിലെ ക്രൂരത, വിവാഹമോചന കേസിൽ ഹൈക്കോടതി

കൊച്ചി: ഭര്‍ത്താവിന്റെ എതിര്‍പ്പു വകവയ്ക്കാതെ മറ്റൊരാളോട്  നിരന്തരം ഫോണിൽ സംസാരിക്കുന്നതു വിവാഹ ബന്ധത്തിലെ ക്രൂരതയായി കാണാമെന്നു ഹൈക്കോടതി.വിവാഹ ബന്ധത്തിലെ ക്രൂരതയെന്നാല്‍ ശാരീരിക പീഡനം തന്നെയാവണമെന്നില്ലെന്ന്, വിവാഹമോചന ഹര്‍ജി തള്ളിയ കുടുംബ കോടതി വിധിയെ ചോദ്യം ചെയ്തുള്ള അപ്പീല്‍ അനുവദിച്ചുകൊണ്ടു ഹൈക്കോടതി വ്യക്തമാക്കി.

വിവാഹം കഴിഞ്ഞതു മുതല്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ നിരന്തരം വഴക്കില്‍ ആയിരുന്നെന്ന് കോടതി ചൂണ്ടിക്കാട്ടി. പന്ത്രണ്ടു വര്‍ഷം ആയിട്ടും അവര്‍ക്കു പ്രശ്‌നങ്ങള്‍ പരിഹരിക്കാനായില്ലെന്നു കോടതി പറഞ്ഞു.

2012 മുതല്‍ വേര്‍പിരിഞ്ഞു ജീവിക്കുകയാണെന്ന് ഭര്‍ത്താവ് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. ഇതു പരിഗണിക്കേണ്ടതാണെന്ന്, മുവാറ്റുപുഴ കുടുംബ കോടതി വിധി റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

വിവാഹത്തിനു മുൻപ് ഭാര്യയ്ക്ക് സഹപ്രവര്‍ത്തകനുമായി ബന്ധമുണ്ടായിരുന്നെന്നും വിവാഹത്തിനു ശേഷവും അതു തുടരുകയാണെന്നും ഭര്‍ത്താവ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഇരുവരും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണങ്ങളുടെ രേഖകള്‍ ഭര്‍ത്താവ് കോടതിയില്‍ ഹാജരാക്കി. എല്ലാ ദിവസവും ഭാര്യ സുഹൃത്തുമായി സംസാരിച്ചിട്ടുണ്ട്. പല ദിവസവും പലവട്ടം സംസാരിച്ചിട്ടുണ്ട്. ചിലത് അസമയത്താണ്. താന്‍ എതിര്‍ത്തിട്ടും അതു വകവയ്ക്കാതെ ഭാര്യ ടെലിഫോണ്‍ സംസാരം തുടരുകയായിരുന്നെന്നും ഭര്‍ത്താവ് പറഞ്ഞു.

മറ്റൊരാളുമായി ടെലിഫോണില്‍ സംസാരിച്ചു എന്നതു കൊണ്ടുമാത്രം അത് അവിഹിത ബന്ധമായി കാണാനാവില്ലെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടു. എന്നാല്‍ നിരന്തരമായ ഈ വിളികള്‍ തന്റെ വിവാഹ ബന്ധം സുരക്ഷിതമല്ലെന്ന ധാരണ പങ്കാളിയില്‍ ഉണ്ടാക്കാന്‍ ഇടവരുത്തും. ഇത് മാസികമായ പിഡനമാണ്. വിവാഹ ബന്ധത്തിലെ ക്രൂരത ശാരീരികമായ ഉപദ്രവം തന്നെയാവണമെന്നില്ലെന്ന് കോടതി വിലയിരുത്തി.

വിവാഹമോചനം ആവശ്യപ്പെട്ടെത്തിയ ദമ്പതികൾക്ക് അനുകൂല വിധി പറഞ്ഞ ശേഷമായിരുന്നു കോടതി അസാധാരണ പരാമര്‍ശം നടത്തിയത്.