*നടയറയിൽ റോഡുപണിക്കിടെ പൈപ്പ് പൊട്ടി തെങ്ങിനേക്കാൾ ഉയരത്തിൽ വെള്ളം ചീറ്റി*

വർക്കല: റോഡ് നവീകരണ ജോലിക്കിടെ നടയറയിൽ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി. പൊട്ടിയ പൈപ്പിൽനിന്നും വെള്ളം ചീറ്റി തെങ്ങിനേക്കാൾ ഉയരത്തിലെത്തി. വാട്ടർ തീം പാർക്കിനെയും വെള്ളച്ചാട്ടത്തെയും ഓർമിപ്പിക്കും വിധമാണ് റോഡിൽ ഏറെനേരം വെള്ളം ഉയർന്നുപൊങ്ങിയത്. വെള്ളിയാഴ്ച വൈകീട്ട് 4.30-ഓടെ നടയറ-അയിരൂർ റോഡിൽ പൂവങ്കൽ ജങ്ഷനു സമീപമാണ് പൈപ്പ് പൊട്ടിയത്.

വർക്കല-പാരിപ്പള്ളി റോഡ് നവീകരണത്തിന്റെ ഭാഗമായി നടയറ റോഡ് അടച്ചിട്ട് പണി നടന്നുവരുകയാണ്.
മണ്ണുമാന്തിയന്ത്രമുപയോഗിച്ച് ജോലി ചെയ്യുന്നതിനിടെയാണ് പൈപ്പ് പൊട്ടി വലിയ ശബ്ദത്തോടെ വെള്ളം ചീറ്റിയത്. സമീപത്തെ വലിയ തെങ്ങിനേക്കാൾ ഉയരത്തിൽ വെള്ളമെത്തി. 11 കെ.വി. വൈദ്യുത ലൈൻ കടന്നുപോകുന്ന ഭാഗത്താണ് ലൈനിനു മുകളിലേക്കു വെള്ളം ചീറ്റിയത്.

ഇറക്കമുള്ള ഭാഗമായതിനാൽ നല്ല ശക്തിയിലാണ് പൈപ്പിലൂടെ വെള്ളമെത്തിയത്. അതിനാലാണ് ഇത്രയും ഉയർന്നുപൊങ്ങിയത്. അരമണിക്കൂറോളം ഈ അവസ്ഥ തുടരുകയും വെള്ളം പാഴാകുകയും ചെയ്തു. വിവരമറിഞ്ഞ് ജല അതോറിറ്റി ഉദ്യോഗസ്ഥർ പൈപ്പിലൂടെയുള്ള ജലവിതരണം നിർത്തിവയ്പിച്ചു. റോഡരികിലെ വെള്ളച്ചാട്ടം കാണാനായി നാട്ടുകാരും കൂട്ടമായി എത്തി. അവർ ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി നാട്ടിൽ വൈറലാക്കി.