അഞ്ചുതെങ്ങ്: തൊഴിലുറപ്പ് മേഖലയിൽ പണിയെടുക്കുന്ന പട്ടിക ജാതി വിഭാഗത്തിൽപെട്ട തൊഴിലാളികൾക്ക് കൂലി കുടിശ്ശിക അടിയന്തരമായി അനുവദിക്കണമെന്ന് ആവശ്യപെട്ട് എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ തൊഴിലാളികൾ അഞ്ചുതെങ്ങ് നെടുംങ്ങണ്ടയിൽ മൂന്ന് കേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പ്രതിഷേധിച്ചു.
തൊഴിലുറപ്പ് മേഖലയിലെ പട്ടികജാതിക്കാരായ തൊഴിലാളികൾക്ക് കൂലി ലഭിച്ചിട്ട് രണ്ടു മാസം ആയി. അടുത്തകാലത്താണ് കേന്ദ്രസർക്കാർ തൊഴിലുറപ്പ് മേഖലയിലെ തൊഴിലാളികളുടെ വേതന വിതരണം പട്ടികവർഗ്ഗം,പട്ടികജാതി, ജനറൽ എന്നിങ്ങനെ മൂന്നായി തിരിച്ചത്. ഇത് അന്നുതന്നെ തൊഴിലാളികളുടെ ശക്തമായ എതിർപ്പിനു കാരണമായിരുന്നു. പട്ടികജാതി വിഭാഗത്തിൽ പെട്ടവർക്ക് നേരത്തെ കൂലി കൊടുക്കുന്നതിനാണ് ഈ സമ്പ്രദായം ഏർപ്പെടുത്തിയത് എന്നാണ് കേന്ദ്ര സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ ജനറൽ വിഭാഗത്തിൽ പെട്ടവർക്ക് കൂലി ലഭിച്ചാലും പട്ടികജാതി വിഭാഗത്തിൽ പെടുന്നവർക്ക് കൂലി കിട്ടാത്ത അവസ്ഥയാണുള്ളത്. ചിറയിൻകീഴ് ബ്ലോക്കിന് കീഴിൽ 2,0 4,0 9,2 11 രൂപ ഈ വിഭാഗത്തിന് കുടിശികയാണ്.
അഞ്ചുതെങ്ങ് 4, 95,892
ചിറയിൻകീഴ് 45,0 6,8 55
കടയ്ക്കാവൂർ 39,13, 120
കിഴുവിലം 5 1,1 0,7 76
മുദാക്കൽ 48, 71, 784
വക്കം 15, 10, 784 എന്നിങ്ങനെയാണ് ചെറിയ ബ്ലോക്കിന് കീഴിലുള്ള പഞ്ചായത്തുകളിലെ എസ് സി വിഭാഗത്തിനായി ലഭിക്കേണ്ട തുക. നിരവധി പ്രാവശ്യം ആവശ്യപ്പെട്ടിട്ടും കേന്ദ്രസർക്കാർ ഈ തുക അനുവദിക്കാൻ തയ്യാറായിട്ടില്ല.
തൊഴിലുറപ്പ് മേഖലയിൽ പണിയെടുക്കുന്ന പട്ടികജാതി വിഭാഗക്കാരായ തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളി വിടുന്ന കേന്ദ്ര സർക്കാർ തീരുമാനം തിരുത്തണമെന്നും, അടിയന്തരമായി കൂലിക്കുടിശ്ശിക അനുവദിക്കണമെന്നും ആവശ്യപ്പെട്ട് എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ നെടുംങ്ങണ്ട യൂണിറ്റ് കമ്മിറ്റി യുടെ നേതൃത്വത്തിൽ സൊസൈറ്റി, പ്ലാന്തോട്ടം, വലിയകുഴി എന്നിവിടങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു. കയർ സൊസൈറ്റിക്ക് സമീപം നടന്ന സമരം എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ഏരിയ സെക്രട്ടറി എസ്. പ്രവീൺ ചന്ദ്ര, പ്ലാന്തോട്ടത്ത് നടന്ന സമരം സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ. ജെറാൾഡ്, വലിയ കുഴിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിജാ ബോസ് എന്നിവർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ട്രഷറർ വിജയ് വിമൽ, നിഷ, മഞ്ജു,സുമംഗല എന്നിവർ സംസാരിച്ചു