ആറ്റിങ്ങൽ രാമച്ചംവിള അറപ്പുര വീട്ടിൽ പി കെ സുകുമാരൻനായർ അന്തരിച്ചു. 95 വയസ്സായിരുന്നു. വാർദ്ധക്യസംബന്ധമായ അസുഖത്തെത്തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി തിരുവനന്തപുരം കോസ്മോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം നാളെ (7-2-22 ) പകൽ 12.30 ന് മകളുടെ വസതിയായ രാമച്ചംവിള ശ്രീഭവനിൽ നടക്കും. ഭാര്യ പരേതയായ ദേവകിഅമ്മ . മക്കൾ : ഗീതാഭായി , വേണുഗോപാൽ , രാജഗോപാൽ , ഉമാറാണി . മരുമക്കൾ : സുന്ദരേശൻനായർ ,ശ്രീദേവിഅമ്മ , ജയലക്ഷ്മി , ഗോപകുമാർ . ------ റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകനും നേതാവുമായിരുന്ന സുകുമാരൻനായർ ചിറയിൻകീഴ് താലൂക്കിൽ ആർ എസ് പി കെട്ടിപ്പടുക്കുന്നതിൽ മുന്നിൽനിന്നും പ്രവർത്തിച്ചവരിൽ പ്രമുഖനാണ്. നന്നേ ചെറുപ്പത്തിൽ തന്നെ ആർ എസ് പി യുമായും സമുന്നത നേതാക്കളുമായും അദ്ദേഹം അടുപ്പത്തിലായി. എൻ ശ്രീകണ്ഠൻനായർ , റ്റി കെ ദിവാകരൻ , കെ പങ്കജാക്ഷൻ , റ്റി ജെ ചന്ദ്രചൂഢൻ എന്നിവരുമായി യുവാവായിരുന്നപ്പോൾ തന്നെ സുകുമാരൻനായർ അടുപ്പത്തിലായി. കെ പങ്കജാക്ഷനുമായി സുകുമാരൻനായർക്കുള്ള അടുപ്പവും സ്വാതന്ത്ര്യവും അഭേദ്യമായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം പാർട്ടിക്കകത്തും പുറത്തും ചർച്ചകളിലൊന്നായിരുന്നു.. സ്വന്തം പ്രസ്ഥാനത്തിന്റെ വളർച്ചയിലായിരുന്നു സുകുമാരൻനായരുടെ എക്കാലത്തേയും ചിന്തയും പ്രവർത്തനവും . ആറ്റിങ്ങൽ മേഖലയിലെ ആർ എസ് പി യുടെ മുഖമായിരുന്നു ഒരുകാലത്ത് പി കെ സുകുമാരൻനായർ. പൊതുമരാമത്ത് വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നപ്പോൾ തന്നെ അദ്ദേഹം ആർ എസ് പി യുടെ നേതാവും തേരാളിയുമായിരുന്നു. സർവീസിലിരിക്കുമ്പോൾ RSP നേതൃത്വത്തിലുളള PWD സംഘടനയുടെ സംസ്ഥാന ഭാരവാഹിയായിരുന്നു. 1982 ൽ സർവ്വീസിൽ നിന്നും വിരമിച്ചശേഷം സജീവ പാർട്ടി പ്രവർത്തനമേറ്റെടുത്തു. ആർ എസ് പി ആറ്റിങ്ങൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും , മണ്ഡലം സെക്രട്ടറിയായും ഏറെക്കാലം പ്രവർത്തിച്ചു. യു റ്റി യു സി സംസ്ഥാന കമ്മിറ്റി അംഗമായും , തിരുവിതാംകൂർ ദേവസ്വം ബോർഡ് എംപ്ലോയിസ് യൂണിയൻ ഭാരവാഹിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. പ്രായാധിക്യത്തെത്തുടർന്ന് മണ്ഡലം സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിന് ശേഷവും രാഷ്ട്രീയ പ്രവർത്തനത്തിൽ സുകുമാരൻനായർ സജീവമായിരുന്നു.