കോട്ടയം:പാമ്പിനെ പിടിക്കാൻ പണിപ്പെടേണ്ട. പകരം മൊബൈൽ ഫോണിൽ ഒരു ആപ്പ് ഡൗൺലോഡ് ചെയ്താൽമതി. സർപ്പ (SARPA) എന്ന ആപ്പിലൂടെ നിങ്ങൾക്ക് കേരള വനംവകുപ്പിന്റെ പരിശീലനം നേടിയ സന്നദ്ധപ്രവർത്തകരുടെ സേവനം കിട്ടും. സംസ്ഥാനത്ത് മൊത്തം 928 പേരാണ് റസ്ക്യൂവർ എന്ന നിലയിൽ പ്രവർത്തിക്കുന്നത്.
*സർപ്പ*
sarpa എന്നാൽ സ്നേക്ക് അവേയർനസ് റസ്ക്യു ആൻഡ് പ്രൊട്ടക്‌ഷൻ ആപ്പ്. ജി.പി.എസ്. സൗകര്യമാണ് പ്രയോജനപ്പെടുത്തുന്നത്. പാമ്പിനെ കണ്ടെത്തിയ സ്ഥലം, ചിത്രമുണ്ടെങ്കിൽ അത് എന്നിവ സഹിതം അറിയിപ്പ് നൽകാം. സന്ദേശം ലഭിക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷൻ പരിശോധിച്ചാണ് റസ്ക്യൂവർ വരുക.
പാമ്പ് വിഷത്തിനുള്ള മറുവിഷം ലഭ്യമായ ആശുപത്രികളുടെ പട്ടികയും സർപ്പ് ആപ്പിലുണ്ട്. ഫോൺ നമ്പറുമുണ്ട്.
*പാമ്പിനും സംരക്ഷണം*
2021 ജനുവരി ഒന്നുമുതൽ സർപ്പ പ്രവർത്തിച്ച് തുടങ്ങിയ ശേഷം ഏതാണ്ട് 6800 പാമ്പുകളെ പിടികൂടി വനത്തിലേക്ക് വിട്ടിട്ടുണ്ടെന്ന് രക്ഷാദൗത്യത്തിന്റെ നോഡൽ ഒാഫീസർ വൈ. മുഹമ്മദ് അൻവർ അറിയിച്ചു.
*സ്മാർട്ട് മൊബൈൽ ഇല്ലാത്തവർ*
സ്മാർട്ട് ഫോൺ ഇല്ലെങ്കിൽ വിഷമിക്കേണ്ട. വനംവകുപ്പിന്റെ ടോൾഫ്രീ നമ്പറിലും പരാതി പറയാം. 18004254733.