*വ്യാജരേഖ ചമച്ച് ദമ്പതികളെ കബളിപ്പിച്ച് 9 ലക്ഷം തട്ടിയെടുത്ത പ്രതികൾ പിടിയിൽ*

തിരുവനന്തപുരം:വ്യാജരേഖ ചമച്ച് വസ്‌തു വിൽക്കാനുണ്ടെന്നു പറഞ്ഞ് പൂജപ്പുരയിലെ ദമ്പതികളെ കബളിപ്പിച്ച് 9 ലക്ഷം തട്ടിയെടുത്ത പ്രതികൾ പിടിയിലായി.തൃശൂർ സ്വദേശി മുഹമ്മദ് ഷരീഫ് (55),നീതു (28) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. 2021ലാണ്‌ കേസിനാസ്‌പദമായ തട്ടിപ്പ് നടന്നത്.ഉടമ അറിയാതെ ഒരു വസ്‌തു കാണിച്ച്,അത് തങ്ങളുടേതാണെന്നു പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. സെന്റിന് 5 ലക്ഷം രൂപ വിലയ്‌ക്ക് അഞ്ചര സെന്റ് വസ്തു വിൽക്കാമെന്ന് വ്യാജ വസ്തു വിൽപ്പന കരാറുണ്ടാക്കിയാണ് 9 ലക്ഷം തട്ടിയെടുത്തത്. ആറ്റിപ്ര വില്ലേജിൽ അലത്തറഗ്ലോറിയ ഹൗസിൽ പൗളിൻ ബർണാഡ് എന്ന വയോധികയുടെ അഞ്ചര സെന്റ് വസ്തു കാണിച്ചാണ് പൂജപ്പുര സ്വദേശി വിനയകൃഷ്ണന്റെയും ഭാര്യയുടെയും കൈയിൽ നിന്ന് ഇപ്രകാരം പണം തട്ടിയെടുത്തത്. പ്രതികൾ വസ്തുവിന്റെ യഥാർത്ഥ ഉടമകൾ അല്ലെന്നും വസ്തു വിൽപ്പന കരാർ വ്യാജമാണന്നും മനസിലാക്കിയതോടെയാണ് വിനയകൃഷ്‌ണൻ പരാതിയുമായി പൂജപ്പുര പൊലീസിനെ സമീപിച്ചത്.തുടർന്ന് കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.തട്ടിപ്പിന്‌ശേഷം തൃശൂരിൽ വാടക ഫ്ളാറ്റിൽ ഒളിവിൽ കഴിഞ്ഞുവരവേയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പിടിയിലായത്.തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജൻകുമാറിന്റെ നിർദ്ദേശ പ്രകാരം തിരുവനന്തപുരം സിറ്റി സി ബ്രാഞ്ച്‌ പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ ബി.അനിൽകുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.വിവിധ പൊലീസ് സ്റ്റേഷനുകളിൽ മുമ്പും ഇത്തരം തട്ടിപ്പുകേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്.സമാന രീതിയിൽ പ്രതികൾ കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്നും,തട്ടിപ്പു സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് വിശദമായ അന്വേഷണം നടത്തുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ സ്‌പർജൻ കുമാർ അറിയിച്ചു