*ശാർക്കര പൊങ്കാല ഇന്ന്: ഭക്തർക്ക് വീടുകളിൽ അർപ്പിക്കാം**അടുപ്പ് കത്തിക്കൽ രാവിലെ 9-നും 9.30-നും മധ്യേ**നിവേദിക്കൽ 11.30 കഴിഞ്ഞ്*

ചിറയിൻകീഴ്: ശാർക്കര ക്ഷേത്രത്തിലെ കാളിയൂട്ട് ചടങ്ങുകൾക്ക് മുന്നോടിയായുള്ള പൊങ്കാല സമർപ്പണം ഞായറാഴ്ച നടക്കും. വടക്കേനടയിൽ ക്ഷേത്ര സേവാപ്പന്തലിന് സമീപം പ്രത്യേകമൊരുക്കുന്ന പണ്ടാരയടുപ്പിൽ രാവിലെ 9-നും 9.30-നും മധ്യേയുള്ള ശുഭമുഹൂർത്തത്തിൽ മേൽശാന്തി ചിറയ്ക്കര നന്ദനമഠത്തിൽ പ്രേംകുമാർ പോറ്റി അഗ്നിപകരും.

തുടർന്ന് ക്ഷേത്രത്തിലെ പ്രത്യേക കളാഭാഭിഷേക ചടങ്ങുകൾക്കുശേഷം 11.30 കഴിഞ്ഞാകും നിവേദിക്കൽ ചടങ്ങുകൾ ആരംഭിക്കുന്നത്. കോവിഡ് നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ ഭക്തർക്ക് ക്ഷേത്രപരിസരത്ത് ഇക്കുറിയും പൊങ്കാല സമർപ്പണത്തിന് അനുമതി നൽകിയിട്ടില്ല. എന്നാൽ, ഭക്തർ ഈ സമയം അവരവരുടെ വീടുകളിൽ പൊങ്കാല സമർപ്പിക്കണമെന്ന് ക്ഷേത്രം അധികൃതർ ആവശ്യപ്പെടുന്നു.

ക്ഷേത്രത്തിൽ നടക്കുന്ന പൂജാകർമങ്ങളിൽ പങ്കെടുക്കുന്നതിന് കോവിഡ് മാനദണ്ഡമനുസരിച്ച് ഭക്തർക്ക് പ്രവേശനം അനുവദിക്കും. പൊങ്കാല ചടങ്ങുകൾ ക്ഷേത്രത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ തത്സമയം ലഭ്യമാണ്.