*77–ാം വയസ്സിലെ കാത്തിരിപ്പ് സഫലം; പതിമൂന്ന് വർഷത്തിനു ശേഷം രാജൻ മടങ്ങിയെത്തി: അമ്മയ്ക്ക് ആനന്ദക്കണ്ണീർ*

1- രാജൻ അമ്മ ജട്റൂഡിന്റെയും മൂത്ത സഹോദരി ഫിലോമിനയുടെയും മധ്യത്തിൽ. ഇളയ സഹോദരി റോസ് , ഭർത്താവ് വില്യം എന്നിവരാണ് പിന്നിൽ. 2- രാജൻ മിരാൻഡയെപ്പറ്റി മലയാള മനോരമയിൽ മുൻപു വന്ന വാർത്ത

കഴക്കൂട്ടം∙  നാടു വിട്ടു പോയ മകൻ 13 വർഷത്തിനു ശേഷം അൻപതാം വയസ്സിൽ തിരികെ അമ്മയുടെയും സഹോദരങ്ങളുടെയും അടുത്ത് മടങ്ങിയെത്തി. 77–ാം വയസ്സിലും മകനു വേണ്ടി പ്രതീക്ഷ കൈവിടാതെ  കാത്തിരുന്ന  കഴക്കൂട്ടം മേനംകുളം ഷാലോൺ ഹൗസിൽ ജെട്റൂഡ് മിരാൻഡക്കും മകൻ രാജൻ മിരാൻ‍ഡയ്ക്കും പുനസ്സമാഗമത്തിന്റെ സന്തോഷക്കണ്ണീർ. കെഎസ്ആർടിസിയിൽ താൽക്കാലിക ജീവനക്കാരനായിരുന്നു രാജൻ. 2009 ഓഗസ്റ്റ് 17 നാണ് കാണാതായത്.

മനസ്സിന് അസ്വസ്ഥത തോന്നുമ്പോൾ മുൻപും വീടു വിട്ട് യാത്ര പോവുകയും ആഴ്ചകൾ കഴിഞ്ഞ് മടങ്ങിയെത്തുകയും ചെയ്യുന്ന രാജൻ അത്തവണയും തിരികെ എത്തുമെന്നായിരുന്നു അമ്മയും സഹോദരങ്ങളായ ഫിലോമിന, ജാസ്മിൻ, റോസ്, നെൽസൺ  എന്നിവരും കരുതിയത്. കാത്തിരിപ്പ് നീണ്ടുപോയതോടെ  കഴക്കൂട്ടം പൊലീസിൽ പരാതിയുമായി അമ്മയും മൂത്തമകൾ ഫിലോമിന ജോയിയും എത്തി.  ‘സ്വത്ത് തട്ടി എടുക്കാനായി രാജനെ നിങ്ങൾ കൊന്നു കുഴിച്ചു മൂടിയില്ലേ’ എന്നായിരുന്നു ഒരു പൊലീസുകാരന്റെ ഞെട്ടിക്കുന്ന ചോദ്യം. ‘ഞങ്ങൾ എവിടെ പോയി കണ്ടു പിടിക്കാൻ’ എന്നു പറഞ്ഞ് കേസും എടുത്തില്ല. പിന്നീട് നാട്ടിലെ  കൂട്ടായ്മകളുടെ  ആവർത്തിച്ചുള്ള ഇടപെടലിനെ തുടർന്ന് കേസ് എടുത്തത് 2019 ൽ മാത്രം.

ഇതിനിടെ വർഷങ്ങളായി കാണാമറയത്തുള്ള രാജന്റെ വാർത്ത മലയാള മനോരമ പ്രസിദ്ധീകരിച്ചു. പക്ഷേ രാജൻ ഇരുട്ടിൽ തന്നെ തുടർന്നു. ഭർത്താവ് ആർബി മീരാ‍ൻഡയുടെ അകാല വേർപാടിനെത്തുടർന്ന്  ജീവിതം പോരാട്ടമായെടുത്ത് മക്കളെ വളർത്തിയതും പഠിപ്പിച്ചതും എല്ലാം ജട്റൂഡ് ആയിരുന്നു. വാർധക്യത്തിലേക്കെത്തിയ അവർ ‘ഓർമ നഷ്ടമാകുന്നതിനു മുൻപ് രാജനെ കാണണം ’ എന്ന ആഗ്രഹം മാത്രം ബാക്കിയുണ്ടെന്ന് ആവർത്തിച്ചു പറയുമായിരുന്നു. മുഷിഞ്ഞ വസ്ത്രങ്ങളും നീണ്ടുവളർന്ന താടിയുമായി ഇന്നലെ രാവിലെയാണ് രാജൻ കഴക്കൂട്ടത്ത് എത്തുന്നത്. മുംബൈയിൽ നിന്നാണ് വന്നതെന്നു കരുതുന്നു.  സംസാരത്തിൽ അവ്യക്തതയുണ്ട്.

മുംബൈയിലേക്ക് പോകണം എന്ന് പറയുന്നുമുണ്ട്. പഴയ വീട് ലക്ഷ്യം വച്ച് നടന്നെങ്കിലും മുൻപു കാണാത്ത മേൽപാലവും എലിവേറ്റഡ് ഹൈവേയും കണ്ട് അമ്പരന്നു. മേനംകുളം ലക്ഷ്യമാക്കി നടന്ന രാജൻ തുമ്പ പാർവതി പുത്തനാറിനു സമീപം സംശയാലുവായി നിൽക്കുന്നതു കണ്ട് നാട്ടുകാരായ ഓട്ടോ ഡ്രൈവർമാർ സംശയം തോന്നി ഫിലോമിനയെ വിവരം അറിയിച്ചു. തുടർന്ന് വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയി. അമ്മമാരും സഹോദരിമാരുമായി വീണ്ടും ഒരു സമാഗമം. സ്നേഹാശ്ളേഷവും ചുംബനങ്ങളും. ശാരീരിക, മാനസിക അസ്വസ്ഥതകൾക്കു ചികിത്സ നൽകി രാജന്റെ ആരോഗ്യം വീണ്ടെടുക്കലാണ് കുടുംബത്തിന്റെ അടുത്ത ലക്ഷ്യം. രാജനെ കണ്ടെത്തുവാൻ പരിശ്രമിച്ച മേനംകുളത്തെ സാമൂഹിക പ്രവർത്തകനായ ഇഗ്നേഷ്യസ് ലൂയിസിന്റെ സഹായവും കുടുംബം സ്മരിക്കുന്നു