മന്ത്രിയുടെ കാറിടിച്ച് അദ്ധ്യാപകൻ മരിച്ചു,75 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി

ആലപ്പുഴ:മന്ത്രിയായിരിക്കെ ഡോ എം കെ മുനീര്‍ യാത്ര ചെയ്ത സ്വകാര്യവാഹനം ഇടിച്ച്‌ അധ്യാപകന്‍ മരിച്ച സംഭവത്തില്‍ അവകാശികള്‍ക്ക് 75 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി.ചങ്ങനാശേരി എന്‍എസ്‌എസ് കോളജിലെ മലയാളം പ്രഫസര്‍ ശശികുമാര്‍ മരിച്ച അപകടത്തിലാണ് മാവേലിക്കര എംഎസിടി കോടതി വിധി.

2015 മേയ് 18ന് രാത്രി 11നാണ് അപകടമുണ്ടായത്. പുതുപ്പള്ളി ഗോവിന്ദമുട്ടത്തെ വീട്ടിലേക്കു പോകുകയായിരുന്നു ശശികുമാര്‍. കായംകുളം കമലാലയം ജംക്‌ഷനില്‍ സ്കൂട്ടറില്‍ ദേശീയപാത റോഡിന്റെ കുറുകെ കടക്കുമ്ബോഴാണ് തിരുവനന്തപുരത്തു നിന്നു കോഴിക്കോട്ടേക്ക് പോകുകയായിരുന്ന മന്ത്രിയുടെ വാഹനം ഇടിച്ചത്.

‌ഇന്‍ഷുറന്‍സ് കമ്പനി മരിച്ച പ്രഫസറുടെ അവകാശികള്‍ക്കു നല്‍കുന്ന വിധിത്തുക വാഹന ഉടമയില്‍ നിന്ന് ഈടാക്കുന്നതിനു കോടതി അനുവദിച്ചിട്ടുണ്ട്. സ്വകാര്യവാഹനം മന്ത്രിയുടെ യാത്രയ്ക്കായി കേരള സ്റ്റേറ്റ് ബോര്‍ഡ് വച്ചും ചുവന്ന ബീക്കണ്‍ ലൈറ്റും സ്ഥാപിച്ചും ഉപയോഗിച്ചത് മറച്ചുവച്ച്‌ ഇന്‍ഷുറന്‍സ് കരാര്‍ ലംഘിച്ചു എന്ന എച്ച്‌ഡിഎഫ്സി ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ തര്‍ക്കം കോടതി അംഗീകരിച്ചതുകൊണ്ടാണ് തുക ഉടമയില്‍ നിന്ന് ഈടാക്കാന്‍ അനുവാദം നല്‍കിയത്. അതേസമയം കേരള സര്‍ക്കാര്‍ വിധിത്തുക നല്‍കണമെന്ന ഇന്‍ഷുറന്‍സ് കമ്പനിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.