*പതിമൂന്നുകാരനെ പീഡിപ്പിച്ചു; മാനസികാരോഗ്യ വിദഗ്ധന് 6 വർഷം കഠിനതടവും പിഴയും*

തിരുവനന്തപുരം ∙പതിമൂന്നുകാരനെ പീഡിപ്പിച്ച കേസിൽ തലസ്ഥാന ജില്ലയിലെ മാനസികാരോഗ്യ വിദഗ്ധൻ ഡോ.ഗിരീഷിന് (58) ആറ് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ 6 മാസം കൂടുതൽ തടവും അനുഭവിക്കണമെന്നു അതിവേഗ സ്പെഷൽ കോടതി ജഡ്ജി ആർ. ജയകൃഷ്ണൻ ഉത്തരവിട്ടു. പിഴത്തുക കുട്ടിക്കു നൽകണം. കുട്ടിയുടെ വിദ്യാഭ്യാസച്ചെലവിനും മറ്റുമുള്ള തുക ഇരകൾക്കുള്ള നഷ്ടപരിഹാര ഫണ്ടിൽ നിന്നു സർക്കാർ ലഭ്യമാക്കാനും ഉത്തരവിട്ടു.

2017 ഓഗസ്റ്റ് 14 നു രാത്രി ഏഴരയോടെ പ്രതിയുടെ മണക്കാടുള്ള വീട്ടിലെ തണൽ എന്ന സ്വകാര്യ ക്ലിനിക്കിലായിരുന്നു സംഭവം. കുട്ടിക്കു പഠനത്തിൽ ശ്രദ്ധക്കുറവുണ്ടെന്ന് അധ്യാപകർ അഭിപ്രായപ്പെട്ടിരുന്നു.  ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ കാണിക്കണമെന്നും സ്കൂളിൽ പലതവണ മനശാസ്ത്ര ക്ലാസ് എടുത്തിട്ടുള്ള ഡോക്ടറുടെ സഹായം തേടാമെന്നും സ്കൂൾ അധികൃതർ രക്ഷിതാക്കളോടു പറഞ്ഞു. കുട്ടിയെ ഒറ്റയ്ക്കാണ് ഡോക്ടർ മുറിക്കുള്ളിൽ ചികിത്സയ്ക്കായി വിളിച്ചത്. തുടർന്ന് പ്രതി അശ്ലീലച്ചുവയോടെ സംസാരിക്കുകയും കുട്ടിയുടെ സ്വകാര്യ ഭാഗത്തു സ്പർശിക്കുകയും ചെയ്തെന്നാണു കേസ്.

തുടർന്ന് ആരോടും പറയരുതെന്നു ഭീഷണിപ്പെടുത്തി. വീട്ടിലേക്കു മടങ്ങവേ കുട്ടി ഭയന്നിരിക്കുന്നതു കണ്ടു വീട്ടുകാർ ചോദിച്ചപ്പോഴാണു പീഡന വിവരം അറിയുന്നത്. വീട്ടുകാർ ഉടൻ ചൈൽഡ് ലൈനിൽ പരാതിപ്പെട്ടു. തുടർന്നു ഫോർട്ട് പൊലീസിൽ വിവരമറിയിച്ചു. സംഭവത്തിനു ശേഷം കുട്ടിയുടെ മനോനില തകർന്നിരുന്നു. ചികിത്സയ്ക്ക് എത്തിയ മറ്റൊരു ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഗിരീഷിനെതിരെ അടുത്ത മാസം വിചാരണ തുടങ്ങും. പ്രതി വിവാഹിതയായ സ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണം മുൻപ്  ഒത്തുതീർപ്പാക്കുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എസ്.വിജയമോഹൻ ഹാജരായി. 15 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 17 രേഖകളും ഹാജരാക്കി.