പാലാ:തവണവ്യവസ്ഥയിൽ ഗൃഹോപകരണങ്ങളും ഫർണിച്ചറും നൽകാമെന്ന് വാഗ്ദാനം ചെയ്ത് മുൻകൂറായി പണം വാങ്ങി തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ. വയനാട് പേരിയ സ്വദേശി മുക്കത്ത് ബെന്നി (43) ആണ് പിടിയിലായത്. ആറുമാസത്തിനുള്ളിൽ പലയിടങ്ങളിൽനിന്നായി 15 ലക്ഷം രൂപ പ്രതി തട്ടിയെടുത്തെന്ന് പോലീസ് പറഞ്ഞു. തട്ടിപ്പിലൂടെ കിട്ടുന്ന തുക ചെരിപ്പുകൾ വാങ്ങിക്കൂട്ടാനും മദ്യപാനത്തിനും തിരുമ്മുചികിത്സയ്ക്കുമായി ചെലവഴിച്ചെന്നാണ് പോലീസിനോട് പറഞ്ഞത്. കോട്ടയത്ത് ഇയാൾ താമസിച്ചിരുന്ന ലോഡ്ജിൽനിന്ന് രസീത് കുറ്റികളും 400 ജോഡി ചെരിപ്പും പോലീസ് കണ്ടെടുത്തു.
ആറ് മാസമായി പാലാ പോലീസ് സ്റ്റേഷൻ പരിധിയിലെ സ്ഥലങ്ങളിൽനിന്ന് ഇയാൾ തവണ വ്യവസ്ഥയിൽ സാധനങ്ങൾ നൽകാമെന്നുപറഞ്ഞ് മുൻകൂർ തുക കൈപ്പറ്റിയിരുന്നു. പറഞ്ഞ സമയത്തിനുള്ളിൽ സാധനങ്ങൾ നൽകിയില്ല. പിന്നീട് വിളിച്ചവരോട് മോശമായി സംസാരിച്ചെന്നും പോലീസ് പറഞ്ഞു.
2000 രൂപവരെ മുൻകൂറായി വാങ്ങിയിരുന്നു. സ്ത്രീകൾ മാത്രമുള്ള വീടുകളിലാണ് കൂടുതലും തട്ടിപ്പ് നടത്തിയത്. സൈബർ സെല്ലിന്റെ നിരീക്ഷണത്തിലായിരുന്ന ഇയാളെ, വനിതാ പോലീസാണ് പാലായിലേക്ക് വിളിച്ചുവരുത്തിയത്. സമാനരീതിയിലുള്ള തട്ടിപ്പിന് ഇയാൾക്കെതിരേ വിവിധയിടങ്ങളിൽ കേസുണ്ട്. ആറുമാസം മുമ്പാണ് ജയിലിൽനിന്ന് ഇറങ്ങിയത്.
മുൻമന്ത്രി ശൈലജ ടീച്ചറിനെതിരേ അപകീർത്തികരമായ പോസ്റ്റിട്ടതിന് കണ്ണൂർ കേളകം പോലീസ് സ്റ്റേഷനിലും കൊച്ചിയിലെ വനിതാ ജഡ്ജിയോട് ഫോണിൽ അശ്ലീലം പറഞ്ഞതിനും കേസുണ്ട്. സ്റ്റേഷനിൽനിന്ന് വിളിക്കുന്ന പോലീസുകാരെ ചീത്തവിളിക്കുന്നതും പതിവായിരുന്നെന്ന് പോലീസ് പറഞ്ഞു.