സിഗരറ്റ് വാങ്ങിയ 35രൂപയുടെ പേരിൽ തർക്കം, മര്‍ദനമേറ്റ യുവാവ് മരിച്ചു, കടയുടമയും സഹോദരനും അറസ്റ്റില്‍

കൊച്ചി: മര്‍ദനമേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ കടയുടമയും സഹോദരനും അറസ്റ്റില്‍. എറണാകുളത്ത് വടക്കന്‍ പറവൂരിലാണ് സംഭവമുണ്ടായത്.വാണിയക്കാട് കണ്ടന്തറ സുതന്റെ മകന്‍ കെ എസ് മനോജിന്റെ (മനു -41) മരണത്തിലാണ് വാണിയക്കാട് പനച്ചിക്കല്‍ സാജു (48), സഹോദരന്‍ സജന്‍ (52) എന്നിവര്‍ അറസ്റ്റിലായത്. കടയില്‍ നല്‍കാനുള്ള പണത്തെസംബന്ധിച്ച തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്.

വാണിയക്കാട് വെയര്‍ഹൗസിങ് ഗോഡൗണിനുസമീപമാണ് സജന്‍ കട നടത്തുന്നത്. വൈകിട്ട് അഞ്ചിന് സി​ഗരറ്റ് വാങ്ങാനായി മനോജ് കടയിലെത്തി 50 രൂപ കൊടുത്തു. നേരത്തേ സിഗരറ്റ് വാങ്ങിയതിന്‌ മനോജ് 35 രൂപ നല്‍കാനുണ്ടെന്ന് സജന്‍ പറഞ്ഞു. അതിനിടെയാണ് സഹോദരന്‍ സാജു കടയിലെത്തിയത്. തര്‍ക്കത്തിനൊടുവില്‍ മനോജിനെ കടയില്‍നിന്ന്‌ വലിച്ചു പുറത്തിടുകയും ചവിട്ടുകയും ചെയ്തു. സംഭവത്തിന് ശേഷം ആശുപത്രിയില്‍ പോകാതെ മനോജ് വീട്ടിലേക്കാണ് പോയത്.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട്‌ ആശുപത്രിയില്‍ ചികിത്സ തേടി.ഞായറാഴ്ച ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട്‌ ആശുപത്രിയില്‍ ചികിത്സ തേടി. തിങ്കളാഴ്ച അസ്വസ്ഥത വര്‍ധിച്ചതോടെ എറണാകുളം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പോകുന്നവഴിയാണ്‌ മനോജ് വീട്ടുകാരോട് മര്‍ദനമേറ്റ കാര്യം പറഞ്ഞത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ മരിച്ചു. സംഭവം നടന്ന സ്ഥലത്ത്‌ വിരലടയാളവിദഗ്ധര്‍ എത്തി പരിശോധന നടത്തി. ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റതാകാം മരണകാരണം എന്നാണ്‌ പ്രാഥമികനിഗമനമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെകൂടി അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്തുക. അറസ്റ്റിലായ സജനേയും സാജുവിനേയും റിമാന്‍ഡ് ചെയ്തു.